ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ തീരുവകൾ അവസാനിപ്പിക്കണമെന്ന് യുഎസ് കോൺഗ്രസിൽ പ്രമേയം

ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ തീരുവകൾ അവസാനിപ്പിക്കണമെന്ന് യുഎസ് കോൺഗ്രസിൽ പ്രമേയം


വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം വരെ ഉയർന്ന തീരുവകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളായ ഡെബോറ റോസ്, മാർക്ക് വീസി, രാജാ കൃഷ്ണമൂർത്തി എന്നിവർ ഹൗസ് ഓഫ് റിപ്പ്രസന്റേറ്റീവ്‌സിലാണ് പ്രമേയം അവതരിപ്പിച്ചത്. 

അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEEPA) ഉപയോഗിച്ച് ഏർപ്പെടുത്തിയ ഈ തീരുവകൾ നിയമവിരുദ്ധവും അമേരിക്കൻ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും വിതരണ ശൃംഖലകൾക്കും ദോഷകരവുമാണെന്ന് പ്രമേയത്തിൽ പറയുന്നു. ഓഗസ്റ്റിൽ 25 ശതമാനമായി തുടങ്ങിയ തീരുവകൾ പിന്നീട് 'സെക്കൻഡറി' തീരുവകൾ ചേർന്ന് പല ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും 50 ശതമാനമായി ഉയർന്നിരുന്നു. 

ഇന്ത്യയുമായി വ്യാപാരം, നിക്ഷേപം, ഇന്ത്യൻ-അമേരിക്കൻ സമൂഹം എന്നിവയിലൂടെ ശക്തമായി ബന്ധപ്പെട്ടു നിൽക്കുന്ന നോർത്ത് കരോലൈന പോലുള്ള സംസ്ഥാനങ്ങൾക്ക് ഇതു തിരിച്ചടിയാണെന്ന് റോസ് പറഞ്ഞു. ഉപഭോക്താക്കളുടെ ജീവിതച്ചെലവ് വർധിപ്പിക്കുന്ന നികുതിയാണിതെന്ന് വീസിയും വിമർശിച്ചു. 

ഇന്ത്യയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം ദുർബലമാക്കുന്ന നടപടിയാണിതെന്നും വിതരണ ശൃംഖലകൾ തകർക്കുന്നതായും കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി. 

ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്താനുള്ള ചർച്ചകൾ ഊർജിതമാകുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസിലെ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രസിഡന്റ് ട്രംപും അടുത്തിടെ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഉന്നത യുഎസ് ഉദ്യോഗസ്ഥർ ന്യൂഡൽഹിയിൽ ചർച്ചകൾ നടത്തി. അതേസമയം ഇന്റൽ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള വലിയ ടെക് കമ്പനികൾ ഇന്ത്യയിൽ വൻ നിക്ഷേപങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.