നിമിഷപ്രിയയുടെ ജീവന് ഭീഷണിയില്ല, മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍

നിമിഷപ്രിയയുടെ ജീവന് ഭീഷണിയില്ല, മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍


ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ തടവിലുള്ള നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്രം. സുപ്രീംകോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ആരാണ് പുതിയ മധ്യസ്ഥനെന്ന് വെളിപ്പെടുത്തിയിട്ടില്ല. കെഎ പോള്‍ ആണോ പുതിയ മധ്യസ്ഥന്‍ എന്ന് ചോദ്യത്തിന് അദ്ദേഹം അല്ലെന്നും പുതിയ ആളാണെന്നുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

നിമിഷപ്രിയയുടെ ജീവന് യാതൊരു ഭീഷണിയുമില്ലെന്നും, ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും, നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കേന്ദ്രം അറിയിച്ചു. കേസ് ജനുവരിയിലേക്ക് മാറ്റിയെങ്കിലും, അതിനിടയില്‍ പുതിയ സംഭവങ്ങള്‍ ഉണ്ടായാല്‍ കോടതി പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നെങ്കലും ചര്‍ച്ചകളെ തുടര്‍ന്ന് ഇത് മാറ്റിവെക്കുകയായിരുന്നു.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നെങ്കിലും, കുടുംബം അതിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് മോചനവും ശിക്ഷയിലെ തുടര്‍നടപടികളും സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നത്. 2017ലാണ് തലാലിന്റെ കൊലപാതകം നടന്നത്. 2020ല്‍ യെമന്‍ കോടതി നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചു. 2024 ഡിസംബറില്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലിമി വധശിക്ഷക്ക് അംഗീകാരം നല്‍കി. മാസങ്ങളായി നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങള്‍ തുടരുകയാണ്. തലാലിന്റെ കുടുംബവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശ്രമിച്ചെങ്കിലും, അവര്‍ മാപ്പ് നല്‍കാന്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി.

ഈ വിഷയത്തില്‍ പുതിയ മധ്യസ്ഥനെ നിയമിച്ചത് ഒരു നിര്‍ണായക ഘട്ടമാണ്. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം, നിമിഷപ്രിയയുടെ ജീവന് യാതൊരു അപകടവുമില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാല്‍ നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. നേരത്തെ, കെഎ പോള്‍ നിമിഷപ്രിയയുടെ മോചനത്തിനായി പണം പിരിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇത് കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയല്ലെന്നും, അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി.

നിമിഷപ്രിയയുടെ ജീവന് നിലവില്‍ ആശങ്കയില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലും സുപ്രിംകോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ നിലവില്‍ വധശിക്ഷ സ്‌റ്റേ ചെയ്തിരിക്കുകയാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് കേസ്.