ടൊറന്റോ: കാനഡയുടെ രാഷ്ട്രീയ മേഖലയിലെ പ്രധാന കൂട്ടായ്മയായി രംഗത്തെത്തിയ സമൂഹങ്ങളില്‍ പ്രധാനികളാണ് പഞ്ചാബികള്‍. പഞ്ചാബികള്‍ മാത്രമല്ല ഗുജറാത്തികളും ബംഗാളികളും മലയാളികളും ഉള്‍പ്പെടെ കാനഡയിലെ ഇന്ത്യന്‍ പ്രവാസികള്‍ ഊര്‍ജ്ജസ്വലരും വൈവിധ്യമുള്ളവരുമാണ്.
ഇന്ത്യന്‍- കനേഡിയന്‍ സമൂഹത്തിലെ മിക്ക കുടിയേറ്റക്കാരും ദരിദ്രരായ വിദ്യാര്‍ഥികളോ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജീവനക്കാരോ ആണെങ്കിലും ഗുജറാത്തികള്‍ക്കും പഞ്ചാബികള്‍ക്കും പിന്നിലൊരു ബിസിനസ് പശ്ചാതലമുണ്ടാകും.
ഇവരില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത് പഞ്ചാബികള്‍ മാത്രമാണെങ്കിലും 2025ല്‍ ഗുജറാത്തികള്‍ കൂടി ഈ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. ഗണ്യമായ ഇന്ത്യന്‍- കനേഡിയന്‍ ജനസംഖ്യയുള്ള ഒന്റാറിയോയിലെ ബ്രാംപ്ടണും ആല്‍ബെര്‍ട്ടയിലെ കാല്‍ഗറിയും രണ്ട് ഗുജറാത്തി വംശജരായ സ്ഥാനാര്‍ഥികളും പാര്‍ലമെന്റ് സീറ്റുകളിലേക്ക് മത്സരിക്കുന്നതിനാല്‍ ശക്തമായ ഇടമായി മാറിയിട്ടുണ്ട്.
ഗുജറാത്തി വംശജരായ സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും ആദ്യ തലമുറ കുടിയേറ്റക്കാരാണ്. പഞ്ചാബികള്‍ക്ക് എണ്ണത്തിലും പ്രാതിനിധ്യത്തിലും കാനഡയിലെ രാഷ്ട്രീയ ചരിത്രത്തില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. എം പിമാര്‍ മുതല്‍ മന്ത്രിമാര്‍ വരെയും അതില്‍ ചിലര്‍ കാബിനറ്റ് റാങ്ക് വരെ ഉള്ളവരുമാണ്. എന്നാല്‍ ഗുജറാത്തികള്‍ സംരംഭക കാഴ്ചപ്പാടും സമൂഹ സേവനവും ഉപയോഗിച്ചാണ് അടിത്തറ പാകിയിരിക്കുന്നത്. സാമൂഹിക നേതൃത്വത്തിന്റെ കാര്യത്തിലും അവര്‍ ഗണ്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
ഏപ്രില്‍ 28ന് നടക്കുന്ന കാനഡയിലെ 45-ാമത് ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാല് ഗുജറാത്തി വംശജരായ ഇന്ത്യന്‍- കനേഡിയന്‍മാര്‍ ജയേഷ് ബ്രഹ്മഭട്ട്, സുഞ്ജീവ് റാവല്‍, അശോക് പട്ടേല്‍, മിനേഷ് പട്ടേല്‍ എന്നിവരാണ്.
ബ്രാംപ്ടണ്‍ ചിങ്വാക്കോസി പാര്‍ക്കില്‍ നിന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജയേഷ് ബ്രഹ്മഭട്ട് 2001ലാണ് ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് താമസം മാറിയത്. സിവില്‍ എഞ്ചിനീയറായ ബ്രഹ്മഭട്ട് കാനഡയില്‍ വിജയകരമായ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായി. ഏകദേശം കാല്‍നൂറ്റാണ്ടായി കാനഡയില്‍ താമസിക്കുന്ന അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നപ്പോള്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് അദ്ദേഹത്തിന് ടിക്കറ്റ് നല്‍കിയത്.
സ്വാതന്ത്ര്യം, ഉത്തരവാദിത്തം, നീതി, എല്ലാവരോടും ഉള്ള ബഹുമാനം എന്നിവയ്ക്കായാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നാണ് അദ്ദേഹം പറയുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
മറ്റൊരു ഗുജറാത്തി വംശജനായ ഇന്ത്യന്‍- കനേഡിയന്‍ സുന്‍ജിവ് റാവല്‍ കാല്‍ഗറി മിഡ്നാപൂരില്‍ നിന്നാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ലിബറല്‍ പാര്‍ട്ടിയാണ് അദ്ദേഹത്തിന് ടിക്കറ്റ് നല്‍കിയത്. ഒരു കട ശൃംഖലയുടെ ഉടമയായ വിജയകരമായ ബിസിനസുകാരനാണ് റാവല്‍. 20 വര്‍ഷത്തിലേറെ മുമ്പ് കാല്‍ഗറിയിലേക്ക് താമസം മാറിയതിനുശേഷം അദ്ദേഹം കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടുകയും നിരവധി ഇന്ത്യന്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്.
കനേഡിയന്‍മാര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ജീവിതച്ചെലവ് പ്രശ്നത്തെ അംഗീകരിച്ചുകൊണ്ട് റാവല്‍ പറഞ്ഞത് മധ്യവര്‍ഗം നേരിടുന്ന പ്രശ്നങ്ങളിലാണ് തങ്ങള്‍ പോരാടുന്നതെന്നും അവര്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും കായിക സൗകര്യങ്ങളും താങ്ങാനാവുന്ന വിലയുള്ള ഭവനങ്ങളും എല്ലാവര്‍ക്കും ജോലി അവസരങ്ങളും ആവശ്യപ്പെടുന്നുവെന്നുമാണ്. മറ്റൊരു രാഷ്ട്രീയ പ്രശ്നമായ കുടിയേറ്റത്തിന് സമതുലിതമായ സമീപനം ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഗുജറാത്തി വംശജനായ മൂന്നാമത്തെ വ്യക്തി അശോക് പട്ടേലും നാലാമത്തെ ഗുജറാത്തിയായ മിനേഷ് പട്ടേലും സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് രംഗത്തുള്ളത്. അശോക് പട്ടേല്‍ എഡ്മണ്ടണ്‍ ഷെര്‍വുഡില്‍ നിന്ന് മത്സരിക്കുമ്പോള്‍ മിനേഷ് പട്ടേല്‍ കാല്‍ഗറി സ്‌കൈവ്യൂവില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇരുവരും ബിസിനസ്സ് പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്.
കാനഡയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അവരുടെ സ്ഥാനാര്‍ഥികളില്‍ ഒരാളായി അഞ്ചാമത്തെ ഗുജറാത്തിയെ തെരഞ്ഞെടുത്തിരുന്നു. ഗുജറാത്തിലെ ആനന്ദില്‍ നിന്നുള്ള റിയല്‍റ്ററായ ഡോണ്‍ പട്ടേല്‍. എറ്റോബിക്കോക്ക് നോര്‍ത്തില്‍ നിന്നുള്ള ടിക്കറ്റിനായി അദ്ദേഹത്തെ പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ പട്ടികയില്‍ ഇടം നേടിയില്ല.
കാനഡയിലെ ഇന്ത്യന്‍ സമൂഹ പ്രാതിനിധ്യത്തില്‍ ഇത് ഒരു വലിയ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. പഞ്ചാബികളുടെ ആധിപത്യത്തില്‍ നിന്ന് കാനഡയുടെ രാഷ്ട്രീയ രംഗത്ത് ഗുജറാത്തികളുടെ ഉയര്‍ച്ച പ്രാതിനിധ്യത്തിലെ വൈവിധ്യത്തിലേക്ക് നയിക്കുന്നു. അതുവഴി കനേഡിയന്‍ വോട്ടര്‍മാര്‍ക്ക് കൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ നല്‍കുകയും ചെയ്യുന്നു. ഗുജറാത്തികള്‍ പഞ്ചാബികളെ മാറ്റിസ്ഥാപിക്കുകയോ മത്സരിക്കുകയോ ചെയ്യുന്നില്ല. മറിച്ച് ഇന്ത്യന്‍ സമൂഹത്തിന്റെ രാഷ്ട്രീയ അടിത്തറയിലേക്ക് കൂട്ടിച്ചേര്‍ക്കുകയാണ്. സാംസ്‌കാരികമായി വൈവിധ്യമാര്‍ന്ന മൂല്യങ്ങള്‍ ഇപ്പോള്‍ നയത്തെ രൂപപ്പെടുത്തുന്നതിനാല്‍ ഇത് സ്വാഗതാര്‍ഹമായ ഒരു നീക്കമാണ്.
കനേഡിയന്‍ രാഷ്ട്രീയത്തില്‍ പഞ്ചാബി പ്രാതിനിധ്യം കുറച്ചുകാലമായി രംഗത്തുണ്ട്. ന്യൂ ഡോമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിംഗ്, ഇന്നൊവേഷന്‍സ് സയന്‍സ് ഇന്‍ഡസ്ട്രി മന്ത്രി അനിറ്റ ആനന്ദ്, ആരോഗ്യമന്ത്രി കമല്‍ ഖേര, ലിബര്‍ട്ടി പാര്‍ട്ടി എം പി സുഖ് ധാനിവാള്‍, വൈവിധ്യം, ഉള്‍പ്പെടുത്തല്‍, യുവജന മന്ത്രി ബര്‍ദിഷ് ചാഗര്‍ എന്നിവര്‍ പഞ്ചാബില്‍ നിന്നുള്ള പ്രമുഖരാണ്.
