വാഷിംഗ്ടണ്‍ : 2020ലെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് ജോര്‍ജിയയിലെ ഫള്‍ട്ടണ്‍ കൗണ്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ട തെരഞ്ഞെടുപ്പിനെക്കുറിച്ച് വീണ്ടും അന്വേഷിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കമായാണ് ഇതിനെ കാണുന്നത്.
2020ലെ പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ബാലറ്റ് സ്റ്റബുകള്‍, ഒപ്പിട്ട എന്‍വലപ്പുകള്‍ ഉള്‍പ്പെടെയുള്ള രേഖകളാണ് നീതിന്യായ വകുപ്പ് ആവശ്യപ്പെടുന്നത്. ഫെഡറല്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ഫള്‍ട്ടണ്‍ കൗണ്ടി പാലിച്ചിട്ടുണ്ടോയെന്ന് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണെന്നും കേസില്‍ പറയുന്നു.
രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ ഫള്‍ട്ടണ്‍ കൗണ്ടി ക്ലര്‍ക്കിന് കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി. ജോ ബൈഡനോട് പരാജയപ്പെട്ടിട്ടും 2020ലെ തെരഞ്ഞെടുപ്പ് താന്‍ ജയിച്ചെന്ന അവകാശവാദം ട്രംപ് ആവര്‍ത്തിച്ചു തുടരുകയാണ്. ജോര്‍ജിയയില്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ട്രംപിനും മറ്റ് 18 പേര്‍ക്കുമെതിരെ ഫള്‍ട്ടണ്‍ കൗണ്ടിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും, ട്രംപ് കുറ്റം നിഷേധിക്കുകയും കഴിഞ്ഞ മാസം എല്ലാ പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ റദ്ദാക്കപ്പെടുകയും ചെയ്തു.
അതേസമയം, വിഷയത്തില്‍ പ്രതികരണം തേടിയ എബിസി ന്യൂസിന്റെ അഭ്യര്‍ഥനയ്ക്ക് ഫള്‍ട്ടണ്‍ കൗണ്ടി ക്ലര്‍ക്ക് ഉടന്‍ മറുപടി നല്‍കിയില്ല.
2020 തെരഞ്ഞെടുപ്പ് രേഖകള്‍ തേടി ഫള്‍ട്ടണ്‍ കൗണ്ടിക്കെതിരെ യുഎസ് നീതിന്യായ വകുപ്പിന്റെ കേസ്
