വാഷിംഗ്്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ശക്തമായ പ്രതിഷേധവുമായി ആയിരക്കണക്കിനാളുകൾ തെരുവിൽ. ശനിയാഴ്ചയാണ് പ്രതിഷേധമുണ്ടായത്. 50501 എന്ന പേരിലാണ് പ്രതിഷേധം. 50 സ്റ്റേറ്റുകളിൽ 50 പ്രതിഷേധങ്ങൾ ഒരൊറ്റ ലക്ഷ്യം എന്ന സൂചിപ്പിക്കുന്നതിനാണ് പ്രതിഷേധത്തിന് 50501 എന്ന പേരിട്ടിരിക്കുന്നത്.
വൈറ്റ് ഹൗസിന് മുമ്പിൽ തുടങ്ങി ടെസ്‌ല ഡീലർഷിപ്പുകൾക്ക് മുമ്പിൽ വരെ ആളുകൾ പ്രതിഷേധവുമായി അണിനിരന്നു. അമേരിക്കൻ വിപ്ലവത്തിന്റെ 250-ാം വാർഷികദിനത്തിലാണ് പ്രതിഷേധമുണ്ടായതെന്നും ശ്രദ്ധേയമാണ്. ഡോജ് അടക്കമുള്ള ഏജൻസികളുടെ പ്രവർത്തനങ്ങൾക്കെതിരെയാണ് പ്രതിഷേധം.
സമാധാനപരമായാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്. ആളുകളെ വ്യാപകമായി യു.എസിൽ നിന്നും നാടുകടത്തുന്ന ട്രംപിന്റെ നയത്തിനെതിരെയാണ് പ്രധാനമായും വിമർശനം. ഇതിനൊപ്പം ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും വിമർശനം ശക്തമാവുന്നുണ്ട്. അധിക തീരുവ ചുമത്തിയുള്ള ട്രംപിന്റെ നയവും പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
നേരത്തെ റോയിറ്റേഴ്‌സ് ഇപോസ് പോളിൽ ട്രംപിന്റെ ജനസമ്മതി കുറയുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 47 ശതമാനത്തിൽ നിന്ന് 43 ശതമാനമായാണ് ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞത്. ട്രംപിന്റെ സാമ്പത്തികനയങ്ങളെ അനുകൂലിക്കുന്നവരുടെ എണ്ണം 42 ശതമാനത്തിൽ 37 ശതമാനമാക്കി കുറച്ചിരുന്നു.
ശനിയാഴ്ചത്തെ പ്രതിഷേധങ്ങളുടെ പ്രധാന സവിശേഷതകളിലൊന്ന് ഡോണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും അപലപിക്കുന്ന പ്ലക്കാർഡുകളായിരുന്നു. പാലസ്തീൻ ജനതയ്ക്കും സ്വവർഗാനുരാഗി സമൂഹത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പതാകകളും പ്രതിഷേധക്കാർ പിടിച്ചിരുന്നു.
ന്യൂയോർക്കിൽ, ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിലൂടെ മാർച്ച് നടത്തിയ ആളുകൾ സെൻട്രൽ പാർക്ക്, ട്രംപ് ടവർ തുടങ്ങിയ ലാൻഡ്മാർക്കുകളിലേക്ക് എത്തി. ട്രംപ് യുഎസിലെ കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെ ചെറുക്കണമെന്നാവശ്യപ്പെട്ട പ്രതിഷേധക്കാർ 'അമേരിക്കയിൽ രാജാക്കന്മാരില്ല', 'ഐസിഇ വേണ്ട, ഭയമില്ല, കുടിയേറ്റക്കാർക്ക് ഇവിടെ സ്വാഗതം' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.
ന്യൂയോർക്കിലെ ഒരു പ്രതിഷേധക്കാരിയും ഹോളോകോസ്റ്റ് അതിജീവിച്ചവരുടെ മകളുമായ 73 വയസ്സുള്ള കാത്തി വാലി, യുഎസിൽ ഇപ്പോൾ സംഭവിക്കുന്നതിനെ ജർമ്മനിയിലെ നാസി ഭരണത്തോടാണ് തുലനം ചെയ്തത്.
'ഒരു കാര്യം, ട്രംപ് ഹിറ്റ്‌ലറെക്കാളും മറ്റ് ഫാസിസ്റ്റുകളെക്കാളും വളരെ മണ്ടനാണ്... അദ്ദേഹത്തെ കളിപ്പിക്കുകയാണ്... അദ്ദേഹത്തിന്റെ സ്വന്തം ടീം വിഭജിക്കപ്പെട്ടിരിക്കുന്നു,' അവരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.
'തൊഴിലാളികൾക്ക് അധികാരം നൽകണം,' 'രാജത്വം വേണ്ട,' 'ഇസ്രായേലിനെ ആയുധമാക്കുന്നത് നിർത്തുക', 'ഉചിതമായ നടപടിക്രമങ്ങൾ' എന്നീ ബാനറുകളുമായി വൈറ്റ് ഹൗസിന് പുറത്ത് ആളുകൾ റാലി നടത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടണിലും പലസ്തീനെ പിന്തുണച്ച് ആളുകൾ കെഫിയേ സ്‌കാർഫുകൾ ധരിച്ച് പ്രതിഷേധിച്ചു.
യുഎസിലെ പ്രധാന റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിലൊന്നായ ടെക്‌സസിലും ഗാൽവെസ്റ്റൺ നഗരത്തിൽ ഒരു ചെറിയ പ്രകടനം നടന്നു.
'ഇത് എന്റെ നാലാമത്തെ പ്രതിഷേധമാണ്, സാധാരണയായി ഞാൻ അടുത്ത തിരഞ്ഞെടുപ്പിനായി കാത്തിരിക്കും... നമുക്ക് ഇപ്പോൾ അത് ചെയ്യാൻ കഴിയില്ല. നമുക്ക് ഇതിനകം വളരെയധികം നഷ്ടപ്പെട്ടു.'-63 വയസ്സുള്ള എഴുത്തുകാരിയും അവിടത്തെ പ്രതിഷേധക്കാരിൽ ഒരാളുമായ പാറ്റ്‌സി ഒലിവർ എഎഫ്പിയോട് പറഞ്ഞു.
സാൻ ഫ്രാൻസിസ്‌കോയിൽ, ആളുകൾ ഒരു കടൽത്തീരത്തെ മണലിൽ 'ഇംപീച്ച് & റിമൂവ്' എന്ന് എഴുതി. ദുരിതത്തിന്റെ പ്രതീകമായി ചിലർ യുഎസ് പതാക തലകീഴായി പിടിച്ചു.
1775 ഏപ്രിൽ 19ന് 'ലോകമെമ്പാടും നടുക്കം സൃഷ്ടിച്ച വെടിവയ്പ്പ്'അനുസ്മരണത്തോടനുബന്ധിച്ച് മസാച്യുസെറ്റ്‌സിലും പ്രകടനം നടന്നു. 250 വർഷങ്ങൾക്ക് മുമ്പ് നടന്ന വിപ്ലവ യുദ്ധത്തിന്റെ തുടക്കം ഈ പരിപാടി അടയാളപ്പെടുത്തുന്നുവെന്ന് എപി റിപ്പോർട്ട് ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് സ്വാതന്ത്ര്യം നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിൽ അസന്തുഷ്ടരായ വിദ്യാർത്ഥികൾ മുതൽ നിരവധി ഫെഡറൽ വകുപ്പുകളിലെ കൂട്ട പിരിച്ചുവിടലുകളിൽ ഞെട്ടിപ്പോയ മുതിർന്ന ഫെഡറൽ തൊഴിലാളികൾ വരെ അമേരിക്കയുടെ പല ഭാഗങ്ങളിലും എല്ലാ പ്രായത്തിലുമുള്ളവരും സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകളും ഒത്തുകൂടി ട്രംപ് ഭരണകൂടത്തോടുള്ള തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചു.
പ്രതിഷേധത്തിനു നേതൃത്വം നൽകിയ 50501 ഗ്രൂപ്പ് രാജ്യത്തുടനീളം ഏകദേശം 400 പ്രകടനങ്ങൾ ആസൂത്രണം ചെയ്തിരുന്നു.
ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനുമെതിരെ അമേരിക്കയിലുടനീളം ഇത്തരം പ്രകടനങ്ങൾ നടക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനുമുമ്പ്, ഏപ്രിൽ 5ന് സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു, അതിൽ വലിയ ജനപങ്കാളിത്തവും ഉണ്ടായിരുന്നു.
ട്രംപിനെതിരെ ശക്തമായ പ്രതിഷേധവുമായി ആയിരക്കണക്കിനാളുകൾ തെരുവിൽ
