കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ തന്ത്രപരമായ പുതിയ നിലപാടുമായി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി. സ്‌കൂള്‍ അധികൃതരുടെ നിപാടിനെതിരെ മന്ത്രിയും വിദ്യാഭ്യാസ വകുപ്പും നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്നാണ് കൂടുതല്‍ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നത്.
വിഷയത്തില്‍ സ്‌കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നല്ലതാണെന്നും പ്രശ്‌നം അങ്ങനെ തീരുമെങ്കില്‍ അവിടെ വച്ച് അവസാനിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.
ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി. ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയതായി അറിഞ്ഞു. അങ്ങനെ പ്രശ്‌നം തീരുമെങ്കില്‍ തീരട്ടെ. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ്, ശിരോവസ്ത്രം ഇല്ലാതെ കുട്ടിയെ സ്‌കൂളില്‍ അയക്കാമെന്ന് സമ്മതിച്ചു എന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ പ്രശ്‌നം അവസാനിച്ചുവെന്ന് മന്ത്രി പറഞ്ഞു.
എന്തിന്റെ പേരിലായാലും ഒരു കുട്ടിയുടെ പഠനത്തിനുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഇടപെട്ടത്. ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തി. റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. നിയമാനുസരണം സ്‌കൂള്‍ റിപ്പോര്‍ട്ടിനുള്ള മറുപടി തരേണ്ടതുണ്ട്. മറുപടി ലഭിച്ചാലും പ്രശ്‌നം കൂടുതല്‍ വഷളാക്കേണ്ടതില്ലെന്ന്' മന്ത്രി പറഞ്ഞു. പ്രശ്‌നം ഇവിടെവച്ച് അവസാനിപ്പിക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയും കോടതി വിധികളും ദേശിയസംസ്ഥാന വിദ്യാഭ്യാസ നിയമവും അനുസരിച്ചും തുടര്‍ന്നും സ്‌കൂള്‍ പ്രവൃത്തിക്കേണ്ടതാണ്. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശാന്തമായ അന്തരീക്ഷത്തില്‍ നടക്കണം. അവിടെ ജാതിയുടെയോ മതത്തിന്റെയോ വസ്ത്രത്തിന്റെയോ ഭക്ഷണത്തിന്റെയോ കാര്യത്തില്‍ യാതൊരു സംഘര്‍ഷവും ഉണ്ടാകാന്‍ പാടില്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ നയം അതുതന്നെയാണ്. 2016 മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന നയവും അതുതന്നെയാണെന്ന്,' മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിയുടെ മുന്‍ പരാമര്‍ശത്തിനെതിരെ സീറോ മലബാര്‍ സഭ രംഗത്തുവന്നിരുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പായിട്ടും മന്ത്രി മറ്റൊരു നിലപാട് സ്വീകരിച്ചതില്‍ ആശങ്കയുണ്ടെന്നാണ് സീറോമലബാര്‍ സഭ പ്രസ്താവനയില്‍ പ്രതികരിച്ചത്.
പള്ളൂരുത്തി സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ നിന്ന് തലയൂരി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി
