കാലിഫോര്‍ണിയ: ടെസ്ല കാര്‍ മനഃപൂര്‍വ്വം ഇടിച്ച് നശിപ്പിക്കുകയും വൈനറിയില്‍ തീപിടിത്തമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ കോടീശ്വരനും ബെറ്റര്‍ലൈഫ് സ്ഥാപകനുമായ ബെരി വിക്രം അറസ്റ്റില്‍. മെന്‍ലോ പാര്‍ക്കില്‍ താമസിക്കുന്ന 42കാരനായ വിക്രമാണ് സാരറ്റോഗയിലെ ഗാറോഡ് ഫാംസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് സാന്താ ക്ലാര കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈനറി പരിസരത്ത് തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ സ്റ്റാഫ് വിക്രമിനെ തടഞ്ഞു ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം ഒരു വൈന്‍ ബോട്ടില്‍ സ്റ്റാഫ് അംഗങ്ങളിലേക്ക് എറിഞ്ഞതായും തുടര്‍ന്ന് ടെസ്ലയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതായും പറയുന്നു. അതിനിടെ അദ്ദേഹം പാര്‍ക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങളില്‍ മനഃപൂര്‍വ്വം ഇടിച്ചതായും അധികാരികള്‍ വ്യക്തമാക്കുന്നു.
സംഭവസ്ഥലത്ത് പൊലീസ് എത്തിയപ്പോള്‍ വിക്രം കാറിനകത്ത് കയറി ലോക്ക് ചെയ്യുകയായിരുന്നു. നിരവധി തവണ ശാന്തമായി സംസാരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഒരു കുന്നിന്‍താഴേക്ക് നിയന്ത്രണം വിട്ട് ഓടിക്കുകയുമായിരുന്നു. തുടര്‍ന്ന്, പിടികൂടുകയും അറസ്റ്റ് ചെയ്ത ശേഷം വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
വിക്രമിനെതിരെ മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മാനസികാരോഗ്യ സഹായത്തിനുള്ള ഇന്ത്യയിലെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ബെറ്റര്‍ലൈഫിന്റെ സ്ഥാപകനായ വിക്രം യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി ഉര്‍ബാന ചാംപയിനില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ എം ബി എ നേടിയിട്ടുണ്ട്. ഡെലോയിറ്റില്‍ കണ്‍സള്‍ട്ടന്റായി കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് നിരവധി സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2016-ല്‍ ബെറ്റര്‍ലൈഫ് സ്ഥാപിച്ചതിന് പുറമെ ബ്ലു ടൊകായി കോഫി റോസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ മറ്റു സ്റ്റാര്‍ട്ടപ്പുകളിലും ഏഞ്ചല്‍ ഇന്‍വെസ്റ്ററായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരവും ലഭ്യമാണ്.
