മധുര: സി പി എം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞടുത്തു. പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യയോഗമാണ് ജനറല്‍ സെക്രട്ടറിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയേയും തെരഞ്ഞെടുത്തത്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണുള്ളത്. 84 പേരെ തെരഞ്ഞെടുത്തു. ഒരു സ്ഥാനം ഒഴിച്ചിട്ടു.
പി ബിയില്‍ എട്ട് പേര്‍ പുതുമുഖങ്ങളാണ്. 85 അംഗ സെന്‍ട്രല്‍ കമ്മിറ്റിയില്‍ 30 പേര്‍ പുതുമുഖങ്ങളാണ്. ഏഴ് പേര്‍ പ്രത്യേക ക്ഷണിതാക്കള്‍. ആറംഗ സെന്‍ട്രല്‍ കണ്‍ട്രോള്‍ കമ്മീഷനെയും തെരഞ്ഞെടുത്തു.
പി ബി അംഗം മുഹമ്മദ് സലീം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബിയുടെ പേര് നിര്‍ദ്ദേശിച്ചു. അശോക് ധാവ്‌ളെ പിന്താങ്ങി. പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പിണറായി വിജയന്‍ സമ്മേളനത്തെ അറിയിച്ചു.
2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ മൂന്നു തവണയായി സീതാറാം യെച്ചൂരിയാണ് പാര്‍ടി ജനറല്‍ സെക്രട്ടറി. 2018ല്‍ ഹൈദരബാദിലും 2022ല്‍ കണ്ണൂരിലുമാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം യെച്ചൂരിയുടെ അകാല മരണത്തിന് പിന്നാലെ പ്രകാശ് കാരാട്ട് പൊളിറ്റ് ബ്യൂറോ കോഡിനേറ്ററായി ചുമതലയേറ്റു. ഇതിനു പിന്നാലെയാണ് ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എം എ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.
ഇ എം എസിന് ശേഷം സി പി എം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി.
2016 മുതല്‍ സി പി എമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി 2012-ലാണ് പി ബിയിലെത്തുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ അരനൂറ്റാണ്ടിലധികം കാലത്തെ അനുഭവക്കരുത്തുമായാണ് എം എ ബേബി സി പി എമ്മിന്റെ ജനറല്‍ സെക്രട്ടറിയാവുന്നത്. അടിയന്താരാവാസ്ഥക്കാലത്തെ വിദ്യാര്‍ഥി പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന ബേബി സ്വാതന്ത്ര്യാനന്തര തലമുറ കണ്ട രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ്.
രാഷ്ട്രീയത്തിനു പുറമെ സാംസ്‌കാരിക ചിന്തകനായും സൈദ്ധാന്തികനായും ദാര്‍ശനികനായും ഭരണാധികാരിയായും തിളങ്ങിയ ശേഷമാണ് എം എ ബേബി ഇ എം എസിനു പിന്‍ഗാമിയായി കേരള പാര്‍ട്ടിയില്‍ നിന്നും ഇന്ത്യന്‍ പാര്‍ട്ടിയുടെ പരമോന്നത പദവിയിലെത്തുന്നത്.
എഴുപതുകളില്‍ കേരളത്തിലെ ക്യാമ്പസുകള്‍ ഉറക്കെ വിളിച്ച മുദ്രാവാക്യം നാലരപ്പതിറ്റാണ്ടിനു ശേഷം മധുരയുടെ മണ്ണില്‍ നിന്നും മുഴങ്ങുകയാണ്- 'എംഎ ബേബി നമ്മെ നയിക്കും'. 1972ലെ ഒമ്പതാം മധുര കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊല്ലം സംസ്ഥാന സമ്മേളന കാലത്താണ് പി എം അലക്സാണ്ടര്‍ മാഷിന്റെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവന്‍ ബേബി പാര്‍ട്ടി അംഗത്വത്തിലെത്തിയത്. മധുരയില്‍ നിന്ന് തുടങ്ങി മധുരയിലെത്തി നില്‍ക്കുന്ന മറ്റൊരു മധുരമനോഹര സമ്മേളനത്തില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി.
അറസ്റ്റും മര്‍ദ്ദനവും ജയിലറകളും നിറഞ്ഞ അടിയന്തരാവസ്ഥയുടെ തീച്ചൂള കടന്നെത്തിയ വിപ്ലവ വിദ്യാര്‍ഥി സമൂഹത്തിന്റെ പ്രതീകമാണ് എം എ ബേബി. പ്രാക്കുളം എന്‍ എസ് എസ് കോളേജിലെ കെ എസ് എഫിന്റെ യൂനിറ്റ് സെക്രട്ടറി 1975ല്‍ എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡണ്ടായപ്പോള്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു സെക്രട്ടറി. 1979ല്‍ പാറ്റ്നയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായി എസ് എഫ് ഐയുടെ അഖിലേന്ത്യ പ്രസിഡന്റായപ്പോള്‍ സീതാറാം യെച്ചൂരിയിരുന്നു ജോയിന്റ് സെക്രട്ടറി.
ഇ എം എസ്, ബി ടി രണദിവെ, ബസവപുന്നയ്യ, ഹര്‍കിഷന്‍സിങ് സുര്‍ജിത് തുടങ്ങിയവരുടെ തണലിലായിരുന്നു എം എ ബേബിയുടെയും വിദ്യാര്‍ഥിര ാഷ്ട്രീയ ജീവിതം ചുവടുവെച്ചത്. ഡല്‍ഹി ജന്‍പത്റോഡിലെ ഒരു കൊച്ചു മുറിയിലായിരുന്നു അക്കാലത്ത് എസ് എഫ് ഐ ഓഫീസ്. ശൈത്യകാലത്ത് മേശ കട്ടിലാക്കി ജനല്‍ കര്‍ട്ടനുകളൂരി പുതച്ചുറങ്ങിയ കാലത്തിന് അല്‍പ്പംകൂടി വിസ്താരം വന്നത് വിതല്‍ഭായ്പട്ടേല്‍ ഹൗസിലേക്ക് ഓഫീസ് മാറ്റപ്പെട്ടതോടെയാണ്.
1982ല്‍ ബെറ്റി ലൂയിസ് ബേബിയുടെ ജീവിതപങ്കാളിയായി. 1986ല്‍ രാജ്യസഭാംഗമാകുമ്പോള്‍ പാര്‍ലമെന്റിലെയും ബേബിയായിരുന്നു എം എ ബേബി. 1992ലും രാജ്യസഭാംഗമായി തുടര്‍ന്നു. 1984ല്‍ സി പി എം സംസ്ഥാന സമിതിയില്‍ അംഗമായ ബേബി 1987ല്‍ ഡി വൈ എഫ് ഐയുടെ അഖിലേന്ത്യ പ്രസിഡന്റായി. 1989ല്‍ കേന്ദ്ര കമ്മിറ്റി അംഗം. 92ല്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അഗം, 97ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, 2002ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി, 2012 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗം. 2006ല്‍ കുണ്ടറയില്‍ നിന്ന് ജയിച്ച് ബേബി വി എസ് മന്ത്രിസഭാംഗമായി.