ജീവനുള്ളവനെ ഇന്നും മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിന്?

ജീവനുള്ളവനെ ഇന്നും മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിന്?


ഡാളസ്: ക്രൈസ്തവ  ലോകമെങ്ങും യേശുക്രിസ്തുവിൻറെ ഉയർത്തെഴുന്നേൽപ്പിൻറെ മഹത്വം ആഘോഷിക്കുന്ന ഈ വേളയിൽ യേശുവിൻറെ ചേതനയറ്റ ശരീരത്തിൽ സുഗന്ധലേപനങ്ങൾ പുരട്ടുവാൻ അതിരാവിലെ കല്ലറക്കൽ എത്തിയ സ്ത്രീകളോട് മിന്നുന്ന വസ്ത്രം ധരിച്ചെത്തിയ ദൂതൻമാർ ചോദിച്ച അത്ഭുതകരമായ ചോദ്യം നൂറ്റാണ്ടുകൾക്കു ശേഷം ഇന്നും പ്രപഞ്ചത്തിൽ മാറ്റൊലി കൊള്ളുന്നു: "ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്" (ലൂക്കോസ് 24:5). 

യേശു ഉയർത്തെഴുന്നേറ്റു എന്ന സത്യത്തെ തിരിച്ചറിയാതെ, ഉയർത്തെഴുന്നേറ്റ യേശുവിൻറെ ആത്മാവ് എന്നും ശക്തിയോടെ മനുഷ്യഹൃദയങ്ങളോട് ഇടപെടുന്നുണ്ട് എന്ന തിരിച്ചറിവില്ലാതെ, ജീവിതമാകുന്ന  കല്ലറയുടെ അന്ധകാരത്തിൽ ആത്മീയ ജീവൻ തേടുകയാണ് മനുഷ്യവർഗ്ഗം.

മരിച്ചവരുടെ ഇടയിൽ ഉള്ള അന്വേഷണം അഥവാ ശവക്കല്ലറക്കുള്ളിലുള്ള ജീവിതാനുഭവത്തിൽ കൂടിയുള്ള യാത്ര മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നിരാശയുടെ അനുഭവമാണ്. അവിടം ജീവൻറെ തുടിപ്പ് കാണുവാൻ സാധിക്കാത്ത ഇടമാണ്; അവിടം ഒറ്റപ്പെടലിൻറെ ഇടമാണ്; അവിടം നാറ്റം പടരുന്ന ജീവിതാനുഭവത്തിൻറെ ഇടമാണ്; അവിടം ബന്ധനങ്ങളുടെ ഒരു വലിയ ഗുഹയാണ്; അവിടം ഒരിക്കലും പുറത്തു വരുവാനാകില്ല എന്ന തോന്നലുകളുടെ ഒരു അടച്ചുപൂട്ടപ്പെട്ട ഇടമാണ്. 

എന്നാൽ യേശുക്രിസ്തുവിൻറെ ഉയർത്തെഴുനേൽപ്പ് ലോകത്തോട് ഇപ്രകാരം വിളിച്ചു പറയുന്നു: എത്ര വലിയ ഏകാന്തതയിലോ അന്ധകാരത്തിലോ  ബന്ധനത്തിലോ കഷ്ടതയിലോ ആയാലും, അവിടെ നിന്ന് നമുക്ക്‌  ഒരു ഉയിർപ്പുണ്ട്, ഒരു പ്രത്യാശയുണ്ട്. കല്ലറയ്ക്ക് തുല്യമായ നിത്യമരണത്തിൻറെ ജീവിതാനുഭവത്തിൽ നിന്ന് നിത്യജീവനിലേക്കും അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കുമുള്ള ഉയിർപ്പിനുള്ള ആഹ്വാനമാണ് ജീവനുള്ളവനെ ജീവനുള്ളവർക്കിടയിൽ അന്വേഷിക്കുക എന്നുള്ളത്.

ചഞ്ചലമായ മനസ്സോടെ മുഖം കുനിച്ചു നിന്ന സ്ത്രീകളോട് ദൂതന്മാർ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കേണ്ടതില്ല എന്ന് ഉപദേശിച്ചു. അവരെ ഉണർത്തി, ജീവൻ തരുന്ന ക്രിസ്തുവിനെ അന്വേഷിക്കുവാൻ അവരെ പ്രേരിതരാക്കി. അവരുടെ അന്വേഷണത്തിനൊടുവിൽ, ഉയർത്തെഴുന്നേറ്റ കർത്താവിനെ അവർ കണ്ടുമുട്ടി. യേശുവിൻറെ ശിഷ്യന്മാരും അവരുടെ സംശയത്തിൻറെയും ഭയത്തിൻറെയും  ഒടുവിൽ ജീവനുള്ള കർത്താവിനെ കണ്ടുമുട്ടി. ആദിമസഭയിലെ വിശുദ്ധരും വിശ്വാസികളും ഈ ദൂതന്മാരുടെ വചനം പിന്തുടർന്ന് ജീവനുള്ള അവനെ കണ്ടെത്തി. 

സംശയമെന്ന കല്ലറയുടെ ജീവിതാനുഭവത്തിൽ കൂടി കടന്നുപോയ തോമസ് എന്ന ശിഷ്യൻ ഉയർത്തെഴുന്നേറ്റ ജീവനുള്ള യേശുവിനെ കണ്ടമാത്രയിൽ "എൻറെ കർത്താവും എൻറെ ദൈവവുമായുള്ളോവേ" എന്ന്  പ്രഖ്യാപിച്ച്‌   ജീവിതാവസാനം വരെ ആ ജീവനെ പിന്തുടർന്നു. ബുദ്ധി, ആത്മവിശ്വാസം, ധനം, അധികാരം എന്നിവയിൽ അഭിമാനിച്ചിരുന്ന അപ്പോസ്തലനായ വിശുദ്ധ പൗലോസ് ജീവനുള്ളവനെ അന്വേഷിച്ച് കണ്ടെത്തിയപ്പോൾ ജീവിതത്തിൻറെ കാഴ്ചപ്പാടുകൾ മാറി ഇപ്രകാരം പ്രഖ്യാപിച്ചു: "ഞാൻ അവൻ നിമിത്തം എല്ലാം ഉപേക്ഷിച്ച്, ചവറ് എന്ന് എണ്ണുന്നു."

ഉയർത്തെഴുന്നേറ്റ കർത്താവിനെ അന്വേഷിക്കുന്നവരുടെ ജീവിതത്തിൽ രൂപാന്തരം സംഭവിക്കുന്നു, അവർക്ക് പ്രത്യാശയുടെ സന്തോഷം അനുഭവവേദ്യമാകുന്നു. ആരെല്ലാം ജീവനുള്ളവനെ സത്യസന്ധമായി അന്വേഷിച്ചുവോ അവർ എല്ലാവരും കല്ലറയ്ക്കുള്ളിലെ അന്ധകാരത്തെ പരാജയപ്പെടുത്തുന്ന മരണത്തെ ജയിച്ച യേശുവിനെ കണ്ടെത്തുന്നു. ഈ വർഷത്തെ  ഉയിർപ്പ് ഞായർ ആഘോഷങ്ങൾ ജീവൻ തരുന്ന കർത്താവിനെ അന്വേഷിച്ചു കണ്ടെത്തുന്ന പ്രത്യാശയുടെ അനുഭവമായി തീരട്ടെ. 

ഓർക്കാം: "അവനെ അന്വേഷിക്കുന്നവർ അവനെ കണ്ടെത്തും" (മത്തായി 7:7).