തിരുവനന്തപുരം: പ്രതീക്ഷ കൈവിട്ട് വനിതാ സിപിഒ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ച് മടങ്ങി. ഇന്ന് രാത്രിയോടുകൂടി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സമരം ഉപേക്ഷിച്ചത്. എകെജി സെന്ററില്‍ എത്തിയപ്പോള്‍ എംപി കൂടിയായ സിപിഐഎം നേതാവ് അപമാനിച്ചതായി ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.
ഹാള്‍ ടിക്കറ്റ് കത്തിച്ചാണ് വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചത്. എകെജി സെന്ററില്‍ വെച്ച് കണ്ടപ്പോള്‍, സമരം തുടങ്ങിയാലും തൂങ്ങി മരിച്ചാലും പാര്‍ട്ടിക്കൊന്നുമില്ലെന്ന് എംപി പറഞ്ഞതായും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. സമരം ചെയ്യുന്നവര്‍ക്ക് ദുര്‍വാശിയാണെന്ന പി.കെ. ശ്രീമതിയുടെ പരാമര്‍ശത്തിനും ഉദ്യോഗാര്‍ഥികള്‍ മറുപടി നല്‍കി. സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ എന്താണെന്ന് മനസിലാക്കണം. അല്ലാതെ വാശിപിടിച്ച് മുന്നോട്ടു പോവുകയല്ല ചെയ്യേണ്ടതെന്നായിരുന്നു ശ്രീമതിയുടെ പരാമര്‍ശം. അവകാശപ്പെട്ട ജോലി ചോദിക്കുന്നത് എങ്ങനെ ദുര്‍വാശിയാകുമെന്നായിരുന്നു പ്രതിഷേധക്കാരുടെ മറുചോദ്യം. എകെജി സെന്ററില്‍ നിന്നും കരഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. പേര് പറഞ്ഞാല്‍ കേസ് കൊടുക്കും എന്ന് പറഞ്ഞതായും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
18 ദിവസത്തെ സമരത്തില്‍ പ്രതിഷേധത്തില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ക്ക് കഴിഞ്ഞ ദിവസം അഡൈ്വസ് മെമോ ലഭിച്ചുവെന്നതാണ് ഉദ്യോഗാര്‍ഥികളുടെ ആകെ ആശ്വാസം. പുറത്തുവന്ന ലിസ്റ്റില്‍ പരമാവധി നിയമനങ്ങള്‍ നടത്തി എന്നാണ് സര്‍ക്കാരിന്റെ ഭാഗം. എന്നാല്‍ ഇപ്പോഴും ഒഴിവുകള്‍ ഉണ്ടെന്നും 50 ശതമാനം പോലും നിയമനം നടത്തിയിട്ടില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ വാദിക്കുന്നു.
ഉദ്യോഗാര്‍ഥികള്‍ സമരം ആരംഭിക്കുമ്പോള്‍ 967 പേര്‍ ഉള്‍പ്പെട്ടിരിക്കുന്ന സപ്ലിമെന്ററി ലിസ്റ്റിലടക്കം 30 ശതമാനത്തില്‍ താഴെ മാത്രം പേര്‍ക്കായിരുന്നു നിയമനം ലഭിച്ചിരുന്നത്. അതായത് 967 പേരില്‍ നിയമന ശുപാര്‍ശ ലഭിച്ചത് 259 പേര്‍ക്ക് മാത്രം. ഇതില്‍ അറുപതും എന്‍ജെഡി (നോണ്‍ ജോയിനിങ് ഡ്യൂട്ടി) ആണ്. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 815 പേര്‍ക്കാണ് നിയമന ശുപാര്‍ശ ലഭിച്ചത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നായിരുന്നു ഉദ്യോഗാര്‍ഥികളുടെ പ്രധാന ആരോപണം. റാങ്ക് ലിസ്റ്റില്‍ നിന്ന് കൂടുതല്‍ നിയമനം നടത്തുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.
റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്നു; പ്രതീക്ഷ നശിച്ച വനിതാ സിപിഒ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ച് മടങ്ങി
