അധികാരത്തര്‍ക്കം: മസ്‌ക് നിയമിച്ച ഐ.ആര്‍.എസ്. തലവനെ ട്രംപിന്റെ അനുമതിയോടെ ട്രഷറി സെക്രട്ടറി പുറത്താക്കുന്നു

അധികാരത്തര്‍ക്കം: മസ്‌ക് നിയമിച്ച ഐ.ആര്‍.എസ്. തലവനെ ട്രംപിന്റെ അനുമതിയോടെ ട്രഷറി സെക്രട്ടറി പുറത്താക്കുന്നു


വാഷിംഗ്ടണ്‍: ട്രംപിന്റെ ഉപദേശകനും ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പ് മേധാവിയുമായ ഇലോണ്‍ മസ്‌ക് ട്രഷറി വകുപ്പില്‍ കൈകടത്തുന്നതിനെതിരെ ഭിന്നത രൂക്ഷമാകുന്നു. തന്റെ അനുവാദമില്ലാതെ ഇന്റേണല്‍ റവന്യൂ സര്‍വീസിന്റെ തലപ്പത്ത് മസ്‌ക് പുതുതായി നിയമിച്ച ആക്ടിംഗ് കമ്മീഷണറെ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പുറത്താക്കിയതാണ് പുതിയ സംഭവം. മസ്‌കിന്റെ അമിതാധികാര പ്രവണതയ്‌ക്കെതിരെ ട്രഷറി സെക്രട്ടറി പ്രസിഡന്റ് ട്രംപിന് പരാതി നല്‍കിയിരുന്നു. ട്രംപിന്റെ അനുമതിയോടെയാണ് ആക്ടിംഗ് കമ്മീഷണര്‍ ഗാരി ഷാപ്ലിയെ സ്‌കോട്ട് ബെസെന്റ് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഏജന്‍സിയുടെ പുതിയ തലവനെ നിയമിച്ചത് തന്റെ അറിവില്ലാതെയും കോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ നിര്‍ദ്ദേശപ്രകാരമുമാണെന്ന് സ്‌കോട്ട് ബെസെന്റ് പറഞ്ഞു.

നികുതി പിരിവ് ഏജന്‍സി ബെസെന്റിന് റിപ്പോര്‍ട്ട് ചെയ്തിട്ടും, ഗാരി ഷാപ്ലിയെ ഐ.ആര്‍.എസിന്റെ ഇടക്കാല തലവനായി നിയമിക്കാന്‍ മസ്‌ക് തന്നെ മറികടന്നു പ്രവര്‍ത്തിച്ചുവെന്നാണ് ബെസെന്റ് വിശ്വസിക്കുന്നത്. മസ്‌കിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പ് വൈറ്റ് ഹൗസ് ചാനലുകളിലൂടെയാണ് നിയമനം നടത്തിയത്. പക്ഷേ ബെസെന്റിനോട് കൂടിയാലോചിക്കുകയോ അനുഗ്രഹം തേടുകയോ ചെയ്തില്ലെന്ന് സംഭവത്തെക്കുറിച്ച് അറിവുള്ള ആളുകള്‍ പറഞ്ഞു.

മസ്‌കിന്റെ തീരുമാനം റദ്ദാക്കാന്‍ ബെസെന്റിന് ട്രംപിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഐ.ആര്‍.എസിന്റെ അടുത്ത താല്ക്കാലിക ആക്ടിംഗ് തലവന്‍ ട്രഷറിയുടെ ഡെപ്യൂട്ടി സെക്രട്ടറി മൈക്കല്‍ ഫോള്‍ക്കെന്‍ഡര്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിരം സ്ഥാനത്തേക്ക് പ്രസിഡന്റിന്റെ നോമിനിയായ മുന്‍ കോണ്‍ഗ്രസ് അംഗം ബില്ലി ലോങ്ങിനെ സെനറ്റ് അംഗീകരിച്ചാല്‍ അദ്ദേഹം ചുമതലയേല്‍ക്കുന്നതുവരെ മൈക്കല്‍ ഫോള്‍ക്കെന്‍ഡര്‍ ആ സ്ഥാനത്ത് തുടരും.