വെനിസ്വേലന്‍ കുടിയേറ്റക്കാരെ 'എലിയന്‍ എനിമീസ് ആക്ട്' പ്രകാരം നാടുകടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലെ വാദം കേള്‍ക്കല്‍ യുഎസ് അപ്പീല്‍ കോടതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം പരിഗണിച്ചാണ് 2-1 ഭൂരിപക്ഷത്തോടെ വാഷിംഗ്ടണ്‍ ഡി.സി. സര്‍ക്യൂട്ട് അപ്പീല്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത ആഴ്ച ആരംഭിക്കാനിരുന്ന ഹിയറിങ്ങുകളാണ് സ്‌റ്റേ ചെയ്തത്.
എല്‍ സാല്‍വദോറിലെ കുപ്രസിദ്ധമായ സെക്കോട്ട് ജയിലിലേക്കായി രണ്ട് വിമാനങ്ങളിലായി വെനിസ്വേലന്‍ കുടിയേറ്റക്കാരെ മാറ്റിയ സംഭവത്തിലാണ് വിവാദം. വിമാനങ്ങള്‍ തിരികെ വിളിക്കണമെന്ന് ജില്ലാ ജഡ്ജി ജെയിംസ് ബോസ്ബര്‍ഗ് വാക്കാല്‍ ഉത്തരവിട്ടിരുന്നുവെങ്കിലും, ആ നിര്‍ദ്ദേശം നിയമപരമായി അസാധുവാണെന്ന നിലപാടിലാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇതിനെത്തുടര്‍ന്നാണ് നാടുകടത്തല്‍ തുടര്‍ന്നത്.
സംഭവത്തില്‍ വിശദീകരണം തേടി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നത അഭിഭാഷകന്‍ ഡ്രൂ എന്‍സൈനും മുന്‍ ഉദ്യോഗസ്ഥന്‍ എറെസ് റ്യൂവേനിയും സാക്ഷ്യം നല്‍കണമെന്ന് ബോസ്ബര്‍ഗ് ഉത്തരവിട്ടിരുന്നു. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം കോടതി ഉത്തരവ് ലംഘിച്ചോയെന്നത് വ്യക്തമാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ഭരണകൂടം നല്‍കിയില്ലെന്നും ജഡ്ജി വിമര്‍ശിച്ചിരുന്നു.
അപ്പീല്‍ കോടതിയില്‍ സമര്‍പ്പിച്ച അടിയന്തര ഹര്‍ജിയില്‍, നിര്‍ദേശിച്ചിരുന്ന വാദം കേള്‍ക്കല്‍ 'സര്‍ക്കസായി' മാറുമെന്നും ഇത് അധികാര വിഭജനത്തെയും അഭിഭാഷക-ക്ലയന്റ് ബന്ധത്തിലെ രഹസ്യാത്മകതയെയും ബാധിക്കുമെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ആരോപിച്ചു. അനാവശ്യമായ ഭരണകൂട-ന്യായവ്യവസ്ഥാ സംഘര്‍ഷത്തിലേക്ക് വിഷയം നീങ്ങരുതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.
18ാം നൂറ്റാണ്ടിലെ യുദ്ധകാല നിയമമായ എലിയന്‍ എനിമീസ് ആക്ട് മാര്‍ച്ചില്‍ പ്രയോഗിച്ചാണ് ട്രംപ് ഭരണകൂടം നാടുകടത്തല്‍ നടത്തിയത്. വെനിസ്വേലന്‍ ഗ്യാങായ 'ട്രെന്‍ ഡി അറാഗ്വ' അമേരിക്കയ്‌ക്കെതിരെ കടന്നുകയറ്റം നടത്തുന്ന 'ഹൈബ്രിഡ് ക്രിമിനല്‍ സ്‌റ്റേറ്റ്' ആണെന്ന വാദവും സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. കേസ് ഇനി അപ്പീല്‍ കോടതിയുടെ തുടര്‍ പരിഗണനയ്ക്ക് വിധേയമാണ്.
