തായ്‌ലാന്‍ഡും കംബോഡിയയും തമ്മില്‍ ദിവസങ്ങളായി തുടരുന്ന രൂക്ഷമായ അതിര്‍ത്തി സംഘര്‍ഷത്തിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ടെലിഫോണ്‍ ചര്‍ച്ചകളുടെ തുടര്‍ഫലമായാണ് ഇരുരാജ്യങ്ങളും വെടിവെയ്പ്പ് നിര്‍ത്താനും ഒക്ടോബറില്‍ കൈവരിച്ച സമാധാന ധാരണ പാലിക്കാനും സമ്മതിച്ചത്.
ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യല്‍'ലൂടെയാണ് വെടിനിര്‍ത്തല്‍ വിവരം അറിയിച്ചത്.
തായ് പ്രധാനമന്ത്രി അനുതിന്‍ ചാണ്‍വിരകുലും കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റും സമാധാനത്തിന് തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. റോഡ്‌സൈഡ് ബോംബ് സ്‌ഫോടനത്തില്‍ നിരവധി തായ് സൈനികര്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതും അപകടമെന്ന നിലയിലാണ് വിശദീകരിക്കപ്പെട്ടതെന്നും, അതിനെത്തുടര്‍ന്ന് ശക്തമായ തിരിച്ചടി ഉണ്ടായതാണെന്നും ട്രംപ് പറഞ്ഞു.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ ഇടപെടലിനെയും ട്രംപ് അഭിനന്ദിച്ചു. ഈ ആഴ്ച നടന്ന ഏറ്റുമുട്ടലുകളില്‍ കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ജൂലൈയില്‍ ഉണ്ടായ വലിയ സംഘര്‍ഷത്തിന് ശേഷം ഒക്ടോബറില്‍ മലേഷ്യയില്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ പുനഃസ്ഥാപിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഫ്രഞ്ച് കോളനിയല്‍ കാലത്തെ ഭൂപടങ്ങളിലുണ്ടായ തര്‍ക്കങ്ങളില്‍ നിന്നാണ് അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉദ്ഭവിച്ചതെന്നും, പ്രീഹ് വിഹിയര്‍ ക്ഷേത്രവും പരിസര പ്രദേശങ്ങളും സംബന്ധിച്ച അവകാശവാദങ്ങളാണ് പ്രധാന സംഘര്‍ഷകാരണമെന്നുമാണ് വിലയിരുത്തല്‍.
തായ്‌ലാന്‍ഡ-കംബോഡിയ അതിര്‍ത്തി സംഘര്‍ഷത്തിന് വെടിനിര്‍ത്തല്‍; ട്രംപിന്റെ മധ്യസ്ഥതയില്‍ സമാധാന ധാരണ പുന:സ്ഥാപിച്ചു
