ന്യൂഡല്‍ഹി: ഇന്ത്യയുടെ 52-ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായിയെ നിലവിലുള്ള സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഔദ്യോഗികമായി ശുപാര്‍ശ ചെയ്തു. മെയ് 13നാണ് ജസ്റ്റിസ് ഖന്ന വിരമിക്കുന്നത്. മെയ് 14ന് ബി ആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും.
ഭൂഷണ്‍ രാമകൃഷ്ണ ഗവായി 1960 നവംബര്‍ 24ന് അമരാവതിയിലാണ് ജനിച്ചത്. 1985 മാര്‍ച്ച് 16ന് അഭിഭാഷകനായി ഔദ്യോഗിക തുടക്കം. 2003ല്‍ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജായും 2005 നവംബര്‍ 12ന് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായും നിയമിതനായി. 2026 നവംബറിലാണ് ഗവായ് വിരമിക്കുക.
സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച വിവിധ ഭരണഘടനാ ബെഞ്ചുകളുടെ ഭാഗമായിരുന്നു അദ്ദേഹം. ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ 2019ലെ തീരുമാനം ഏകകണ്ഠമായി ശരിവച്ച 5 ജഡ്ജിമാരുടെ ബെഞ്ചിലും അംഗമായിരുന്നു.
രാഷ്ട്രീയ ഫണ്ടിങ്ങിനായി ഉപയോഗിച്ചിരുന്ന ഇലക്റ്ററല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിലും ജസ്റ്റിസ് ഗവായി ഉള്‍പ്പെട്ടിരുന്നു. 2016ല്‍ 1000, 500 രൂപ കറന്‍സി നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവച്ച ബെഞ്ചിന്റെ ഭാഗമായിരുന്നു.
ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനായി പട്ടികജാതിക്കാര്‍ക്കുള്ളില്‍ ഉപവര്‍ഗീകരണങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് 6:1 ഭൂരിപക്ഷത്തോടെ വിധിച്ച 7 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് ഗവായി ഉണ്ടായിരുന്നു.