തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മുനമ്പത്തെ ജനങ്ങളെ പറ്റിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് പാസാക്കിയ വഖഫ് നിയമം മുനമ്പം വിഷയം പരിഹരിക്കാന്‍ പര്യാപ്തമല്ല.
നിയമ ഭേദഗതി ഒരിക്കലും അവസാനിക്കാത്ത നിയമപ്രശ്നത്തിലേക്ക് മുനമ്പം വിഷയത്തെ കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും സതീശന്‍ പറഞ്ഞു. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചത് യു ഡി എഫാണ്. അതേ നിലപാടിലേക്ക് ഭൂമി നല്‍കിയവരും വാങ്ങിയവരും എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വഖഫ് ട്രിബ്യൂണലില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായേനെ. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലില്‍ വഖഫ് ട്രിബ്യൂണലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തു. പ്രശ്നപരിഹാരത്തിനുള്ള അവസരത്തെ പിന്നില്‍ നിന്ന് കുത്തിയത് സംസ്ഥാന സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.