ശ്രീനഗർ : ജമ്മു കശ്മീരിലെ റമ്പാനിലുണ്ടായ മിന്നൽ പ്രളയത്തിലും കനത്ത മണ്ണിടിച്ചിലിലും മൂന്ന് മരണം. ഒരാളെ കാണാതായി. നൂറോളം പേരെ രക്ഷപ്പെടുത്തി. 10 വീടുകൾ പൂർണമായും മുപ്പതോളം വീടുകൾ ഭാഗികമായും തകർന്നു.
റമ്പാൻ ജില്ലയിലെ ചിനാബ് നദിക്ക് സമീപം ധരംകുണ്ട് ഗ്രാമത്തിലാണ് അപകടമുണ്ടായത്. ശനിയാഴ്ച അർധരാത്രിയിലുണ്ടായ കനത്ത മഴക്ക് പിന്നാലെയാണ് മിന്നൽ പ്രളയവും മണ്ണിടിച്ചിലും ആലിപ്പഴ വീഴ്ചയും ഉണ്ടായത്.
ചിനാബ് നദിയെ ബന്ധിപ്പിക്കുന്ന പാലത്തിന് സമീപത്ത് കൂടിയാണ് മിന്നൽ പ്രളയം ധരംകുണ്ട് ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. അപകടത്തെ തുടർന്ന് ധരംകുണ്ട് പൊലീസും ജില്ലാ ഭരണകൂടവും നടത്തിയ അടിയന്തര നടപടിയിലാണ് നൂറോളം പേരെ രക്ഷിക്കാനായത്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
മണ്ണിടിച്ചിലിൽ ദേശീയപാത 44ലെ ഗതാഗതം തടസപ്പെട്ടു. ഇതേ തുടർന്ന് ജമ്മുശ്രീനഗർ ദേശീയപാതയിൽ നഷ്‌കരിക്കും ബനിഹാലിനുമിടയിൽ ഗതാഗതം നിർത്തിവെച്ചു. വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുകയാണ്.
മിന്നൽ പ്രളയത്തിൽ കുതിച്ചൊഴുകിയ മണ്ണ് വീടുകൾക്കുള്ളിൽ നിറയുകയും വാഹനങ്ങൾക്കും മുകളിൽ പതിക്കുകയുമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ആവശ്യമായ സഹായങ്ങൾ നൽകുമെന്നും ഡെപ്യൂട്ടി കമീഷണർ ബശീറുൾ ഹഖ് ചൗധരി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ജമ്മു കശ്മീരിലെ റമ്പാനിലുണ്ടായ മിന്നൽ പ്രളയത്തിലും കനത്ത മണ്ണിടിച്ചിലിലും മൂന്ന് മരണം
