റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി മോഡി ഉറപ്പുനല്‍കി: ഡോണള്‍ഡ് ട്രംപ്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി മോഡി ഉറപ്പുനല്‍കി: ഡോണള്‍ഡ് ട്രംപ്


വാഷിംഗ്ടന്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പുനല്‍കിയതായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതികരിക്കാതെ ഇന്ത്യ. ഇന്ധനത്തിന് റഷ്യയെ ആശ്രയിക്കരുതെന്ന അമേരിരിക്കയുടെ അഭ്യര്‍ത്ഥന ഇന്ത്യന്‍ പ്രധാനമന്ത്രി സ്വീകരിച്ചുവെന്നും സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പ്പായിരിക്കും അതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇതേകുറിച്ചുള്ള ചോദ്യത്തിന് വാഷിംഗ്ടനിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. യുക്രെയ്‌നിനെതിരെ യുദ്ധം ചെയ്യുന്ന റഷ്യയ്ക്ക് അതിനുള്ള പണം ലഭിക്കുന്നത് ഇന്ത്യയും ചൈനയും വാങ്ങുന്ന ഇന്ധനത്തിലൂടെയാണെന്ന് ഇരു രാജ്യങ്ങളും അത് നിര്‍ത്തിയാലേ റഷ്യയെ സാമ്പത്തികമായി തളര്‍ത്തി യുദ്ധം അവസാനിപ്പിക്കനാകൂ എന്ന് ട്രംപ് ദീര്‍ഘകാലമായി പറയുന്നതാണ്.  

'റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ ഞാന്‍ ഒട്ടും സന്തുഷ്ടനായിരുന്നില്ല. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോഡി എനിക്ക് ഇന്ന് ഉറപ്പുനല്‍കി. അതൊരു വലിയ ചുവടുവയ്പ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാന്‍ ഞങ്ങള്‍ പ്രേരിപ്പിക്കും' - വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. കയറ്റുമതി ഉടനടി നിര്‍ത്താന്‍ ഇന്ത്യക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും എന്നാല്‍ ആ പ്രക്രിയ ഉടന്‍ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.

യുക്രെയ്നുമായുള്ള യുദ്ധം തുടരുന്ന റഷ്യയുടെ എണ്ണയില്‍ നിന്നുള്ള വരുമാനം വരുമാനം തടയാന്‍ യുഎസ് ശ്രമങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ആഗോള ഊര്‍ജ നയതന്ത്രത്തില്‍ ഒരു വഴിത്തിരിവാകും. റഷ്യന്‍ എണ്ണ ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളെയും ഇതു സ്വാധീനിച്ചേക്കാം.

റഷ്യയ്‌ക്കെതിരെ പലതരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം അവരെ സാമ്പത്തികമായി ഒറ്റപ്പെടുത്താന്‍ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടി ഉപയോഗിക്കാന്‍ ട്രംപ് ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന.