കൊച്ചി: വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ വാറ്റുചാരായം 'മണവാട്ടി' കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ വില്‍പനക്കെത്തി. യൂറോപ്യന്‍ നിലവാരത്തിലുള്ള 'മണവാട്ടി' കര്‍ശന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്് യു കെയിലാണ് നിര്‍മിക്കുന്നത്. മലയാളിയായ ജോണ്‍ സേവ്യറാണ് മണവാട്ടിയുടെ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
പൂര്‍ണമായും ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ച് കൊണ്ട് പ്രകൃതിദത്തമായ രീതിയിലാണ് ഉത്പാദനം. 44 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള 'മണവാട്ടി'യില്‍ കൃത്രിമ മധുരമോ നിറങ്ങളോ ഫ്‌ളേവറോ കൊഴുപ്പോ ചേര്‍ത്തിട്ടില്ലെന്ന് നിര്‍മാതാക്കളായ ലണ്ടന്‍ ബാരന്‍ ലിമിറ്റഡ് പറയുന്നു.
യു കെ, ശ്രീലങ്ക, ജപ്പാന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തനത് വാറ്റുകള്‍ക്ക് വിദേശരാജ്യങ്ങളില്‍ വന്‍ ഡിമാന്റുണ്ട്. ഇന്ത്യയിലും ഇത്തരം നാടന്‍ മദ്യനിര്‍മ്മാണരീതികള്‍ പ്രചാരത്തിലുണ്ടെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം വിദേശ വിപണിയില്‍ ലഭ്യമായിരുന്നില്ല. ആ കുറവാണ് 'മണവാട്ടി'പരിഹരിക്കുന്നത്. ഇന്ത്യയിലെ നാടന്‍ വാറ്റ് രീതിക്കൊപ്പം അത്യാധുനിക മദ്യനിര്‍മാണ ഉപകരണങ്ങളും കൂടി സമന്വയിപ്പിച്ചാണ് 'മണവാട്ടി'യുടെ ഉത്പാദനം നിര്‍വഹിക്കുന്നത്.
യു കെ വിപണിയില്‍ ഇന്ത്യന്‍ മദ്യങ്ങള്‍ എത്തിക്കുന്നതിന് 2019ലാണ് ലണ്ടന്‍ ബാരന്‍ ലിമിറ്റഡ് സ്ഥാപിതമായത്. കേരളത്തിലെ നാടന്‍ കള്ള് ഉള്‍പ്പെടെയുള്ളവ യു കെയിലെ വിപണിയില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് വാറ്റുചാരായം എന്ന ആശയത്തിലേക്ക് കടന്നത്. 2023 മുതലാണ് 'മണവാട്ടി' യു കെ വിപണിയില്‍ ലഭ്യമായിത്തുടങ്ങിയത്. യു കെയില്‍ തദ്ദേശീയരും പ്രവാസികളും ഒരുപോലെ ഏറ്റെടുത്ത 'മണവാട്ടി' ഇതാദ്യമായാണ് കേരളത്തില്‍ വില്പനയ്ക്കെത്തുന്നത്. സീറോ ഷുഗര്‍, സീറോ കാര്‍ബ്, സീറോ ഫാറ്റ് എന്ന വാഗ്ദാനങ്ങളാണ് 'മണവാട്ടി' മുമ്പോട്ടുവെക്കുന്നത്.
പ്രകൃതിദത്ത ഊര്‍ജം എന്നര്‍ഥമുള്ള 'മന'യും കലാകാലങ്ങളായി കള്ള് പുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന രീതികള്‍ സൂചിപ്പിക്കുന്ന 'വാറ്റ്'ഉം ചേര്‍ത്താണ് 'മണവാട്ടി' എന്ന പേര് ലഭിച്ചത്.
കൊച്ചിയില്‍ വിമാനം ഇറങ്ങുന്നവര്‍ക്ക് വിമാനത്താവളത്തിനുള്ളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും 'മണവാട്ടി' വാങ്ങാന്‍ സാധിക്കും. ഒരു ലിറ്ററിന് 3,500 രൂപയാണ് വില. നിലവില്‍ 10 ശതമാനം ഡിസ്‌കൗണ്ട് ഉള്‍പ്പെടെ 3150 രൂപയ്ക്കാണ് വിമാനത്താവളത്തിനുള്ളില്‍ വില്പന നടക്കുന്നത്.