ഫ്രാന്‍സിസ് മാര്‍പാപ്പയും റോമിലെ ചീഫ് റബ്ബിയും ഈസ്റ്റര്‍ ആശംസകള്‍ കൈമാറി

ഫ്രാന്‍സിസ് മാര്‍പാപ്പയും റോമിലെ ചീഫ് റബ്ബിയും ഈസ്റ്റര്‍ ആശംസകള്‍ കൈമാറി


വത്തിക്കാന്‍: ഈസ്റ്റര്‍ ദിനത്തില്‍ ജൂത പെസഹ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന റോമിലെ ജൂത സമൂഹത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസകള്‍ നേര്‍ന്നു. ''പെസഹാ പെരുന്നാള്‍ അടുക്കുമ്പോള്‍ നിങ്ങള്‍ക്കും റോമിലെ പ്രിയപ്പെട്ട ജൂത സമൂഹത്തിനും എന്റെ ഏറ്റവും ഹൃദയംഗമവും സാഹോദര്യപരവുമായ ആശംസകള്‍ നേരുന്നു. സര്‍വ്വശക്തന്‍ തന്റെ പ്രിയപ്പെട്ട ജനങ്ങളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച് വാഗ്ദത്ത ദേശത്തേക്ക് നയിച്ചതെങ്ങനെയെന്ന് ഈ ആഘോഷം ഓര്‍മ്മിപ്പിക്കുന്നു. നിത്യനും കരുണാമയനുമായ ദൈവം ഇന്നും നിങ്ങളോടൊപ്പമുണ്ടാകട്ടെ, അവന്‍ നിങ്ങളുടെ സമൂഹത്തെ തന്റെ അനുഗ്രഹങ്ങളുടെ സമൃദ്ധിയോടെ അനുഗമിക്കട്ടെ. അവന്റെ അനന്തമായ നന്മയില്‍, അവന്‍ എപ്പോഴും നിങ്ങളെ സംരക്ഷിക്കട്ടെ'' എന്നാണ് റോമിലെ ചീഫ് റബ്ബിക്ക് മാര്‍പാപ്പ എഴുതിയത്.

''നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ പ്രാര്‍ഥന ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതുപോലെ, എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് തുടരാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. സൗഹൃദത്തില്‍ കൂടുതല്‍ വളരാന്‍ അത്യുന്നതന്‍ നമ്മെ അനുവദിക്കട്ടെ. ചാഗ് സമേച്ച്' എന്നാണ് പരിശുദ്ധ പിതാവ് തന്റെ സന്ദേശം വ്യക്തിപരമായ അഭ്യര്‍ഥനയോടെ അവസാനിപ്പിച്ചത്.

റബ്ബി ഡി സെഗ്‌നി ക്രിസ്ത്യന്‍ ഈസ്റ്ററിന് ആശംസകള്‍ നേര്‍ന്നു. 'നമ്മുടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഒത്തുവരുമ്പോള്‍, നിങ്ങളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടാന്‍ വേണ്ടി പ്രത്യേക ചിന്തയോടെ എന്റെ ഊഷ്മളമായ ആശംസകള്‍ നേരുന്നു. നമ്മള്‍ ഇപ്പോള്‍ നേരിടുന്ന ദുഷ്‌കരമായ സമയങ്ങളില്‍ പോലും, കര്‍ത്താവ് നമ്മുടെ സമൂഹങ്ങളെ അനുഗ്രഹിക്കുകയും നമ്മുടെ സൗഹൃദം ശക്തിപ്പെടുത്തുകയും ചെയ്യട്ടെ' എന്ന് അദ്ദേഹം എഴുതി.