ചൈനയുടെ പ്രത്യാഘാത താരിഫിനെ ഗൗരവത്തിലെടുക്കാതെ ട്രംപ്

ചൈനയുടെ പ്രത്യാഘാത താരിഫിനെ ഗൗരവത്തിലെടുക്കാതെ ട്രംപ്


വാഷിംഗ്ടണ്‍: ചൈനയുടെ പ്രതികാര താരിഫ് പ്രത്യാഘാതങ്ങളെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാണുന്നത് ഗൗരവത്തോടെയല്ല. യു എസിനേക്കാള്‍ വലിയ തിരിച്ചടിയാണ് ചൈനയ്ക്ക് ലഭിച്ചതെന്നാണ് ട്രംപിന്റെ വാദം. ചൈനയും മറ്റു പല രാജ്യങ്ങളും തങ്ങളോട് മോശമായാണ് പെരുമാറിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. 

തങ്ങള്‍ മണ്ടന്മാരും നിസ്സഹായരുമായി അടിവാങ്ങുന്നവരായിരുന്നുവെന്നും എന്നാല്‍ ഇനി അങ്ങനെയല്ലെന്നും ട്രംപ് എഴുതി. മുമ്പൊരിക്കലും ഇല്ലാത്ത വിധം തൊഴിലവസരങ്ങളും ബിസിനസുകളും തങ്ങള്‍ തിരികെ കൊണ്ടുവരുന്നുവെന്നും ഇതിനകം, അഞ്ച് ട്രില്യണ്‍ ഡോളറിലധികം നിക്ഷേപമാണ് അതിവേഗം ഉയര്‍ന്നത്. ഇത് സാമ്പത്തിക വിപ്ലവമാണെന്നും തങ്ങള്‍ വിജയിക്കുമെന്നും ട്രംപ് പറഞ്ഞു.

താരിഫുകളുടെ ആഘാതത്തെക്കുറിച്ച് അമേരിക്ക വിഷമിക്കേണ്ടതില്ല എന്ന തന്റെ മുന്‍ വാദത്തില്‍ നിന്ന് ട്രംപ് പിന്മാറുന്നതായി തോന്നി. താരിഫ് പ്രത്യാഘാതം മറികടക്കുന്നത് അത്ര എളുപ്പമായിരിക്കില്ലെങ്കിലും അന്തിമഫലം ചരിത്രപരമായിരിക്കുമെന്നും തങ്ങള്‍ അമേരിക്കയെ വീണ്ടും മികച്ചതാക്കുമെന്നും ട്രംപ് പറഞ്ഞു. 

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപകമായ വ്യാപാര നടപടികള്‍ക്ക് മറുപടിയായി ബീജിംഗ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് കുത്തനെയുള്ള പ്രതികാര തീരുവ പ്രഖ്യാപിച്ചിരുന്നു.

ഏപ്രില്‍ 10 മുതല്‍ അമേരിക്കയില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും ചൈന 34 ശതമാനം തീരുവയാണ് ചുമത്തുക. 

ട്രൂത്ത് സോഷ്യലില്‍ ചൈന സ്ഥിതിഗതികള്‍ തെറ്റായി വിലയിരുത്തുന്നുവെന്ന് ആരോപിച്ച് ട്രംപ് പ്രതികരിച്ചു.

ചൈന തെറ്റായാണ് കാര്യങ്ങള്‍ ചെയ്തതെന്നും  അവര്‍ പരിഭ്രാന്തരായതായും അദ്ദേഹം എഴുതി. പ്രതികാരം ചെയ്യാനുള്ള ബീജിംഗിന്റെ തീരുമാനത്തെ വിമര്‍ശിച്ചു.