കൊല്‍ക്കത്ത: അമേരിക്കയിലേക്കുള്ള ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടി ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇന്ത്യയ്ക്ക് 27 ശതമാനം തത്തുല്യ നികുതിയാണ് യു.എസ് ചുമത്തിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്കു മേലുള്ള നികുതി കുറവാണെങ്കിലും യു.എസിലേക്കുള്ള കയറ്റുമതിയെ ബാധിക്കുന്നതാണ് പ്രഖ്യാപനം.
ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും യു.എസില്‍ വില കൂടാനും അതുവഴി വില്പന കുറയാനും പുതിയ സാഹചര്യം വഴിയൊരുക്കും. എന്നാല്‍ ട്രംപിന്റെ നികുതി ചുമത്തല്‍ ചില ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത്. പ്രത്യേകിച്ച് വസ്ത്ര നിര്‍മാണ കയറ്റുമതി രംഗത്തുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ട്രംപിന്റെ താരിഫ് നയം വന്‍ലോട്ടറിയായി മാറിയിരിക്കുകയാണ്
ട്രംപിന്റെ താരിഫ് നയം മൂലമുണ്ടാകുന്ന ഉല്‍പ്പന്ന വില വര്‍ദ്ധനവ് ഭാഗികമായി ഉള്‍ക്കൊള്ളാന്‍ യുഎസ് വസ്ത്ര റീട്ടെയിലര്‍മാരും ബ്രാന്‍ഡുകളും ഇന്ത്യന്‍ വസ്ത്ര നിര്‍മ്മാതാക്കളെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ട്രംപ് ഇന്ത്യയെ 26% പരസ്പര താരിഫ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് കുത്തനെയുള്ള വിലവര്‍ദ്ധനവ് അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ യുഎസ് കമ്പനികള്‍ ശ്രമിക്കുന്നു. യുഎസിലേക്കുള്ള പ്രധാന തുണിത്തര കയറ്റുമതിക്കാരായ വിയറ്റ്‌നാമിന്റെ 46%, ബംഗ്ലാദേശിന്റെ 37%, കംബോഡിയയുടെ 49%, പാകിസ്ഥാന്റെ 30% എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ മേലുള്ള താരിഫ് ആഘാതം കുറവാണ്. വസ്ത്രകയറ്റുമതിയില്‍ വിലകള്‍ചര്‍ച്ചചെയ്യാനും കരാറുകള്‍ ഉറപ്പിക്കാനും യുഎസ് ഇടപാടുകാര്‍ ഇന്ത്യന്‍വസ്ത്രനിര്‍മാതാക്കളെ സമീപിച്ചിട്ടുണ്ടെന്ന് തിരുപ്പൂര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ (TEA) പ്രസിഡന്റ് കെ.എം. സുബ്രഹ്മണ്യന്‍ പറഞ്ഞു.
'ഡോളറിനെതിരെ രൂപ ദുര്‍ബലമായതിനാല്‍, അമേരിക്കന്‍ ഉപഭോക്താക്കളുടെ പോക്കറ്റിന്റെ കനംകുറയ്ക്കാന്‍ പോകുന്ന 26% പരസ്പര താരിഫിന്റെ ആഘാതം കുറയ്ക്കുന്നതിന് വിലകള്‍ പുനഃപരിശോധിക്കാന്‍ സാധ്യതയുണ്ടെന്നാണ് യുഎസ് ഡീലര്‍മാര്‍ പറയുന്നതെന്ന് സുബ്രഹ്മണ്യം പറഞ്ഞു. നിര്‍മ്മാതാക്കള്‍ പല രാജ്യങ്ങള്‍ക്കും ഏറ്റവും ചെറിയ വസ്ത്രങ്ങള്‍ ഓരോന്നിനും 2 ഡോളര്‍ മുതല്‍ 5 ഡോളര്‍ വരെ വിലയ്ക്ക് വിതരണം ചെയ്യുന്ന തിരുപ്പൂരാണ് ഇന്ത്യയിലെ നിറ്റ്‌വെയര്‍ ഹബ്ബായി കണക്കാക്കപ്പെടുന്നത്.
'യുഎസിലെ വാങ്ങലുകാര്‍ ഇതിനകം തന്നെ യുഎസില്‍ ഓഫീസുകളുള്ള ഇന്ത്യന്‍ കയറ്റുമതിക്കാരുടെ വാതിലുകള്‍ മുട്ടിയിട്ടുണ്ട്. ഞങ്ങളുടെ മാര്‍ജിനുകള്‍ കുറവായതിനാല്‍, ഞങ്ങള്‍ക്ക് പരമാവധി 5% കിഴിവ് നല്‍കാന്‍ കഴിയും. പക്ഷേ, ബംഗ്ലാദേശിനെ അപേക്ഷിച്ച് അവര്‍ ഞങ്ങള്‍ക്ക് ഉയര്‍ന്ന ബിസിനസ്സ് നല്‍കണം,' നോയിഡ അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് ക്ലസ്റ്ററിന്റെ പ്രസിഡന്റ് ലളിത് തുക്രാല്‍ കൂട്ടിച്ചേര്‍ത്തു. ഫാഷന്‍ എംബ്രോയിഡറി വസ്ത്രങ്ങള്‍ ഓരോന്നിനും 5 ഡോളര്‍ മുതല്‍ 30 ഡോളര്‍ വരെ വിലയ്ക്ക് ഉത്പാദിപ്പിക്കുന്ന 4,000 യൂണിറ്റുകള്‍ ഉള്‍പ്പെടുന്നതാണ് നോയിഡ ക്ലസ്റ്റര്‍.
അതേസമയം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നുമുള്ള വസ്ത്ര കയറ്റുമതിക്കാര്‍ ശേഷി വികസിപ്പിക്കുന്നതിനും ഫാക്ടറികള്‍ നവീകരിക്കുന്നതിനും പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും സര്‍ക്കാരില്‍ നിന്ന് മൂലധന സബ്‌സിഡി തേടാന്‍ ഒരുങ്ങുകയാണ്. ഒപ്പം തന്നെ ബിസിനസുകള്‍ ബംഗ്ലാദേശിലേക്ക് വഴുതിപ്പോകാതിരിക്കാന്‍ അവര്‍ കയറ്റുമതിചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് പലിശ നിരക്ക് ഇളവും തേടും.
ഇക്കാര്യത്തിനായി 'അടുത്ത ആഴ്ച വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെടുമെന്ന് സുബ്രഹ്മണ്യം പറഞ്ഞു. അപ്പോള്‍ കൂടുതല്‍ വ്യക്തത ലഭിക്കും. മറ്റ് കയറ്റുമതി രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ താരിഫ് പ്രയോജനപ്പെടുത്തുന്നതിന്, നമ്മുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിന്, നമുക്ക് മൂലധന സബ്‌സിഡി ആവശ്യമാണ്, അവിടെ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു.
ട്രംപിന്റെ താരിഫ് യുദ്ധം കിറ്റെക്‌സിനും നേട്ടമായി
ട്രംപിന്റെ പ്രഖ്യാപനം വന്ന വ്യാഴാഴ്ച അഞ്ചുശതമാനമാണ് കിറ്റെക്‌സ് ഓഹരികള്‍ മുന്നേറിയത്. വെള്ളിയാഴ്ചയും അഞ്ചു ശതമാനത്തിനടുത്ത് നേട്ടം കൊയ്യാന്‍ ഈ ഓഹരികള്‍ക്ക് സാധിച്ചു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 13 ശതമാനത്തോളമാണ് കിറ്റെക്‌സ് ഓഹരികള്‍ കയറിയത്. ഒരു വര്‍ഷംകൊണ്ട് 188 ശതമാനം നേട്ടം സമ്മാനിക്കാന്‍ കിറ്റെക്‌സ് ഓഹരികള്‍ക്ക് സാധിച്ചിട്ടുണ്ട്. പരസ്പരം നികുതിയില്‍ ഏറ്റവുമധികം നേട്ടം കൊയ്യാന്‍ മുന്നിലുള്ള കമ്പനികളിലൊന്ന് കിറ്റെക്‌സ് ഗാര്‍മെന്റ്‌സാണ്. കിറ്റെക്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വസ്ത്ര നിര്‍മാണ കമ്പനികള്‍ക്ക് യു.എസ് കയറ്റുമതി കൂടുതല്‍ ചെലവേറിയതാകുമെന്നത് സത്യമാണെങ്കിലും ട്രംപ് ചുമത്തിയ നികുതി ഘടന അമേരിക്കയിലേക്ക് വസ്ത്രങ്ങള്‍കയറ്റുമതിചെയ്യുന്ന മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയനികുതിയിലെ കുറവാണ് ഇന്ത്യന്‍ വസ്ത്രവ്യാപാരികളുടെ മുന്നേറ്റത്തിന് നിര്‍ണായക പങ്ക് വഹിക്കുന്നത്.
ഗാര്‍മെന്റ്‌സ് കയറ്റുമതിയെ ആശ്രയിച്ചു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് കംബോഡിയ. അവരുടെ കയറ്റുമതി വരുമാനത്തിന്റെ 70 ശതമാനവും വസ്ത്ര മേഖലയുമായി ബന്ധപ്പെട്ടാണ്. 49 ശതമാനം നികുതിയാണ് കംബോഡിയന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് ചുമത്തിയിരിക്കുന്നത്. കംബോഡിയന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയെന്നാണ് നിഗമനങ്ങള്‍.
ബംഗ്ലാദേശാണ് ഗാര്‍മെന്റ്‌സ് കയറ്റുമതിയിലെ മറ്റൊരു വന്‍ശക്തി. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാരിന്റെ വലിയ വിമര്‍ശകനായ ട്രംപ് നികുതി കാര്യത്തിലും ബംഗ്ലാദേശിനെ വെറുതെ വിട്ടില്ല. 37 ശതമാനം നികുതിയാണ് ധാക്കയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന ബംഗ്ലാദേശിലെ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് എന്തു സംഭവിക്കുമെന്ന് കണ്ടറിയണം.
ഗാര്‍മെന്റ്‌സ് കയറ്റുമതി രാജ്യങ്ങള്‍ക്കെല്ലാം ഇന്ത്യയേക്കാള്‍ നികുതി കൂടിയതിനാല്‍ സ്വഭാവികമായും അമേരിക്കന്‍ ഇറക്കുമതി കമ്പനികള്‍ തന്ത്രം മാറ്റും. ബംഗ്ലാദേശ് മുതല്‍ ചൈന വരെയുള്ള രാജ്യങ്ങളുടെ വസ്ത്രങ്ങള്‍ക്ക് പകരം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് പ്രാധാന്യം നല്‍കും. ഇത് ഇന്ത്യന്‍ കമ്പനികളുടെ വരുമാനം ഉയര്‍ത്തും. രാജ്യത്തെ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്കും ഗുണം ചെയ്യും.
ബംഗ്ലാദേശിലും കംബോഡിയയിലും ഫാക്ടറികള്‍ സ്ഥാപിച്ച കമ്പനികള്‍ ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റിയാലും അത്ഭുതപ്പെടാനില്ല. നിലവില്‍ 1.7 ലക്ഷം കോടി രൂപയുടേതാണ് ഇന്ത്യയില്‍ നിന്ന് യു.എസിലേക്കുള്ള വസ്ത്ര കയറ്റുമതി.
ട്രംപിന്റെ പരസ്പര താരിഫ് മറ്റ് രാജ്യങ്ങള്‍ക്ക് വിനയായി : ഇന്ത്യന്‍ വസ്ത്ര നിര്‍മാതാക്കളെ തേടി യുഎസ് ഇടപാടുകാരെത്തുന്നു
