ഇഡിക്കുമുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ്

ഇഡിക്കുമുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ്


കൊച്ചി: എമ്പുരാന്‍ സിനിമയുടെ സഹ നിര്‍മാതാവ് കൂടിയായ ഗോകുലം ഗോപാലനെ വിടാതെ പിന്തുടര്‍ന്ന് ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്).  ചോദ്യം ചെയ്യലിന് എത്തണമെന്ന് ആവശ്യപ്പെട്ട് ഗോകുലത്തിന് വീണ്ടും നോട്ടിസ് അയച്ചിരിക്കുകയാണ് ഇ.ഡി. ഈ മാസം 28ന് ഹാജരാകണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെടുന്നത്. ഗോകുലം ഗോപാലന്‍ നേരിട്ടോ അല്ലെങ്കില്‍ കമ്പനിയുടെ പ്രതിനിധിയോ എത്തണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെടുന്നത്.

ഫെമ നിയമം ലംഘിച്ച കേസില്‍ ഗോകുലം ഗോപാലനെ ഇ.ഡി തിങ്കളാഴ്ച ആറുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെ കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞദിവസം ചെന്നൈയിലെ ഇ.ഡി ഓഫിസില്‍ ഏഴുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയതായി ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ചോദ്യം ചോദിക്കാന്‍ ഇ.ഡിക്ക് അധികാരമുണ്ടെന്നും മറുപടി പറയേണ്ട ചുമതല തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചിട്ടി സ്ഥാപനം വഴി വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. റെയ്ഡില്‍ ചെന്നൈയിലെ കേന്ദ്ര ഓഫിസില്‍ നിന്നും ഒന്നര കോടി രൂപ കണ്ടുകെട്ടുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

വിദേശത്ത് നിന്നു 592.54 കോടി രൂപ അനധികൃതമായി സ്വീകരിച്ചതുള്‍പ്പെടെ ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് ഫെമ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് കണ്ടെത്തല്‍. ഗോകുലം ചിട്ടി ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നതെന്നാണ് ഇ.ഡിയുടെ വിശദീകരണം. 2022ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കി.