'ട്രംപ് ഈ കാലാവധിക്ക് ശേഷം സ്ഥാനമൊഴിഞ്ഞേക്കും': യുഎസ് അറ്റോര്‍ണി ജനറല്‍

'ട്രംപ് ഈ കാലാവധിക്ക് ശേഷം സ്ഥാനമൊഴിഞ്ഞേക്കും': യുഎസ് അറ്റോര്‍ണി ജനറല്‍


വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് മൂന്നാം തവണയും പ്രസിഡന്റായി മത്സരിക്കുന്നതിനുള്ള നിയമപരമായ മാര്‍ഗം കണ്ടെത്തുന്നത് 'ഒരു വലിയ വെല്ലുവിളി' ആയിരിക്കുമെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ഞായറാഴ്ച പറഞ്ഞു.
'അദ്ദേഹത്തെ 20 വര്‍ഷം നമ്മുടെ പ്രസിഡന്റായി നിലനിര്‍ത്തണമെന്നാണ് എന്റെ ആഗ്രഹം, പക്ഷേ, ഈ കാലാവധിക്ക് ശേഷം അദ്ദേഹം സ്ഥാനമൊഴിയുമെന്ന് ഞാന്‍ കരുതുന്നു.'-പാം ബോണ്ടി ഞായറാഴ്ച ഫോക്‌സ് ന്യൂസിനോട് പറഞ്ഞു,
നാലുതവണ പ്രസിഡന്റായ ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റ് വൈറ്റ് ഹൗസിലെ തന്റെ നാലാം കാലാവധി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മരിച്ചതിന് തൊട്ടുപിന്നാലെ, പ്രസിഡന്റ് സ്ഥാനത്ത് ഒരാള്‍ രണ്ട് തവണ മാത്രം എന്ന പരിധി നിശ്ചയിച്ചുകൊണ്ട് 1947ല്‍ യുഎസ് ഭരണഘടന ഭേദഗതി ചെയ്തിരുന്നു.
എന്നാല്‍ ഭരണഘടനാ ഭേദഗതികള്‍ക്ക് കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും മൂന്നില്‍ രണ്ട് ഭാഗത്തിന്റെയും അംഗീകാരവും 50 സംസ്ഥാനങ്ങളില്‍ മുക്കാല്‍ ഭാഗത്തിന്റെയും അംഗീകാരവും ആവശ്യമാണ്, അതിന് അപൂര്‍വമായേ സാധ്യതയുള്ളൂ എന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ പറയുന്നത്.

'അത് ചെയ്യാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത്,' ബോണ്ടി പറഞ്ഞു. 'അത് വലിയൊരു മാറ്റമായിരിക്കും.'

മൂന്നാം തവണയും മത്സരിക്കുമെന്ന ട്രംപിന്റെ ആദ്യകാല പ്രസംഗം പലര്‍ക്കും സാങ്കല്‍പ്പികമായി തോന്നിയെങ്കിലും,  സാധ്യതയെക്കുറിച്ച് താന്‍ 'തമാശ പറയുന്നില്ല' എന്നാണ് മാര്‍ച്ച് 31 ന് 78 കാരനായ പ്രസിഡന്റ് എന്‍ബിസി ന്യൂസിനോട് പറഞ്ഞത്.

അത് സംഭവിക്കാന്‍ അനുവദിക്കുന്ന 'രീതികള്‍' ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായ മൂന്നാം തവണയും മത്സരിക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് മുന്‍ ഫ്‌ളോറിഡ അറ്റോര്‍ണി ജനറലായ ബോണ്ടി നടത്തിയ പരാമര്‍ശങ്ങള്‍ മിക്ക ഭരണഘടനാ പണ്ഡിതരുടെയും വീക്ഷണങ്ങളുമായി യോജിക്കുന്നതായി തോന്നുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഉന്നത നിയമപാലക ഓഫീസ് വഹിക്കുന്ന ഒരു സ്ഥിരീകൃത ട്രംപ് വിശ്വസ്ത എന്ന നിലയില്‍, അവരുടെ അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്.

ഫോക്‌സിന്റെ ഷാനന്‍ ബ്രീമുമായുള്ള അഭിമുഖത്തില്‍, തന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ ആക്രമണാത്മകമായി നീങ്ങുമ്പോള്‍ ട്രംപ് ഭരണകൂടം തുടക്കത്തില്‍ തന്നെ നേരിട്ട വ്യാപകമായ നിയമപ്രതിസന്ധിക്കെതിരെ ബോണ്ടി സംസാരിച്ചിരുന്നു.
ട്രംപ് ഭരണകൂടത്തിനെതിരെ 170ലധികം കേസുകള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും  അതാണ് അവിടെയുള്ള ഭരണഘടനാ പ്രതിസന്ധിയെന്നും ബോണ്ടി പറഞ്ഞു. കോടതികളില്‍ ആ കേസുകള്‍ക്കെതിരെ തുടര്‍ന്നും പോരാടുമെന്നും അവര്‍ വ്യക്തമാക്കി.

2024 ഡിസംബര്‍ 4ന് ന്യൂയോര്‍ക്കിലെ നടപ്പാതയില്‍വെച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ് ബ്രയാന്‍ തോംസണെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ലൂയിജി മാംഗിയോണ്‍ എന്നയാളുടെ കേസില്‍ വധശിക്ഷ തേടാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ ബോണ്ടി ന്യായീകരിച്ചു.

'സാധ്യമാകുമ്പോഴെല്ലാം നമ്മള്‍ വധശിക്ഷ തേടണമെന്ന പ്രസിഡന്റിന്റെ നിര്‍ദ്ദേശം വളരെ വ്യക്തമാണെന്ന് അവര്‍ പറഞ്ഞു.  'എപ്പോഴെങ്കിലും ഒരു മരണ കേസ് ഉണ്ടായാല്‍, അത് അങ്ങനെവേണം.'

വൈവിധ്യം, തുല്യത, ഉള്‍പ്പെടുത്തല്‍ എന്നിവ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഡിഇഐ ഗ്രാന്റുകള്‍ മരവിപ്പിക്കാനുള്ള നീക്കത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതി വെള്ളിയാഴ്ച ഭരണകൂടത്തോടൊപ്പം നിന്നപ്പോള്‍, അടുത്തിടെ ലഭിച്ച നിയമപരമായ വിജയത്തില്‍ ബോണ്ടി ആഹ്ലാദം പ്രകടിപ്പിച്ചു.

അധ്യാപക പരിശീലനത്തിനും പ്രൊഫഷണല്‍ വികസനത്തിനുമായി ഉദ്ദേശിച്ചിട്ടുള്ള 64 മില്യണ്‍ ഡോളര്‍ മരവിപ്പിക്കുന്നത് തുടരാന്‍ വലതുപക്ഷ ചായ്‌വുള്ള കോടതി ഭരണകൂടത്തെ അനുവദിച്ചു.

ഒരു മികച്ച വിജയം ലഭിച്ചുവെന്ന് ബോണ്ടി പറഞ്ഞു, 'ഞങ്ങള്‍ എല്ലാ ദിവസവും പോരാട്ടം തുടരും' എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.