ന്യൂഡല്‍ഹി: ഹിന്ദുക്കളുടെ മതപരമായ ട്രസ്റ്റുകളില്‍ മുസ്‌ലിംകള്‍ക്ക് അംഗത്വം നല്‍കുമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിം കോടതി ചോദ്യം ഉന്നയിച്ചു. വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു സുപ്രിം കോടതിയുടെ ചോദ്യം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കപൂര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
ദീര്‍ഘകാലം ഉപയോഗം കൊണ്ടുള്ള വഖഫ് തെളിയിക്കാന്‍ പലരുടെയും പക്കല്‍ മതിയായ രേഖകള്‍ ഉണ്ടാകണമെന്നില്ല. ഈ സാഹചര്യത്തില്‍ അതെങ്ങനെ നിരാകരിക്കാന്‍ സാധിക്കുമെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു.
ചില ദുരുപയോഗങ്ങളുണ്ടെന്നത് സത്യമാണ്. എന്നാല്‍, അങ്ങനെയല്ലാത്തതും ഏറെയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വഖഫിനു കീഴില്‍ വരാന്‍ ആഗ്രഹിക്കാത്ത വലിയൊരു വിഭാഗം മുസ്ലിംകളുണ്ടെന്ന് തുഷാര്‍ മേത്ത വാദിച്ചു. ഇതിനു പ്രതികരണമായാണ് ഹിന്ദു ട്രസ്റ്റുകളില്‍ മുസ്ലിംകളെ ഉള്‍പ്പെടുത്തുമോ എന്നു കോടതി ചോദിച്ചത്.
കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍, അവ വഖഫ് മുഖേനയുള്ളതോ ആധാരം മുഖേനയുള്ളതോ ആയാലും ഡീനോട്ടിഫൈ ചെയ്യാന്‍ പാടില്ലെന്ന് സുപ്രിം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. നിലവിലെ വഖഫ് സ്വത്തുക്കള്‍ അതല്ലാതാക്കരുതെന്ന് നിര്‍ദ്ദേശിച്ച സുപ്രിം കോടതി വഖഫാണെന്ന് കോടതി പ്രഖ്യാപിച്ച സ്വത്തുക്കള്‍ അങ്ങനെയല്ലെന്ന് പ്രഖ്യാപിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
സ്വത്തുക്കളില്‍ നിലവിലെ സ്ഥിതി തുടരണമെന്നും വഖഫ് ബോര്‍ഡുകളിലേയും സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലേയും എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ ഒഴികെ എല്ലാവരും മുസ്‌ലിംകളായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ എന്ന് കലക്ടര്‍ അന്വേഷണം നടത്തുന്ന കാലയളവില്‍ അവ വഖഫ് ആയി കണക്കാക്കില്ലെന്ന വ്യവസ്ഥ പ്രാബല്യത്തില്‍ വരുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
കലക്ടര്‍മാര്‍ക്ക് നിയമനടപടിയുമായി മുന്നോട്ടു പോകാമെങ്കിലും തീരുമാനമെടുക്കുന്നത് കോടതിയാകുമെന്നും സുപ്രിം കോടതി പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖകള്‍ ഇല്ലാത്ത ഭൂമി എങ്ങനെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. ഉപയോഗം വഴി വഖഫായ ഭൂമി അതല്ലാതാക്കിയാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ആശങ്കപ്പെടുന്നതായും സുപ്രിം കോടതി വിലയിരുത്തി.
വഖഫ് ഭേദഗതി നിയമത്തിലെ ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവശ്യപ്പെട്ടു. ഭേദഗതിയില്‍ അംഗീകരിക്കാനാവുന്നതും ആവാത്തതുമായ കാര്യങ്ങളുണ്ട്. വഖഫുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രിം കോടതി ഇടക്കാല ഉത്തരവ് പറയാന്‍ തുടങ്ങിയെങ്കിലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേസ് കൂടുതല്‍ വാദത്തിനായി വ്യാഴാഴ്ചയിലേക്ക് മാറ്റി.
പാര്‍ലമെന്റ് നിയമത്തിലൂടെ മതാചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കപില്‍ സിബല്‍ സുപ്രിം കോടതിയില്‍ വാദിച്ചു. അനുച്ഛേദം 26ന്റെ ലംഘനമാണ് നടന്നതെന്നും മതപരമായ ആചാരങ്ങള്‍ ഭരണഘടനാപരമായ അവകാശമാണെന്നും ഇസ്‌ലാം മതത്തിലെ അനിവാര്യ ആചാരമാണ് വഖഫെന്നും ആചാരം ചോദ്യം ചെയ്യാന്‍ സര്‍ക്കാറിന് എന്താണ് അധികാരമെന്നും കപില്‍ സിബല്‍ ചോദിച്ചു.
കേസ് ഹൈക്കോടതിയിലേക്കു തിരികെ വിടണമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അനുച്ഛേദം 26നെ മതാചാരവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും അനുച്ഛേദം 26 മതേതരമാണെന്നും എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും പുരാതന സ്മരകങ്ങളാകും മുമ്പ് വഖഫായിരുന്നത് അങ്ങനെതന്നെ തുടരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മുസ്‌ലിം ലീഗ്, സി പി ഐ, ഡി എം കെ, നടന്‍ വിജയ് നയിക്കുന്ന തമിഴ്‌നാട് വെട്രി കഴകം, വൈ എസ് ആര്‍ കോണ്‍ഗ്രസ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ്, തൃണമൂല്‍ എം പി മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് എം പി മുഹമ്മദ് ജാവേദ്, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി, ആര്‍ ജെ ഡി, എ എ പി നേതാവ് അമാനുത്തുല്ല ഖാന്‍, അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, മൗലാന അര്‍ഷദ് മഅദനി, അന്‍ജും ഖദ്രി, തയ്യിബ് ഖാന്‍, സാല്‍മനി, മുഹമ്മദ് ഷാഫി, മുഹമ്മദ് ഫസലുറഹീം തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രിം കോടതി ഒന്നിച്ച് പരിഗണിച്ചത്.