ട്രംപിനും മസ്‌കിനുമെതിരെ യു എസ് നഗരങ്ങളില്‍ പ്രതിഷേധം

ട്രംപിനും മസ്‌കിനുമെതിരെ യു എസ് നഗരങ്ങളില്‍ പ്രതിഷേധം


വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും എലോണ്‍ മസ്‌കിനുമെതിരെ 'ഹാന്‍ഡ്സ് ഓഫ് പ്രതിഷേധ'വുമായി യു എസ് നഗരങ്ങളില്‍ ആയിരങ്ങള്‍ ഒത്തുകൂടി. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കും എലോണ്‍ മസ്‌കിനുമെതിരെയാണ് പ്രതിഷേധം. 

മസാച്യുസെറ്റ്സിലെ ബോസ്റ്റണ്‍, വാഷിംഗ്ടണ്‍ ഡി സി തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധങ്ങള്‍ അരങ്ങേറി. ബുധനാഴ്ച വരെ 50 സംസ്ഥാനങ്ങളിലായി 1,100-ലധികം റാലികള്‍, പരിപാടികള്‍, യോഗങ്ങള്‍ തുടങ്ങിയവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  

പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ബില്‍ മക്കിബെന്‍ നയിക്കുന്ന പരിസ്ഥിതി ഗ്രൂപ്പായ തേര്‍ഡ് ആക്ട്, റീപ്രൊഡക്റ്റീവ് ഫ്രീഡം ഫോര്‍ ഓള്‍, 50501 മൂവ്മെന്റ് എന്നിവയുള്‍പ്പെടെയുള്ള അഭിഭാഷക ഗ്രൂപ്പുകളാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്.

അറസ്റ്റ് ചെയ്യപ്പെടാതെയും നാടുകടത്തപ്പെടാതെയും പുറത്താക്കപ്പെടാതെയും ശരിയായ കാര്യങ്ങള്‍ക്കായി പ്രതിഷേധിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും 1984, ദി ഹാന്‍ഡ്മെയ്ഡ്സ് ടെയില്‍ എന്നിവയുള്‍പ്പെടെ ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ അവകാശമുണ്ടെന്നും സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും 6 ട്രില്യണ്‍ ഡോളര്‍ സമ്പത്ത് നശിപ്പിക്കുകയും തങ്ങളുടെ സാമ്പത്തിക രംഗത്ത് 401കെയെ  201കെയാക്കി മാറ്റുകയും ചെയ്ത പ്രസിഡന്റിനെ വിഭ്രാന്തി പിടിപെട്ടവനെന്ന് വിളിക്കാനുള്ള അവകാശവും മെക്‌സിക്കോ ഉള്‍ക്കടലിനെ മെക്‌സിക്കോ ഉള്‍ക്കടല്‍ എന്ന് വിളിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ട്രംപും മസ്‌കും പോകണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ വ്യത്യസ്ത പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. തങ്ങള്‍ എലോണ്‍ മസ്‌കിനെ തെരഞ്ഞെടുത്തിട്ടില്ലെന്നും യു എസിലെ ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ച് ഉത്കണ്ഠയുണ്ടെന്നും വ്യക്തമാക്കി. 

ജനാധിപത്യത്തില്‍ നിന്ന് കൈകള്‍ അകറ്റി നിര്‍ത്തണമെന്നും പുടിന്റെ കളിപ്പാവയാകുന്നത് നിര്‍ത്തൂ എന്നും പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നു. 

ജനാധിപത്യത്തിനും സമ്പദ്വ്യവസ്ഥയ്ക്കും പൗരാവകാശങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.