കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയും മുന്‍ ഗവണ്‍മെന്റ് പ്ലീഡറുമായ പി ജി മനു ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെയാണ് കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
യുവതിയുടെ ഭര്‍ത്താവിന്റെ നിരന്തര പ്രേരണയിലാണ് മനു തൂങ്ങിമരിച്ചതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനുവിന് കര്‍ശന വ്യവസ്ഥയോടെ ജാമ്യം ലഭിച്ചിരുന്നു. അതിനിടെ മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് മനുവിനെതിരേ ലൈംഗിക പീഡന ആരോപണം ഉയരുകയായിരുന്നു.
മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയത് ഇയാളെന്നുമാണ് പൊലീസ് പറയുന്നത്.