ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കക്കാരുടെ വാര്‍ഷിക ജീവകാരുണ്യ പ്രവര്‍ത്തന സംഭാവന 45 ബില്യന്‍ ഡോളറിലേക്ക് ഉയര്‍ന്നു. ഫ്രം ക്ലോസിംഗ് ദ ഗ്യാപ് ടു സെറ്റിംഗ് ദ സ്റ്റാന്‍ഡേര്‍ഡ്: ദ സ്റ്റേറ്റ് ഓഫ് ഫിലാന്ത്രോപ്പിക് ഗിവിംഗ് ഇന്‍ ദ ഇന്ത്യന്‍ അമേരിക്കന്‍ ഡയാസ്‌പോറ എന്ന റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ പ്രകാരം 2024-ല്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ വാര്‍ഷിക സംഭാവന 2018നു ശേഷം മൂന്നിരട്ടിയായി.
ഡല്‍ബര്‍ഗ്, ഇന്ത്യസ്‌പോറ, ഇന്ത്യ ഫിലാന്ത്രോപി അലയന്‍സ് എന്നിവ ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. നാളുകളായി നിലനിന്നിരുന്ന വാര്‍ഷിക 'ഗിവിംഗ് ഗ്യാപ്' 23 ബില്യണ്‍ ഡോളറില്‍ നിന്ന് ഒരു ബില്യണായി കുറഞ്ഞത് ഇന്ത്യന്‍ വംശജരുടെ ജീവകാരുണ്യ ശേഷി ചരിത്രത്തിലാദ്യമായി പൂര്‍ത്തീകരിക്കാവുന്ന പരിധിയിലേക്ക് എത്തിയതായി സൂചിപ്പിക്കുന്നു.
ഇത്തരം വളര്‍ച്ച സാധ്യമാക്കിയതില്‍ ഉയര്‍ന്ന വരുമാനമുള്ള ദാതാക്കളുടെ ധനസഹായം നിര്‍ണായകമായിരുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. അമേരിക്കന്‍ ശരാശരിയേക്കാള്‍ കൂടുതലായി വരുമാനത്തിന്റെ വലിയ ഭാഗം അവര്‍ ഇപ്പോള്‍ ദാനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കുന്നത് വലിയ മാറ്റമാണ്.
വര്‍ഷങ്ങളോളം അത്യന്തം വ്യാപകമായ ജീവകാരുണ്യ വിടവ് നികത്തുക അസാധ്യമാണെന്ന് തോന്നിയിരുന്നുവെന്നും ഇപ്പോള്‍ അത് വെറും ഒരു ബില്യണായി കുറഞ്ഞത് കൂട്ടായ പ്രവര്‍ത്തനത്തിന്റെയും കൃത്യമായ ഡേറ്റയുടെയും ശക്തമായ കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പിന്റെയും ശക്തിയെയാണ് തെളിയിക്കുന്നതെന്ന് ഇന്ത്യ ഫിലാന്ത്രോപ്പി അലയന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലക്‌സ് കൗണ്ട്‌സ് പറഞ്ഞു.
2018 ലെ പഠനം ഇന്ത്യന്‍ വംശജരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അസാധാരണമായ സാധ്യതകള്‍ ഉണ്ടെന്ന് കാണിച്ചുവെങ്കിലും ഇതിനുള്ള ശ്രമങ്ങള്‍ കോവിഡ് കാലത്ത് വേഗതയാര്‍ജ്ജിക്കുകയും 2025ലെ റിപ്പോര്‍ട്ട് സമൂഹത്തില്‍ മികച്ച പുരോഗതിയുണ്ടെന്ന് തെളിയിക്കുന്നതായും ഇന്ത്യാസ്‌പോറ സ്ഥാപകന്‍ എം ആര്‍ രംഗസ്വാമി പറഞ്ഞു.
രണ്ടാമത്തെയും മൂന്നാമത്തെയും തലമുറ ദാതാക്കളെ പ്രോത്സാഹിപ്പിക്കല്‍, സ്ത്രീ ദാതാക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കല്‍, പുതുതായി സംഭാവന തുടങ്ങുന്നവരെ പിന്തുണയ്ക്കല്‍ എന്നിവയില്‍ ഇപ്പോഴും കൂടുതല്‍ ഇടം സമൂഹത്തിനുണ്ടെന്ന് റിപ്പോര്‍ട്ട് കണ്ടെത്തുന്നു.
നെക്‌സ്റ്റ് ജെന്‍ ദാതാക്കളില്‍ നാലില്‍ ഒരാള്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട കാരണങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി, പഠനം, ജീവകാരുണ്യം എന്നിവ യോജിപ്പിക്കുന്ന 'ഗിവിംഗ് സര്‍ക്കിളുകള്‍' യുവദാതാക്കളില്‍ വലിയ താത്പര്യം നേടിയിട്ടുണ്ട്.
ഗ്യാപ് പൂര്‍ണ്ണമായി നികത്താന്‍ പുതു ദാതാക്കള്‍ക്കായി വിശദീകരണ സ്രോതസ്സുകള്‍ ഒരുക്കുക, ഇന്ത്യയിലെയും അമേരിക്കയിലെയും ഗുണമേന്മയുള്ള എന്‍ ജി ഒകളെ കണ്ടെത്താനും അവരെ പിന്തുണയ്ക്കാനും കൂടുതല്‍ സൗകര്യമൊരുക്കുക, കുടുംബപ്രാധാന്യമുള്ള ദാനമാതൃകകള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പഠനത്തിന്റെ ശുപാര്‍ശകള്‍.
അടുത്ത 20 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ കൈമാറാന്‍ പോകുന്ന സമ്പത്ത് 2 ട്രില്യണ്‍ ഡോളറാണ്. നെക്സ്റ്റ് ജെന്‍ ദാതാക്കള്‍ ഈ സമ്പത്തിലെ വെറും ഒരു ശതമാനം പോലും വാര്‍ഷികമായി സംഭാവനയായി നല്‍കുകയാണെങ്കില്‍ അത് 20 ബില്യണ്‍ ഡോളര്‍ ദാനമായി മാറുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തന സാധ്യത അതിശയകരമാണെന്നും സാമ്പത്തിക സംഭാവനകള്‍ക്കൊപ്പം അവരുടെ നെറ്റ്വര്‍ക്കുകളും സേവനമനോഭാവവും സാമൂഹിക മാറ്റങ്ങള്‍ക്ക് വന്‍ സ്വാധീനം ചെലുത്തുമെന്നും ഡാല്‍ബര്‍ഗ് പങ്കാളിയായ ശ്വേത തോട്ടപ്പള്ളി പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജീവകാരുണ്യ വിടവില്‍ എത്തിയ ഇന്ത്യന്‍ സമൂഹം ഇപ്പോള്‍ ലോകത്താകമാനം ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുന്നതിന് ഒരുപടി മാത്രം അകലെയാണെന്നും സ്ഥിരതയാര്‍ന്ന കൂട്ടായ്മയും സുതാര്യതയും അടുത്ത തലമുറയുടെ സജീവ പങ്കാളിത്തവും ഉണ്ടെങ്കില്‍ ജീവകാരുണ്യ ആഗോള വേദിയില്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ ഉടന്‍ തന്നെ ഒരു മാതൃകയായേക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമായ സന്ദേശത്തോടെയാണ് അവസാനിക്കുന്നത്.
