രാജ്യത്ത് മത സ്പര്‍ധ' വളരുന്നതിന് ഉത്തരവാദി സുപ്രീംകോടതിയെന്ന് ബിജെപി എംപി; കലാപാഹ്വാനമെന്ന് പ്രതിപക്ഷം

രാജ്യത്ത് മത സ്പര്‍ധ' വളരുന്നതിന് ഉത്തരവാദി സുപ്രീംകോടതിയെന്ന് ബിജെപി എംപി; കലാപാഹ്വാനമെന്ന് പ്രതിപക്ഷം


ന്യൂഡല്‍ഹി: സുപ്രീംകോടതിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ബിജെപി നേതാവും ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപിയുമായ നിഷികാന്ത് ദുബെയുടെ നിലപാടില്‍ രാഷ്ട്രീയ പോര്. രാജ്യത്ത് 'മത സ്പര്‍ധ' പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നുള്‍പ്പെടെയുള്ള ദുബൈയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. വിഷയത്തില്‍ ബിജെപി എംപിയെ കൈവിട്ടിട്ടും ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.

നിഷികാന്ത് ദുബെയ്ക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിജെപി എംപിയുടെ നിലപാട് കോടതിക്ക് എതിരെയുള്ള കലാപാഹ്വാനമാണെന്ന് എഎപി ആരോപിച്ചു. ബിജെപി കോടതിയെ ഭീഷണിപ്പെടുത്തുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍, സുപ്രീം കോടതി വിരുദ്ധ നിലപാട് എടുക്കുന്ന എംപിമാരെ പാടെ തള്ളുകയാണ് ബിജെപി നേതൃത്വം. നിഷികാന്ത് ദുബെ ഉള്‍പ്പെടെയുള്ളവരുടെ വാക്കുകള്‍ തീര്‍ത്തും വ്യക്തിപരമാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. ഇത്തരം നിലപാടുകളോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നും ജെ പി നഡ്ഡ വ്യക്തമാക്കുന്നു. ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നും ജെ പി നഡ്ഡ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു. നിഷികാന്ത് ദുബെയ്ക്ക് പുറമെ മറ്റൊരു പാര്‍ട്ടി എംപി യായ ദിനേശ് ശര്‍മയും സുപ്രീം കോടതിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതൃത്വത്തിന്റെ താക്കീത്.

ബില്ലുകള്‍ പാസാക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീംകോടതി ഉത്തരവാണ് വിവാദങ്ങളുടെ തുടക്കം. സുപ്രീംകോടതി പരിധി വിടുകയാണെന്നും പരമോന്നത കോടതി നിയമങ്ങളുണ്ടാക്കാന്‍ തുടങ്ങുകയാണെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചിടാമെന്നുള്‍പ്പെടെയായിരുന്നു ദുബെ നടത്തിയ പരാമര്‍ശങ്ങള്‍.

' ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. പാര്‍ലമെന്റാണ് രാജ്യത്തെ നിയമങ്ങളുണ്ടാക്കുന്നത്. സുപ്രീം കോടതി ഇപ്പോള്‍ പാര്‍ലമെന്റിനോട് ആജ്ഞാപിക്കുകയാണോ? നിങ്ങളെങ്ങനെയാണ് പുതിയ നിയമങ്ങളുണ്ടാക്കുന്നത്? രാഷ്ട്രപതി മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്? നിങ്ങള്‍ ഈ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കാനാണോ ആഗ്രഹിക്കുന്നത് ? പാര്‍ലമെന്റ് കൂടുമ്പോള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച വേണം' എന്നായിരുന്നു ദുബെയുടെ വാക്കുകള്‍. നേരത്തെ, ഇതേ വിഷത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സുപ്രീംകോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.