വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെ തുടര്‍ന്ന് തീവ്രവാദവും ആഭ്യന്തര കലാപവും ഉണ്ടാകുമെന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിനുള്ള യാത്രാ ഉപദേശം അമേരിക്ക പുറപ്പെടുവിച്ചു. മുഹമ്മദ് യൂനസിന്റെ കീഴില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോഴും രാജ്യത്ത് വര്‍ഗീയ അക്രമങ്ങളും തീവെപ്പുകളും വ്യാപകമായിരുന്നു. ബംഗ്ലാദേശിലേക്കുള്ള യാത്ര 'പുനഃപരിശോധിക്കാന്‍' യു എസ് പൗരന്മാരോട് അധികൃതര്‍ ആവശ്യപ്പെട്ടു. അക്രമാസക്തരാകാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
അപകടസാധ്യതകള്‍ കാരണം ബംഗ്ലാദേശില്‍ ജോലി ചെയ്യുന്ന യു എസ് സര്‍ക്കാര്‍ ജീവനക്കാര്‍ നയതന്ത്ര മേഖലയ്ക്ക് പുറത്ത് ധാക്കയ്ക്കുള്ളില്‍ അനിവാര്യമല്ലാത്ത യാത്ര ചെയ്യുന്നത് വിലക്കിയതായി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.
ബംഗ്ലാദേശിലേക്ക് പോകുന്നതിനുമുമ്പ് ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പ്രകടനങ്ങളും രാഷ്ട്രീയ ഒത്തുചേരലുകളും ഒഴിവാക്കുക, സംഭവങ്ങള്‍ അറിയാന്‍ പ്രാദേശിക മാധ്യമങ്ങള്‍ നിരീക്ഷിക്കുകയും പദ്ധതികള്‍ ക്രമീകരിക്കാന്‍ തയ്യാറാകുകയും ചെയ്യുക, ഏതെങ്കിലും കവര്‍ച്ച ശ്രമത്തെ ശാരീരികമായി ചെറുക്കാന്‍ ശ്രമിക്കാതിരിക്കുക, സുരക്ഷിതമായ സ്ഥലത്ത് എത്തി മാത്രം ക്രിമിനല്‍ സംഭവം പ്രാദേശിക അധികാരികളെ അറിയിക്കുക, കോണ്‍സുലാര്‍ സേവനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ ഉള്‍പ്പെടെയുള്ള അലേര്‍ട്ടുകള്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് ട്രാവലര്‍ എന്റോള്‍മെന്റ് പ്രോഗ്രാമില്‍ (സ്റ്റെപ്) ചേരുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
അതോടൊപ്പം ബംഗ്ലാദേശിനായുള്ള രാജ്യ സുരക്ഷാ റിപ്പോര്‍ട്ട് അവലോകനം ചെയ്യുക, യാത്രയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ യാത്രാ ആരോഗ്യ വിവരങ്ങള്‍ക്ക് സി ഡി സി പേജ് സന്ദര്‍ശിക്കുക,
അടിയന്തര സാഹചര്യങ്ങള്‍ക്ക് കണ്ടിജന്‍സി പ്ലാന്‍ തയ്യാറാക്കുക, യാത്രക്കാരുടെ ചെക്ക്ലിസ്റ്റ് അവലോകനം ചെയ്യുക, യാത്ര ചെയ്യുന്നതിന് മുമ്പ് ഇന്‍ഷുറന്‍സ് വാങ്ങുക തുടങ്ങിയവയും നിര്‍ദ്ദേശങ്ങളിലുണ്ട്.