ലഹരി പദാർഥം ഉയോഗിച്ചെന്ന കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരി പദാർഥം ഉയോഗിച്ചെന്ന കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ


കൊച്ചി: ലഹരി പദാർഥം ഉയോഗിച്ചെന്ന കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പൊലീസ് ഷൈൻ ടോമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടനെതിരെ എൻഡിപിഎസ് നിയമം 27, 29 വകുപ്പുകൾ പ്രകാരമാണ് കേസ് എന്നാണ് പൊലീസ് നൽകുന്ന വിവരം.
ലഹരി മരുന്നിന്റെ ഉപയോഗം എൻഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷൻ 29 വ്യവസ്ഥ ചെയ്യുന്നു. ചോദ്യം ചെയ്യലിൽ ഷൈൻ ടോം ചാക്കോ രാസ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. എന്നാൽ മുറിയിൽ തട്ടിയത് പൊലീസാണെന്ന് മനസിലാക്കാതെയാണ് ഓടിയത് എന്നായിരുന്നു ഷൈൻ ടോം ചാക്കോ വിശദീകരിച്ചത്. ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണം തടയുന്നതിന് കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഡാൻസാഫ് സംഘത്തെ കണ്ടപ്പോൾ തിരിച്ചറിയാൻ സാധിച്ചില്ല. ഗുണ്ടകളാണെന്നും തന്നെ അപായപ്പെടുത്താൻ വന്നവരാണെന്നും കരുതി താൻ പേടിച്ച് ഹോട്ടൽ മുറിയിൽ നിന്ന് ഓടുകയായിരുന്നുവെന്നും ഷൈൻ ടോം ചാക്കോ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഷൈനിന്റെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.