വാഷിംഗ്ടണ്‍: മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈന്റെ സ്വകാര്യ എസ്റ്റേറ്റില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ഡെമോക്രാറ്റുകള്‍ പ്രസിദ്ധീകരിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യമുള്ള 19 ചിത്രങ്ങളാണ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ന്യൂനപക്ഷ അംഗങ്ങള്‍ പുറത്തുവിട്ടത്. ട്രംപ് ഭരണകൂടം കേസില്‍ മറച്ചുവെച്ച നടപടി തുടരുകയാണെന്നും അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ചിത്രങ്ങള്‍ പുറത്തിറക്കിയത്.
ചിത്രങ്ങളില്‍ ട്രംപ്, അദ്ദേഹത്തിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനണ്‍, മുന്‍ ധനകാര്യ സെക്രട്ടറി ലാറി സമ്മേഴ്‌സ്, ബില്യണര്‍ ബില്‍ ഗേറ്റ്‌സ്, ചലച്ചിത്ര സംവിധായകന്‍ വൂഡി അലന്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു ചിത്രത്തില്‍ ട്രംപ് ആറു യുവതികളോടൊപ്പം നില്‍ക്കുന്നതും വല തുവശത്തുള്ള സ്ത്രീയുടെ അരയില്‍ കൈ വച്ചിരിക്കുന്നതും കാണാം.
ഈ അസ്വസ്ഥമാക്കുന്ന ചിത്രങ്ങള്‍ എപ്‌സ്‌റ്റൈന്റെയും ലോകത്തിലെ ഏറ്റവും ശക്തരായ ചില പുരുഷന്മാരുമായിരുന്ന ബന്ധങ്ങളെയും കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും അമേരിക്കന്‍ ജനങ്ങള്‍ക്ക് സത്യമെന്തെന്ന് അറിയാന്‍ തങ്ങള്‍ ശ്രമം നിര്‍ത്തുകയില്ലെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് എല്ലാ ഫയലുകളും ഉടന്‍ പുറത്തുവിടണമെന്നും ഇത് അവസാനിപ്പിക്കേണ്ട സമയമായെന്നും കമ്മിറ്റി റാങ്കിംഗ് മെംബര്‍ റോബര്‍ട്ട് ഗാര്‍സിയ പ്രസ്താവനയില്‍ പറഞ്ഞു.
ചിത്രങ്ങള്‍ വെറുപ്പുണര്‍ത്തുന്നവയെന്നാണ് പ്രോഗ്രസീവ് കോണ്‍ഗ്രസ് അംഗം പ്രമീല ജയ്പാല്‍ വിശേഷിപ്പിച്ചു.
ട്രംപ് എപ്‌സ്‌റ്റൈനുമായുള്ള അടുത്ത ബന്ധം നിരന്തരം നിഷേധിക്കുന്നുണ്ട്. പാം ബീച്ചിലെ അയല്‍വാസിയായാണ് താന്‍ എപ്‌സ്‌റ്റൈനിനെ അറിയുന്നതെന്നും പിന്നീട് 'വൃത്തികെട്ട പെരുമാറ്റം' കാരണം മര്‍-എ-ലാഗോ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കിയതാണെന്നും അദ്ദേഹം പറയുന്നു.
വാള്‍ സ്റ്റ്രീറ്റ് ജേര്‍ണല്‍ ട്രംപ് എപ്‌സ്‌റ്റൈനിന് നല്‍കിയതായി പറയുന്ന ലൈംഗിക പരാമര്‍ശങ്ങളുള്ള ഒരു ജന്മദിന കാര്‍ഡ് പുറത്തുവിട്ടിരുന്നു. കാര്‍ഡില്‍ ഉള്ള വരയും എഴുത്തും തനിക്കു ബന്ധമില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെ അദ്ദേഹം പത്രത്തിനെതിരെ കേസ് ഫയല്‍ ചെയ്തുമുണ്ട്.
കഴിഞ്ഞ മാസം, എപ്‌സ്‌റ്റൈനെ കുറിച്ചുള്ള സര്‍ക്കാര്‍ രേഖകള്‍ മുഴുവനും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന വ്യവസ്ഥയോടെ കോണ്‍ഗ്രസ് നിയമം പാസാക്കിയിരുന്നു. ഈ രേഖകള്‍ പുറത്തുവിടുന്നത് 'കുട്ടികളുടെ അശ്ലീല പരസ്യത്തിന് തുല്യം' ആകുമെന്ന് ട്രംപിന്റെ ഉപദേഷ്ടാക്കള്‍ ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്‍പ്പെടെയുള്ള സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രംപ് എതിര്‍പ്പ് പിന്‍വലിച്ചു. നിയമപ്രകാരം ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഡിസംബര്‍ 19-നകം രേഖകള്‍ പുറത്ത് വിടണം.
2008-ല്‍ ഒരു പ്രായപൂര്‍ത്തിയാകാത്തയാളുമായി വേശ്യാവൃത്തി ആവശ്യപ്പെട്ടതിന് കുറ്റം സമ്മതിച്ച എപ്‌സ്‌റ്റൈന്‍ ശിക്ഷ അനുഭവിച്ച് മോചിതനായിരുന്നു. പിന്നീട് മയാമി ഹെറാള്‍ഡ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഫെഡറല്‍ അധികാരികള്‍ കേസ് വീണ്ടും തുറക്കുകയും 2019-ല്‍ ബാലികമാരുടെ ലൈംഗിക വ്യാപാരവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തി എപ്‌സ്‌റ്റൈനിനെ അറസ്റ്റ് ചെയ്തു. രണ്ട് മാസം കഴിഞ്ഞ് എപ്‌സ്‌റ്റൈനെ ന്യൂയോര്‍ക്ക് ജയിലിലെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത് ആത്മഹത്യയെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍.
എപ്‌സ്‌റ്റൈന്റെ ബന്ധങ്ങള്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി എഹുദ് ബറാക്, ബ്രിട്ടന്‍ രാജകുടുംബാംഗം പ്രിന്‍സ് ആന്ദ്രൂ എന്നിവരിലേക്കു വരെ വ്യാപിച്ചിട്ടുണ്ട്.
ഡ്രോപ്പ് സൈറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് എപ്‌സ്‌റ്റൈന്‍ ഇസ്രായേലിന്റെ അഭിഭാഷകനും ശക്തമായ പിന്തുണക്കാരനുമായ അലന്‍ ഡര്‍ഷോവിറ്റ്‌സിന്റെ നേതൃത്വത്തിലുള്ള നിയമസംഘത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇസ്രായേലും റഷ്യയും അതുപോലെ ആഫ്രിക്കയും ഏഷ്യയും ഉള്‍പ്പെടുന്ന രാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപെടലുകള്‍ക്ക് സഹായം ചെയ്തിരുന്നുവെന്നും പറയുന്നു.
