വാഷിഗ്ടണ്‍: റഷ്യയിലും യുക്രെയ്‌നിലും സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ട്രംപ് ശക്തമാക്കുമ്പോള്‍ റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍ ലഘൂകരിക്കാനും യുക്രെയ്നെ നാറ്റോ പട്ടികയില്‍ നിന്ന് പുറത്താക്കാനും വാഗ്ദാനം ചെയ്യുന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി യു എസ് സഖ്യകക്ഷികള്‍ക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചു.
വെടിനിര്‍ത്തല്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിബന്ധനകള്‍ യു എസ് രൂപരേഖ നല്‍കിയിട്ടുണ്ട്.
വേഗത്തില്‍ പുരോഗതി കൈവരിക്കുന്നില്ലെങ്കിലും ട്രംപ് ഭരണകൂടം സമാധാന ശ്രമങ്ങളില്‍ മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ പറഞ്ഞിരുന്നു.
വ്യാഴാഴ്ച പാരീസ് യോഗങ്ങളില്‍ യു എസ് പദ്ധതിയുടെ രൂപരേഖകള്‍ പങ്കിട്ടതായി യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിര്‍ദ്ദേശം അനുസരിച്ച്് യുദ്ധം മരവിപ്പിക്കുകയും റഷ്യ കൈവശപ്പെടുത്തിയിരിക്കുന്ന യുക്രെയ്‌നിയന്‍ പ്രദേശങ്ങള്‍ മോസ്‌കോയുടെ നിയന്ത്രണത്തില്‍ തുടരുകയും ചെയ്യും. മാത്രമല്ല, നാറ്റോയില്‍ ചേരാനുള്ള യുക്രെയ്നിന്റെ അഭ്യര്‍ഥന പരിഗണിക്കുകയുമില്ല. ചര്‍ച്ചകളുടെ രഹസ്യ സ്വഭാവത്തെ തുടര്‍ന്ന് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തവന്നിട്ടില്ല.
പാരീസ് ചര്‍ച്ചകള്‍ക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യു എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും കൂടിക്കാഴ്ച നടത്തി.
ഫ്രാന്‍സ്, ജര്‍മ്മനി, യു കെ, യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും ചര്‍ച്ചക്കാരുമായും മാര്‍ക്കോ റൂബിയോ ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചകള്‍ തുടരുന്നതിനായി സഖ്യകക്ഷികള്‍ അടുത്ത ആഴ്ച ലണ്ടനില്‍ വീണ്ടും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സമാധാന കരാറില്‍ ഉടന്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ ട്രംപ് ഭരണകൂടം വിട്ടുനില്‍ക്കാന്‍ തയ്യാറാണെന്ന് റൂബിയോ ചൂണ്ടിക്കാട്ടി.
സ്വയം പ്രതിരോധിക്കാനും ആഗ്രഹിക്കുന്ന ഏത് കരാറിലും ഏര്‍പ്പെടാനും യുക്രെയ്‌നിന് അവകാശമുണ്ടെന്ന് റൂബിയോ പറഞ്ഞു.