ന്യൂഡല്‍ഹി: രാജ്യത്ത് 2027ലെ സെന്‍സസിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 2027 മാര്‍ച്ച് ഒന്നിനായിരിക്കും സെന്‍സസിനുള്ള റഫറന്‍സ് തിയ്യതി. 11,718 കോടി രൂപ ചെലവില്‍ സെന്‍സസ് നടത്താനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലില്‍ ആരംഭിക്കും. ജനസംഖ്യാ കണക്കെടുപ്പ് ഫെബ്രുവരി 2027ന് നടക്കും. മാര്‍ച്ച് ഒന്നിനും അഞ്ചിനും ഇടയ്ക്ക് ഇതിന്റെ പരിശോധന നടക്കും. ജാതി സെന്‍സസും ഇതിനൊപ്പം നടത്താന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസായും അതു മാറും. മൊബൈല്‍ ആപ്പുകള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും തയ്യാറാക്കും. സ്വയം വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താനും ഇതില്‍ സൗകര്യം ഉണ്ടാകും. മുപ്പതു ലക്ഷം പേരെ സെന്‍സസ് നടപടികള്‍ക്കായി നിയോഗിക്കും. 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സന്‍സ് കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നു.
