ട്രംപിന്റെ ചൈനീസ് വിരുദ്ധ നീക്കങ്ങള്‍ക്കു പിന്നിലുള്ള ലക്ഷ്യമെന്ത് ?

ട്രംപിന്റെ ചൈനീസ് വിരുദ്ധ നീക്കങ്ങള്‍ക്കു പിന്നിലുള്ള ലക്ഷ്യമെന്ത് ?


വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റതിനുപിന്നാലെ അദ്ദേഹം വിദേശരാജ്യങ്ങളുമായി തുടങ്ങിവെച്ച താരിഫ് യുദ്ധം ലോകവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ദീര്‍ഘകാലമായി അമേരിക്കയുമായി ഏറെ സൗഹൃദത്തില്‍ കഴിയുന്ന അയല്‍രാജ്യങ്ങളെപോലും ട്രംപ് തന്റെ പ്രതിയോഗികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയില്ല. അമേരിക്കയെ വ്യാവസായികമായും സാമ്പത്തികമായും നയതന്ത്രപരമായും സൈനികമായും ആഗോളതലത്തില്‍ ഒന്നാമത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കടുത്തനടപടികളുമായി ട്രംപിന്റെ മുന്നേറ്റം. തന്റെ സാമ്പത്തിക-വ്യാപാര നടപടികളാകുന്ന ചൂണ്ടക്കൊളുത്തില്‍ നിന്ന് ഒരു രാജ്യത്തെ പോലും സ്വതന്ത്രമായി രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസവും ട്രംപ് പ്രഖ്യാപിച്ചത്. എല്ലാ രാജ്യങ്ങളും ട്രംപിന്റെ ചൂണ്ടയുടെ വലയത്തില്‍ ഉണ്ടെങ്കിലും പ്രധാനമായും അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത് ചൈനയെയാണ്. അതുകൊണ്ടാണ് ഉയര്‍ന്ന നിലയില്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുന്ന നടപടികള്‍ പ്രഖ്യാപിച്ചതിനുശേഷം അവ നടപ്പില്‍ വരുത്തുന്നതിന് കാനഡ, മെക്‌സിക്കോ തുടങ്ങി അനവധി രാജ്യങ്ങള്‍ക്ക് സാവകാശം നല്‍കിയത്. എന്നാല്‍ ചൈനയ്ക്ക് ഇളവിനു പകരം അധികച്ചുങ്കം ചുമത്തുകയും ചെയ്തു. ട്രംപിന്റെ താരിഫ് യുദ്ധം അമേരിക്കയില്‍ വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്തതോടെ മുന്നോട്ടുവെച്ച കാല്‍ ട്രംപ് ചെറിയതോതില്‍ പിന്നോട്ടുവെച്ചു. ലാപ് ടോപ് മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നികുതി വര്‍ധനവില്‍ മാത്രമാണ് ട്രംപ് ചൈനയ്ക്കും ബാധകമായ നിലയില്‍ ഇപ്പോള്‍ ഇളവ് നല്‍കിയിട്ടുള്ളത്. അതും താല്‍ക്കാലികമായി മാത്രം എന്ന  വ്യവസ്ഥയോടെ.

എന്തുകൊണ്ടാണ് ട്രംപ് ചൈനയെ ലക്ഷ്യം വയ്ക്കുന്നത്? ചിലകണക്കുകള്‍ ഇതിന് ഉത്തരം നല്‍കും.

2024ല്‍ യുഎസ് വെറും 5 കപ്പലുകളാണ് നിര്‍മ്മിച്ചത്. എന്നാല്‍ ഇതേ കാലയളവില്‍ ചൈന നിര്‍മ്മിച്ചത് 1,800 കപ്പലുകളാണ്. അതായത്, 360 മടങ്ങ് കൂടുതല്‍. നിങ്ങളുടെ ലാപ്‌ടോപ്പുകള്‍, സോളാര്‍ പാനലുകള്‍, സീലിംഗ് ഫാന്‍ മോട്ടോറുകള്‍ പോലും ആരാണ് നിര്‍മ്മിക്കുന്നതെന്ന് പരിശോധിച്ചാല്‍ അമേരിക്കയല്ല ചൈനയാണ് അതെന്ന് മനസിലാക്കാന്‍ ഒരു പ്രയാസവുമില്ല. പതിറ്റാണ്ടുകളായി മുതലാളിത്ത പാത പിന്തുടരുന്ന അമേരിക്ക തങ്ങളുടെ മുഴുവന്‍ ആവശ്യങ്ങള്‍ക്കും കാര്‍ഷികമായും വ്യാവസായികമായും ഏറെ മുന്നേറിയ ചൈനയെ പോലുള്ള രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. രാജ്യത്തെ മുതലാളിത്ത വ്യവസ്ഥിതി തകര്‍ത്തുകളഞ്ഞതിനെയെല്ലാം തിരികെ പിടിക്കുന്നതിനുള്ള ശ്രമം അത്യാവശ്യമാണെന്ന് ട്രംപിന് തോന്നിത്തുടങ്ങിയതില്‍ നിന്നാണ് തന്റെ നടപടികള്‍ക്കുള്ള രൂപരേഖ അദ്ദേഹം തയ്യാറാക്കിയത്.
വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍, പതിറ്റാണ്ടുകളായി മുതലാളിത്തം തകര്‍ത്തത് അദ്ദേഹം പരിഹരിക്കാന്‍ ശ്രമിച്ചു: നിലവിലെ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് ഇനി ഉല്‍പ്പാദനം നടത്താന്‍ കഴിയില്ല. നിര്‍മാതാക്കള്‍ എന്ന നിലയില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി മാറിക്കഴിഞ്ഞു അവര്‍.

ട്രംപ് ചൈനയെ വെറുക്കുന്നതുകൊണ്ടല്ല, താമസിയാതെ, 'ജീവിതത്തില്‍ പ്രധാനപ്പെട്ടതെല്ലാം ചൈനയുടെ അനുമതിയെ ആശ്രയിച്ചിരിക്കും' എന്ന് അദ്ദേഹം ഭയപ്പെടുന്നതിനാലാണ് അവര്‍ക്കുമേല്‍ അധിക താരിഫ് അടിച്ചേല്‍പ്പിക്കുന്നത്- ട്രംപിന്റെ നയങ്ങളെ ശക്തമായി പിന്തുണച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറയുന്നതിപ്രകാരമാണ്.

നമുക്ക് വ്യക്തമായി പറയാം. കോര്‍പ്പറേറ്റ് ലാഭം പിന്തുടര്‍ന്ന് അമേരിക്ക സ്വയം വ്യവസായവല്‍ക്കരിച്ചു. അതോടെ വന്‍കിട യുഎസ് നിര്‍മാതാക്കളുടെ ഫാക്ടറികള്‍ ചൈന, മെക്‌സിക്കോ, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്ക് മാറി. കുറഞ്ഞ കൂലി=ഉയര്‍ന്ന മാര്‍ജിന്‍= ഉയര്‍ന്ന സ്‌റ്റോക്ക് വിലകള്‍ എന്നതായിരുന്നു രീതി. എന്നാല്‍ ഇപ്പോള്‍, ഡ്രോണുകള്‍ പോലും വലിയ അളവില്‍ നിര്‍മ്മിക്കാന്‍ കഴിയാത്ത നിലയിലേക്ക് യുഎസ് മാറിയിരിക്കുന്നു.

യുക്രെയ്ന്‍ യുദ്ധം ഇത് തുറന്നുകാട്ടി: വെറും 3 ലക്ഷം രൂപ മൂല്യമുള്ള ചൈനീസ് ഡ്രോണുകളാണ് ദശലക്ഷം ഡോളര്‍ മൂല്യമുള്ള യുഎസ് ടാങ്കുകള്‍ നശിപ്പിച്ചത്. അപ്പോഴാണ് അമേരിക്ക തങ്ങള്‍ പതിച്ചിരിക്കുന്ന അപകടത്തിന്റെ ആഴം മനസിലാക്കിയതും പരിഭ്രാന്തിയിലായതും. 'യുദ്ധത്തില്‍, വിജയിക്കാന്‍ പോകുന്നത് വ്യാവസായിക ശക്തി ആയിരിക്കും എന്ന് അവര്‍ മനസ്സിലാക്കി.

അതിനെ മറികടക്കാനാണ് ട്രംപ് ചൈനയ്ക്ക് മേല്‍ വന്‍തോതിലുള്ള തീരുവകള്‍ ചുമത്തിയത്. വിദേശത്തേക്കുപോയ യുഎസ് നിര്‍മാതാക്കളേയും ഫാക്ടറികളെയും തിരികെ കൊണ്ടുവരാന്‍ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ പെട്ടെന്നുള്ള നടപടിക്ക് ഒരു പ്രശ്‌നമുണ്ടായിരുന്നു. താരിഫുകള്‍ ഓഹരി വിപണിയെ ബാധിച്ചു. ഓഹരി വിപണികള്‍ 20% ല്‍ കൂടുതല്‍ ഇടിഞ്ഞു.

എന്നാല്‍ വിപണിയിലെ ആ ഇടിവ് ട്രംപ് കാര്യമാക്കിയില്ല. '10% അമേരിക്കക്കാര്‍ മാത്രമേ 88% ഓഹരികള്‍ കൈവശം വച്ചിട്ടുള്ളൂ എന്നു മനസിലാക്കിയ ട്രംപ് .' '90%നെ കുറിച്ചാണ് തനിക്ക് ആശങ്കയുള്ളത് എന്നു പറഞ്ഞു.

എന്നാല്‍ യഥാര്‍ത്ഥ ഭീഷണി പിന്നീടാണ് വന്നത്. അത് ബോണ്ട് വിപണിയിലുണ്ടായ തകര്‍ച്ചയാണ്. ബോണ്ട് ആദായം 40 ബേസിസ് പോയിന്റ് വര്‍ദ്ധിച്ചു. സാമ്പത്തിക വ്യവസ്ഥയുടെ പള്‍സ് നിരക്ക് പെട്ടെന്ന് കുതിച്ചുയരുന്നത് പോലെയാണ് അത്. യുഎസ് ബോണ്ട് വിപണി മൂല്യം 40 ട്രില്യണ്‍ ഡോളറാണ് (336 ലക്ഷം കോടി രൂപ).
അവ ഓഹരി വിപണിയേക്കാള്‍ വളരെ വലുതാണ്.

എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? കാരണം അമേരിക്ക ഇരട്ട കമ്മികള്‍ നേരിടുന്നു: •ബജറ്റ് കമ്മിയും വ്യാപാര കമ്മിയും; ഓഹരിവിപണിയും ബോണ്ട് വിപണിയും ഒരുമിച്ചു ഇടിവുനേരിട്ടതോടെ യുഎസിന് കടം തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന സംശയം  ബോണ്ട് വിപണിയില്‍ ശക്തമാകാന്‍ തുടങ്ങി.

എന്തുകൊണ്ടാണ് ഇത് പ്രധാനമാകുന്നതെന്നു ചോദിച്ചാല്‍ എല്ലാം ബോണ്ടുകളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ലളിതമായ ഉത്തരം. ബാങ്കുകള്‍ ദൈനംദിന പണലഭ്യതയ്ക്കായി ബോണ്ടുകളെയാണ് ഉപയോഗിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ ശമ്പളം നല്‍കാനും കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള മ്യൂച്വല്‍ ഫണ്ടുകളും പെന്‍ഷനുകളും സ്വരൂപിക്കാനും ബോണ്ടുകളാണ് ഉപയോഗിക്കുന്നത്.

ബോണ്ട് മാര്‍ക്കറ്റ് തകര്‍ന്നാല്‍, അത് വ്യവസ്ഥാപരമായ പരാജയമാണ്. അതോടെ വിപണികള്‍ മരവിക്കും, എടിഎമ്മുകള്‍ അടച്ചുപൂട്ടേണ്ടിവരും. സര്‍ക്കാരുകള്‍ക്ക് പണമടയ്ക്കാന്‍ കഴിയില്ല. സാമ്പത്തിക ഉത്തേജകങ്ങള്‍ക്ക് 2008 ല്‍ സംഭവിച്ചത് എന്താണോ അതിന്റെ ആവര്‍ത്തനം സംഭവിക്കും. ഇതിന് ആകെയുള്ള താല്‍ക്കാലിക പരിഹാരം താരിഫുകള്‍ വൈകിപ്പിക്കുക എന്നാതണെന്ന് ഉപദേശിക്കാന്‍ ജെപി മോര്‍ഗന്റെ സിഇഒ ജാമി ഡിമോണ്‍ പോലും ട്രംപിനെ വിളിക്കേണ്ടി വന്നു. 'താരിഫുകള്‍ വൈകിപ്പിക്കാന്‍ ഉടന്‍ വേണ്ടത് ചെയ്യുക ' എന്നതായിരുന്നു ട്രംപിന് കിട്ടിയ സന്ദേശം.

അതോടെ ട്രംപ് കീഴടങ്ങി.  സ്‌റ്റോക്കുകള്‍ക്കല്ല, ബോണ്ടുകള്‍ക്ക്; അദ്ദേഹം താരിഫുകള്‍ നടപ്പാക്കുന്നതിന് 90 ദിവസം കൂടി സാവകാശം അനുവദിച്ചു. എന്തുകൊണ്ടെന്നാല്‍ എത്ര ശക്തനാണെങ്കിലും ഒരു നേതാവിനും ബോണ്ട് മാര്‍ക്കറ്റിനെ ചൂഷണം ചെയ്യാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം അല്പം വൈകിയാണെങ്കിലും അനുഭവത്തിലൂടെ അദ്ദേഹത്തിന് ബോധ്യമായി.

യുഎസിന് 34.5 ട്രില്യന്‍ ഡോളര്‍ (2,800 ലക്ഷം കോടി രൂപ) പൊതു കടമുണ്ട്. അതായത് ഒരു പൗരന് 100,000 ഡോളര്‍ കടം എന്നതാണ് കണക്ക്. ഇന്ത്യയുടെ പ്രതിശീര്‍ഷ കടം വെറും 2,200 ഡോളറാണ് എന്നത് ചേര്‍ത്തുവായിക്കുമ്പോളാണ് ഓരോ യുഎസ് പൗരന്റെയും ആളോഹരി കടത്തിന്റെ വലുപ്പം മനസിലാകുന്നത്.

ഇതില്‍ നിന്ന് ലഭിക്കുന്ന പാഠം എന്താണ്? നിങ്ങളുടെ വ്യാവസായിക അടിത്തറ കെട്ടിപ്പടുക്കുക. സാമ്പത്തിക വിപണികള്‍ ദേശീയ നയം നിയന്ത്രിക്കാന്‍ അനുവദിക്കുരകയും ചെയ്യരുത്. ഒപ്പം ഏത് യുദ്ധത്തിലും  സാമ്പത്തിക, വ്യാപാര, സൈനിക  നിര്‍മ്മാണമാണ് വിജയിക്കുന്നത് എന്നതും ഓര്‍ക്കുക. ട്രംപ് ശക്തനാണ്. എന്നാല്‍ ബോണ്ട് വിപണിയാണ് ട്രംപിനെക്കാള്‍ ശക്തനെന്ന് നിലവിലെ സാഹചര്യം നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.