സാങ്കേതിക വിദ്യയിലും നവീകരണത്തിലും സഹകരണം: ഇലോണ്‍ മസ്‌കുമായി ചര്‍ച്ചനടത്തിയെന്ന് നരേന്ദ്ര മോഡി

സാങ്കേതിക വിദ്യയിലും നവീകരണത്തിലും സഹകരണം: ഇലോണ്‍ മസ്‌കുമായി ചര്‍ച്ചനടത്തിയെന്ന് നരേന്ദ്ര മോഡി


ന്യൂഡല്‍ഹി: ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ച നടത്തിയതായി പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് മസ്‌കുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരിക്കുന്നത്.

ഈ വര്‍ഷമാദ്യം വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മോഡിയും മസ്‌കും സംസാരിച്ച വിഷയങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്തു. സാങ്കേതിക പുരോഗതിക്കായുള്ള പൊതുവായ കാഴ്ചപ്പാട് അടിവരയിടുന്നതായിരുന്നു ചര്‍ച്ച. സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍ എന്നീ മേഖലകളില്‍ ഇന്ത്യഅമേരിക്ക  സഹകരണത്തിനുള്ള അനന്തസാധ്യതകള്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഈ മേഖലകളില്‍ പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ ഉറച്ച പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

'ഇലോണ്‍ മസ്‌കുമായി സംസാരിച്ചു. ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ ചര്‍ച്ചചെയ്ത വിഷയങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിച്ചു. സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍ എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അനന്തസാധ്യതകളെക്കുറിച്ചു ഞങ്ങള്‍ ചര്‍ച്ചചെയ്തു. ഈ മേഖലകളില്‍ അമേരിക്കയുമായുള്ള പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇന്ത്യ തുടര്‍ന്നും പ്രതിജ്ഞാബദ്ധമാണ്,' പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.