അഫ്ഗാനിസ്ഥാന്‍- പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ 48 മണിക്കൂര്‍ താത്ക്കാലിക വെടിനിര്‍ത്തല്‍

അഫ്ഗാനിസ്ഥാന്‍- പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ 48 മണിക്കൂര്‍ താത്ക്കാലിക വെടിനിര്‍ത്തല്‍


ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി ഏറ്റുമുട്ടലുകളില്‍ 48 മണിക്കൂര്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പാകിസ്ഥാന്‍ പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.  പാകിസ്ഥാനും അഫ്ഗാന്‍ താലിബാന്‍ ഭരണകൂടവും ഒക്ടോബര്‍ 15ന് വൈകുന്നേരം ആറു മണി മുതലാണ് 48 മണിക്കൂര്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 

അഫ്ഗാനിസ്ഥാനില്‍ കുറഞ്ഞത് 15 സാധാരണക്കാര്‍ കൂടി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വെടിനിര്‍ത്തല്‍. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്ത് ഏറ്റുമുട്ടലില്‍ കുറഞ്ഞത് ആറ് പാകിസ്ഥാന്‍ അര്‍ദ്ധസൈനികര്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ നടന്ന പുതിയ അക്രമത്തില്‍ 15 സാധാരണക്കാര്‍ മരിക്കുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

രാജ്യങ്ങളുടെ ഒന്നിലധികം അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാന്‍ സേനയും തമ്മില്‍ വലിയ ഏറ്റുമുട്ടലാണ് നടന്നത്. അതിര്‍ത്തി പോസ്റ്റുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായി ഇരുപക്ഷവും അവകാശപ്പെട്ടു. ഒക്ടോബര്‍ 11ന് നടന്ന 'പ്രതികാര' ആക്രമണങ്ങളില്‍ കുറഞ്ഞത് 58 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ ഭരണകൂടത്തിന്റെ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ രണ്ട് സ്‌ഫോടനങ്ങള്‍ നടന്ന് രണ്ട് ദിവസത്തിന് ശേഷമായിരുന്നു പ്രത്യാക്രമണമെന്ന പേരില്‍ അടിച്ചത്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും മോശം അതിര്‍ത്തി ഏറ്റുമുട്ടലുകളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളെ വിശേഷിപ്പിക്കുന്നത്.

ഇസ്ലാമാബാദ് സൈന്യം 200 താലിബാന്‍, അനുബന്ധമായി രംഗത്തുള്ളവര്‍ എന്നിവരെ കൊന്നപ്പോള്‍ തങ്ങളുടെ 23 സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ അധികൃതര്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പ് കാബൂളിലും തെക്കുകിഴക്കന്‍ പ്രവിശ്യയായ പക്തികയിലും നടന്ന ബോംബാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണെന്ന് താലിബാന്‍ സര്‍ക്കാര്‍ ആരോപിച്ചു. ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ ആരോപണങ്ങള്‍ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.