എലോണ്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കും

എലോണ്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കും


വാഷിംഗ്ടണ്‍: ഈ വര്‍ഷം അവസാനം ശതകോടീശ്വരനും ടെസ്ലയുടേയും സ്‌പേസ് എക്‌സിന്റേയും സി ഇ ഒയുമായ എലോണ്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എലോണ്‍ മസ്‌കുമായി ടെലിഫോണില്‍ സാങ്കേതികവിദ്യ ചര്‍ച്ച ചെയ്തതായി പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് എലോണ്‍ മസ്‌ക് ഇന്ത്യന്‍ സന്ദര്‍ശനത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. 

ഇന്ത്യയും അദ്ദേഹത്തിന്റെ സംരംഭങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായി പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തെ വിശേഷിപ്പിച്ചു.

'ഈ വര്‍ഷാവസാനം ഇന്ത്യ സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നാണ് മസ്‌ക് തന്റെ പോസ്റ്റില്‍ കുറിച്ചത്. 

ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ ഡി സിയില്‍ നടന്ന തങ്ങളുടെ കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് എലോണ്‍ മസ്‌കിനോട്  സംസാരിച്ചതായും സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും മേഖലകളിലെ സഹകരണത്തിനുള്ള വലിയ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തതായും മോഡി പറഞ്ഞു. ഈ മേഖലകളില്‍ യു എസുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. 

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായാണ് മസ്‌ക് കണക്കാക്കപ്പെടുന്നത്. കൂടാതെ സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതിനും ഫെഡറല്‍ തൊഴിലാളികളെ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന് അദ്ദേഹമാണ് നേതൃത്വം നല്‍കുന്നത്.

ടെസ്ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കും വിപുലീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അടുത്തിടെ സ്റ്റാര്‍ലിങ്ക് എക്‌സിക്യൂട്ടീവുകളുമായി അവരുടെ സാങ്കേതികവിദ്യ, പങ്കാളിത്തം, നിക്ഷേപ പദ്ധതികള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു.

സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്കായി ജിയോയും എയര്‍ടെല്ലും സ്പേസ് എക്സുമായി കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും സുരക്ഷയിലും സ്‌പെക്ട്രത്തിലും സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതുവരെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്.