റഷ്യയുടെ പണം മരവിപ്പിച്ച് തന്നെ; യുക്രെയിനിന് വായ്പ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ നീക്കം

റഷ്യയുടെ പണം മരവിപ്പിച്ച് തന്നെ; യുക്രെയിനിന് വായ്പ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ നീക്കം


ബ്രസ്സല്‍സ്: യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ മരവിപ്പിച്ചിട്ടുള്ള ആസ്തികള്‍ അനിശ്ചിതകാലത്തേക്ക് അതേ നിലയില്‍ തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) തീരുമാനിച്ചു. 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയിനില്‍ പൂര്‍ണാക്രമണം ആരംഭിച്ചതിന് പിന്നാലെ യൂറോപ്പില്‍ മരവിപ്പിച്ച ഏകദേശം 210 ബില്യണ്‍ യൂറോ (ഏകദേശം 185 ബില്യണ്‍ പൗണ്ട്) മൂല്യമുള്ള റഷ്യന്‍ ആസ്തികളാണ് ഇനിയും ഉപയോഗിക്കാതെ സൂക്ഷിക്കുക. ഇതില്‍ ഭൂരിഭാഗവും ബെല്‍ജിയത്തിലെ യൂറോ-ക്ലിയര്‍ (Euro-clear) ബാങ്കിലാണുള്ളത്. അടുത്ത ആഴ്ച നടക്കുന്ന നിര്‍ണായക ഇ.യു ഉച്ചകോടിയില്‍, ഈ പണം അടിസ്ഥാനമാക്കി യുക്രെയിനിന് വലിയ വായ്പ നല്‍കാനുള്ള പദ്ധതിയില്‍ നേതാക്കള്‍ ധാരണയിലെത്തുമെന്ന പ്രതീക്ഷയിലാണ് യൂറോപ്പ്.

നാലുവര്‍ഷത്തോട് അടുക്കുന്ന യുദ്ധം യുക്രെയിന്റെ സാമ്പത്തിക ശേഷിയെ തളര്‍ത്തിയിരിക്കുകയാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 135.7 ബില്യണ്‍ യൂറോ ആവശ്യമാണ് എന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ രണ്ടില്‍ മൂന്നുഭാഗം യൂറോപ്പ് നല്‍കുകയാണ് ലക്ഷ്യം. എന്നാല്‍ റഷ്യ ഈ നീക്കത്തെ 'മോഷണം' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനിടെ, യൂറോ-ക്ലിയറിനെതിരെ റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് മോസ്‌കോ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

റഷ്യ നശിപ്പിച്ച ഇടങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ റഷ്യയുടെ തന്നെ പണം ഉപയോഗിക്കുന്നത് നീതിയുക്തമാണെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രതികരിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച് മെര്‍സും, ഈ ആസ്തികള്‍ ഭാവിയിലെ റഷ്യന്‍ ആക്രമണങ്ങളില്‍ നിന്ന് യുക്രെയിനെ സംരക്ഷിക്കാന്‍ സഹായകരമാകുമെന്ന് പറഞ്ഞു. യൂറോപ്യന്‍ കമ്മീഷനും സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നിയമപരമായ സംരക്ഷണമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ എല്ലാ രാജ്യങ്ങളും ആശ്വാസത്തിലാണ് എന്നില്ല. നിയമപരവും സാമ്പത്തികവുമായ അപകടസാധ്യതകളെക്കുറിച്ച് ബെല്‍ജിയം സര്‍ക്കാരിന് ആശങ്കയുണ്ട്. ഇത്തരമൊരു നീക്കം ആഗോള സാമ്പത്തിക സംവിധാനത്തെ അസ്ഥിരമാക്കാമെന്ന് യൂറോ-ക്ലിയര്‍ മേധാവി വാലറി ഉര്‍ബൈനും, മുന്നറിയിപ്പ് നല്‍കി. റഷ്യയില്‍ യൂറോ-ക്ലിയറിന് തന്നെ 16-17 ബില്യണ്‍ യൂറോ മൂല്യമുള്ള ആസ്തികള്‍ മരവിപ്പിച്ചിരിക്കുകയാണ്.

റഷ്യന്‍ ആസ്തികളില്‍ നിന്നുള്ള പലിശയായ 'വിന്‍ഡ്ഫാള്‍ ലാഭം' മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ യുക്രെയിനിന് നല്‍കിയത്. 2024ല്‍ ഇത് 3.7 ബില്യണ്‍ യൂറോയായിരുന്നു. എന്നാല്‍ 2025ല്‍ അമേരിക്കന്‍ സഹായം ഗണ്യമായി കുറഞ്ഞതോടെ, യുക്രെയിനിനുള്ള പിന്തുണ ശക്തമാക്കാന്‍ യൂറോപ്പ് പുതിയ വഴികള്‍ തേടുകയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് യുഎസ് സഹായം വെട്ടിക്കുറച്ചതും യൂറോപ്യന്‍ യൂണിയനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.