പുടിന്‍ മുന്നോട്ടുവെച്ച ഈസ്റ്റര്‍ ഉടമ്പടി തള്ളി സെലെന്‍സ്‌കി

പുടിന്‍ മുന്നോട്ടുവെച്ച ഈസ്റ്റര്‍ ഉടമ്പടി തള്ളി സെലെന്‍സ്‌കി


കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നിര്‍ദ്ദേശിച്ച ഈസ്റ്റര്‍ ഉടമ്പടിയെ യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി തള്ളി. മനുഷ്യജീവിതം കൊണ്ട് കളിക്കാനാണ് പുടിന്‍ ശ്രമിക്കുന്നതെന്ന് സെലെന്‍സ്‌കി ആരോപിച്ചു.

'മാനുഷിക കാരണങ്ങള്‍' ചൂണ്ടിക്കാട്ടി 1ശനിയാഴ്ച മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെ 30 മണിക്കൂര്‍ പോരാട്ടം നിര്‍ത്തിവയ്ക്കാന്‍ പുടിന്‍ ശനിയാഴ്ച ഉത്തരവിട്ടിരുന്നു.

യുക്രേനിയന്‍ പക്ഷം തങ്ങളുടെ മാതൃക പിന്തുടരുമെന്ന അടിസ്ഥാനത്തിലാണ് മുമ്പോട്ടു പോകുന്നതെന്നും എന്നാല്‍ സാധ്യമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളെയും ശത്രുവിന്റെ പ്രകോപനങ്ങളെയും ഏതെങ്കിലും ആക്രമണാത്മക നടപടികളെയും ചെറുക്കാന്‍ തങ്ങളുടെ സൈന്യം തയ്യാറായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപ്പിലാക്കിയാല്‍ മൂന്ന് വര്‍ഷത്തെ യുദ്ധത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇടവേളയായിരിക്കും ഇത്.

തങ്ങളുടെ ആകാശത്തിലെ ആക്രമണ ഡ്രോണുകള്‍ ഈസ്റ്ററിനോടും മനുഷ്യജീവിതത്തോടുമുള്ള പുടിന്റെ യഥാര്‍ഥ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് സെലെന്‍സ്‌കി കുറ്റപ്പെടുത്തി. വാക്കുകളല്ല പ്രവൃത്തികളാണ് റഷ്യ പിന്തുടരേണ്ടതെന്നും അത് കാണാന്‍ കീവ് കാത്തിരിക്കുകയാണെന്നും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഗ പറഞ്ഞു. പുടിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ്  കീവിലും യുക്രെയ്‌നിലുടനീളവും വ്യോമാക്രമണ മുന്നറിയിപ്പുകള്‍ നല്‍കി.

വെടിനിര്‍ത്തലിന് ഇരുപക്ഷത്തെയും പ്രേരിപ്പിക്കുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാസങ്ങളായുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താത്ക്കാലിക വെടിനിര്‍ത്തല്‍. കഴിഞ്ഞ മാസം 30 ദിവസത്തെ വെടിനിര്‍ത്തലിനുള്ള യു എസ് നിര്‍ദ്ദേശം യുക്രെയ്ന്‍ അംഗീകരിച്ചെങ്കിലും റഷ്യ നിരസിക്കുകയായിരുന്നു.