കൊച്ചി: മൂവാറ്റുപുഴയില്‍ കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് പന്തല്‍ പൊളിഞ്ഞു വീണു. പ്രവര്‍ത്തകര്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി.
യുഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ മൂന്ന് മേഖലകളിലായി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണജാഥ മധ്യകേരളത്തില്‍ മൂവാറ്റുപുഴയില്‍ നിന്നായിരുന്നു ആരംഭിക്കേണ്ടിയിരുന്നത്. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി അടക്കം പ്രധാനപ്പെട്ട നേതാക്കള്‍ ഒത്തുചേരുന്ന വേദിയില്‍ ഉദ്ഘാടനത്തിന് തൊട്ടുമുന്‍പാണ് പന്തല്‍ പൊളിഞ്ഞുവീണത്. പന്തല്‍ തകര്‍ന്നു വീഴുന്നത് ശ്രദ്ധയില്‍പെട്ട പ്രവര്‍ത്തകര്‍ ഒഴിഞ്ഞുമാറിയതോടെ വലിയ അപകടം ഒഴിവായി. ദീപദാസ് മുന്‍ഷി വേദിയില്‍ എത്തിയിട്ടുണ്ടായിരുന്നില്ല. നിരവധി പ്രവര്‍ത്തകര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയാണ് അപകടകാരണമെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
പന്തലുകാരെ വിളിച്ച് അന്വേഷിക്കും. പ്രധാനപ്പെട്ട നേതാക്കളെല്ലാം എത്തിച്ചേര്‍ന്നുകൊണ്ടിരിക്കെയാണ് പൊളിഞ്ഞുവീഴുന്നത്. ആരും മനഃപൂര്‍വം ചെയ്തുവെന്ന് കരുതുന്നില്ല' എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പന്തല്‍ പൊളിഞ്ഞുവീണതോടെ പരിപാടി അല്‍പസമയം തടസ്സപ്പെട്ടെങ്കിലും പ്രവര്‍ത്തകരുടെ സഹായത്തോടെ പുനഃക്രമീകരിച്ചതിന് ശേഷം വീണ്ടും തുടര്‍ന്നു.
മൂവാറ്റുപുഴയില്‍ കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടനം പന്തല്‍ തകര്‍ന്നുവീണു
