പഠനത്തിനുള്ള ചെലവ് കണ്ടെത്താന്‍ വെയ്റ്ററുടെ ജോലിചെയ്തു; ഗൂഗിള്‍ കഌഡ്‌സ് ആഗോള സിഇഒ പദവിയിലെത്തിയ കോട്ടയംകാരന്റെ വിജയഗാഥ വീണ്ടും വാര്‍ത്തകളില്‍

പഠനത്തിനുള്ള ചെലവ് കണ്ടെത്താന്‍ വെയ്റ്ററുടെ ജോലിചെയ്തു; ഗൂഗിള്‍ കഌഡ്‌സ് ആഗോള സിഇഒ പദവിയിലെത്തിയ കോട്ടയംകാരന്റെ വിജയഗാഥ വീണ്ടും വാര്‍ത്തകളില്‍


കോട്ടയം: അമേരിക്കയില്‍ കാര്‍ പാര്‍ക്കിംഗ് ജോലിയും കഫേകളില്‍ വെയ്റ്റര്‍ ജോലിയും നോക്കിപഠനത്തിനുള്ള പണം കണ്ടെത്തുകയും പിന്നീട് ഇന്റര്‍നെറ്റ് ടെക് ഭീമനായ ഗൂഗിള്‍ കഌഡ്‌സ് ആഗോള സിഇഒ ആയി മാറിയ കോട്ടയം പാമ്പാടി സ്വദേശി മലയാളികള്‍ക്ക് അഭിമാനമായി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.  

എ.ഐ രംഗത്തെ പുതിയ കണ്ടെത്തലുകള്‍ക്കായി വിശാഖപട്ടണത്ത് ഗൂഗിള്‍ നടപ്പാക്കുന്ന പദ്ധതിക്കുപിന്നില്‍ മലയാളിയായ തോമസ് കുര്യന്റെ ആശയമാണ് എന്നതാണ് പുതിയ മാധ്യമ തലക്കെട്ടുകള്‍ക്ക് ആധാരം. യു.എസിന് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമാണ് ഇന്ത്യയിലേക്ക് വരുന്നത്, 1.32 ലക്ഷം കോടി രൂപ. അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഒരുക്കം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധിക ചുങ്കം ഈടാക്കി ഇന്ത്യയെ നോവിക്കുമ്പോഴാണ് ഇത്രയും വലിയ നിക്ഷേപം ഗൂഗിള്‍ നടത്തുന്നത്.

ഗൂഗിള്‍ കഌഡ്‌സ് ആഗോള സി.ഇ.ഒ തോമസ് കുര്യന്‍ കോട്ടയം പാമ്പാടി സ്വദേശിയാണ്. കോത്തല പുള്ളോലിക്കല്‍ പരേതനായ പി.സി. കുര്യന്‍ അടൂര്‍ ആരപ്പുരയില്‍ കുടുംബാംഗം മോളി കുര്യന്‍ ദമ്പതികളുടെ നാലു മക്കളിലെ ഇരട്ടകളില്‍ ഒരാള്‍. തോമസ് കുര്യനും ഇരട്ട സഹോദരന്‍ ജോര്‍ജ് കുര്യനും പുറമേ മൂത്തസഹോദരന്‍മാരായ ജേക്കബ് കുര്യനും മാത്യു കുര്യനും ബെംഗളൂരുവിലെ സെന്റ് ജോസഫ്‌സിലായിരുന്നു സ്‌കൂള്‍ പഠനം. പിന്നീട് ജോര്‍ജും തോമസും ഒരേ പാതയിലായി. തിരഞ്ഞെടുത്തത് മദ്രാസ് ഐ.ഐ.ടി. ഒരു മാസത്തിനുള്ളില്‍ സ്‌കോളര്‍ഷിപ്പോടെ ഒരുമിച്ച് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലേക്ക്.  ഡേറ്റാബേസ് ബിസിനസില്‍ മാത്രം കാര്യമായി ശ്രദ്ധയൂന്നിയിരുന്ന ഓറക്കിളിനെ മിഡില്‍വെയര്‍ എന്ന ബിസിനസിലേക്ക് കൈപിടിച്ചുയര്‍ത്തിയാണ് 2018ല്‍ തോമസ് കുര്യന്‍ ഗൂഗിളിന്റെ ഭാഗമായത്. 
 
വെയ്റ്റര്‍ ജോലിചെയ്ത് പഠനം

അമേരിക്കയില്‍ കാര്‍ പാര്‍ക്കിംഗ് ജോലിയും കഫേകളില്‍ വെയ്റ്റര്‍ ജോലിയുമൊക്കെ നോക്കിയാണ് പഠനത്തിനുള്ള പണം തോമസ് കുര്യനും സഹോദരനും കണ്ടെത്തിയത്. കോളേജ് പഠനം കഴിഞ്ഞതോടെ ഇരുവരും ഓറക്കിളിലെത്തി. ഇരുവരും വിവാഹം കഴിച്ചത് അമേരിക്കന്‍ വനിതകളെ. അമേരിക്കയിലെ രണ്ട് പ്രമുഖ കഌഡ് കമ്പനികളുടെ സി.ഇ.ഒ സഹോദരങ്ങള്‍ എന്ന കൗതുകവുമുണ്ട്. ഗൂഗിള്‍ കഌഡ്‌സ് സി.ഇ.ഒ ആണ് തോമസ്. ജോര്‍ജ് നെറ്റ് ആപ്പ് സി.ഇ.ഒയും. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചയേക്കാള്‍ ആസ്തിയുണ്ട് ഇപ്പോള്‍ തോമസ് കുര്യന്.  1.88 ലക്ഷം തൊഴില്‍നേരിട്ടും അല്ലാതെയുമായി 1.88 ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ ഹബ്ബിലൂടെ വരുമെന്നാണ് പ്രതീക്ഷ. ഇത് ഐ.ടി മേഖലയില്‍ സ്വന്തം രാജ്യത്ത് ഉന്നത ശമ്പളമുള്ള തൊഴില്‍ നേടുന്നതിന് അവസരമാകും. ഇത് പുതിയ യുഗത്തിന്റെ തുടക്കമെന്നാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു പറഞ്ഞത്.