വിമാനത്താവളത്തിലെ വീല്‍ചെയര്‍ ആര്‍ക്കൊക്കെ: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കുന്നു

വിമാനത്താവളത്തിലെ വീല്‍ചെയര്‍ ആര്‍ക്കൊക്കെ:  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കുന്നു


ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ സൗജന്യ വീല്‍ചെയര്‍ സൗകര്യം മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതുപ്രകാരം 60 വയസ്സിന് താഴെയുള്ളവര്‍ക്ക് വീല്‍ചെയര്‍ സേവനം ലഭിക്കുന്നതിന് പുതിയ നിബന്ധനകള്‍ക്ക് വിധേയമാകാന്‍ സാധ്യതയുണ്ട്.

വീല്‍ചെയര്‍ ക്ഷാമവും ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളും സംബന്ധിച്ച വിമാന യാത്രക്കാരുടെ പരാതികളാണ് മാറ്റങ്ങള്‍ക്ക് കാരണമായതെന്ന് ഈ കാര്യത്തെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സൗജന്യ വീല്‍ചെയര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് പ്രായം കുറഞ്ഞ യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടി വന്നേക്കാമെന്നും മെയ് അവസാനത്തോടെ നിര്‍ദ്ദിഷ്ട നിയമങ്ങള്‍ പ്രകാരം ഒരു നയം സര്‍ക്കാര്‍ ഔപചാരികമായി  പ്രഖ്യാപിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബോര്‍ഡിംഗ് ഗേറ്റുകളില്‍ എത്താന്‍ വീല്‍ചെയര്‍ സഹായം ആവശ്യമുണ്ടെങ്കില്‍ ആവശ്യക്കാര്‍ നാമമാത്രമായ ഫീസ് നല്‍കേണ്ടിവരും. ഈ സേവനം യാത്രക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)യുടെ നേതൃത്വത്തിലാണ് വീല്‍ചെയര്‍സേവനത്തിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നത്. ആര്‍ക്കൊക്കെയാണ് വീല്‍ചെയര്‍ സേവനം സൗജന്യമായി നല്‍കേണ്ടത് എന്നതിനുള്ള പുതിയ യോഗ്യതാ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നതിനായി എയര്‍ലൈനുകളുമായി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്.
എയര്‍ലൈനുകള്‍ ഡിജിസിഎയുമായി ചര്‍ച്ച നടത്തുകയും വീല്‍ചെയര്‍ സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും ഒരു എയര്‍ലൈന്‍ പ്രതിനിധി സ്ഥിരീകരിച്ചു, '

വീല്‍ചെയര്‍ സേവനങ്ങളുടെ ചെലവ് വര്‍ദ്ധിക്കുന്നുണ്ടെന്നും അവയുടെ ദുരുപയോഗം വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും രണ്ടാമത്തെ എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. 'ഡിമാന്‍ഡ് വര്‍ദ്ധിച്ചു. വീല്‍ചെയറുകളുടെ സേവനത്തിന് കരാര്‍ നല്‍കിയിട്ടുള്ള ഏജന്‍സികള്‍ക്ക് അവരുടെ നിശ്ചിത പരിധിക്കപ്പുറം ആവശ്യക്കാര്‍വരുന്നതിനാല്‍ സേവന ദാതാക്കള്‍ ഞങ്ങളില്‍ നിന്ന് വന്‍ തുക ഈടാക്കേണ്ടിവരുന്നുണ്ട്. എല്ലാവര്‍ക്കും സൗജന്യ വീല്‍ചെയറുകള്‍ നല്‍കുന്നത് സ്ഥിരമല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലെങ്കിലും ചില യാത്രക്കാര്‍ വീല്‍ചെയറുകള്‍ക്ക് അഭ്യര്‍ത്ഥിക്കുന്നു. ഉപകരണങ്ങള്‍ക്ക് പുറമേ, പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവുമുണ്ട്, ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

വീല്‍ചെയറിലുള്ളവരെ തിരക്കേറിയ ക്യൂകളിലൂടെ വേഗത്തില്‍ കടത്തിവിടും എന്നതിനാല്‍ യാത്രക്കാര്‍ ചിലപ്പോള്‍ സേവനം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഒരു മുന്‍ എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡിജിസിഎ ഉടന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. അന്തിമ പ്രഖ്യാപനം അടുത്ത മാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഹായം ആവശ്യമുള്ളവര്‍ക്കായി പണമടച്ചുള്ള ഓപ്ഷന്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പ്രകാരം പല ആവശ്യക്കാരും യോഗ്യത നേടിയേക്കില്ലെന്നും രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. 'ദീര്‍ഘദൂരം നടക്കാന്‍ കഴിയാത്തവര്‍ക്കായി, നാമമാത്രമായ തുക ഈടാക്കിയുള്ള സേവനമാണ് പരിഗണിക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാനദണ്ഡങ്ങളില്‍ എന്തൊക്കെ ഉള്‍പ്പെടുമെന്ന് സൂചനയില്ല.

വില്‍ചെയര്‍ സേവനത്തിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും ദുരുപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചും യാത്രക്കാരെ ബോധവല്‍ക്കരിക്കുന്നതിനായി ബോധവല്‍ക്കരണ കാമ്പെയ്‌നുകള്‍ നടത്തുന്നതിനെക്കുറിച്ച് ഡിജിസിഎ ആലോചിക്കുന്നുണ്ട്.

'സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിമാനക്കമ്പനികളെ ശ്രദ്ധിക്കുന്നതിനുമുമ്പ് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കണമെന്ന് എയര്‍ലൈന്‍ ഉപയോക്താക്കളുടെ അവകാശങ്ങളുടെയും പരാതി പരിഹാര ഫോറത്തിന്റെയും പ്രസിഡന്റ് ബിജി ഈപ്പന്‍ അഭിപ്രായപ്പെട്ടു.  യാത്രക്കാരുടെ അവകാശങ്ങള്‍ സേവനങ്ങള്‍, സുരക്ഷ, ഗുണനിലവാരം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. യാത്രക്കാരുടെ മൗലികാവകാശങ്ങള്‍ പരിഗണിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ, അല്ലെങ്കില്‍ അവ പരിഹരിക്കാതെ, യാത്രക്കാര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കില്ലെന്നും ബിജി ഈപ്പന്‍ പറഞ്ഞു.

എയര്‍ലൈനുകള്‍ പ്രതിദിനം 1,000ത്തിലധികം വീല്‍ചെയര്‍ അഭ്യര്‍ത്ഥനകള്‍ കൈകാര്യം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്ത വീല്‍ചെയറുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടതിന് എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ഉള്‍പ്പെടെ, സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് വിമാനക്കമ്പനികള്‍ക്ക് അടുത്തിടെ പിഴ ചുമത്തിയിട്ടുണ്ട്.

'വിമാനത്താവളങ്ങള്‍ ബഗ്ഗി(ചെറുവാഹനം) സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു, അവയില്‍ പലതും സൗജന്യമാണ്. എന്നാല്‍ ആവശ്യത്തിന് യാത്രക്കാര്‍ക്ക് അതിനെക്കുറിച്ച് അറിയില്ല. വീല്‍ചെയര്‍ സൗകര്യങ്ങളുടെ ആവശ്യം ലഘൂകരിക്കുന്നതിന് ഈ സേവനങ്ങള്‍ക്ക് മികച്ച പ്രമോഷന്‍ ആവശ്യമാണെന്ന് മുന്‍ എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.