ശബരിമല വിഷയം ഏശിയില്ല; പന്തളത്ത് എല്‍ ഡി എഫ്

ശബരിമല വിഷയം ഏശിയില്ല; പന്തളത്ത് എല്‍ ഡി എഫ്


പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയില്‍ ഭരണം നിലനിര്‍ത്താന്‍ ബി ജെ പിക്ക് സാധിച്ചില്ല. ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ പിന്തള്ളപ്പെട്ടു. എല്‍ ഡി എഫും യു ഡി എഫുമാണ് നഗരസഭയില്‍ നേട്ടമുണ്ടാക്കിയത്. 

14 സീറ്റില്‍ വിജയിച്ച എല്‍ ഡി എഫ് ഭരണം ഉറപ്പിച്ചു. 11 സീറ്റുമായി യു ഡി എഫ് മുഖ്യപ്രതിപക്ഷമായി. ഒന്‍പത് സീറ്റ് മാത്രമാണ് ബി ജെ പിക്ക് കിട്ടിയത്. 

അതേസമയം പത്തനംതിട്ടയിലെ മറ്റ് മൂന്ന് മുനിസിപ്പാലിറ്റികളിലും യു ഡി എഫ് ഭരണം പിടിച്ചു. അടൂരില്‍ 29 സീറ്റുകളില്‍ 11 ഇടത്ത് യു ഡി എഫ് വിജയിച്ചു. ഏഴിടത്ത് ജയിച്ച എല്‍ ഡി എഫും മൂന്നിടത്ത് എന്‍ ഡി എയും ജയിച്ചു. നഗരസഭ ഭരണം യു ഡി എഫ് ഉറപ്പിച്ചു. പത്തനംതിട്ട നഗരസഭയില്‍ 33 സീറ്റില്‍ കേവല ഭൂരിപക്ഷമായ 17 സീറ്റും നേടി യു ഡി എഫ് വിജയിച്ചു. എല്‍ ഡി എഫ് 12 സീറ്റില്‍ വിജയിച്ചു.

പത്തനംതിട്ടയില്‍ ബി ജെ പിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്. തിരുവല്ല നഗരസഭയില്‍ 18 സീറ്റില്‍ ജയിച്ച യു ഡി എഫ് ഭരണം ഉറപ്പിച്ചു. 11 സീറ്റുമായി എല്‍ ഡി എഫ് രണ്ടാമതായി. എന്‍ ഡി എയ്ക്ക് ഇവിടെ ഏഴ് സീറ്റാണ് നേടാനായത്.