കൊച്ചി: ക്രിസ്ത്യന്‍ മാനേജ്‌മെന്റിനുകീഴിലുള്ള പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ മുസ്‌ലിം വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ച് എത്തുന്നതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിനിടയില്‍ വിദ്യാഭ്യാസ മന്ത്രി നടത്തിയ ഇടപെടല്‍ ആശങ്ക സൃഷ്ടിക്കുന്നതായി സീറോ മലബാര്‍ സഭ.
യൂണിഫോം ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കൂളിലെ നിബന്ധനകള്‍ നിലനില്‍ക്കെ തനിക്ക് ഹിജാബ് ധരിക്കാന്‍ അനുമതിവേണമെന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആവശ്യം സ്‌കൂള്‍ അധികൃതര്‍ തള്ളിയതാണ് വിവാദത്തിന്റെ തുടക്കം. കുട്ടിക്ക് ഹിജാബ് ധരിക്കാന്‍ സ്‌കൂള്‍ അനുമതിനിഷേധിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ സംഭവം ആളിക്കത്തിക്കാന്‍ ചിലകേന്ദ്രങ്ങള്‍ ശ്രമിച്ചതോടെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു. ഈ വിഷയത്തില്‍ കേരള ഹൈക്കോടതിയും വിദ്യാഭ്യാസ വകുപ്പും ഇടപെട്ടതോടെ പ്രശ്‌നം പരിഹാരിക്കാന്‍ എറണാകുളം എംപി ഹൈബി ഈഡന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതരും പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കുടുംബവുമായി ചര്‍ച്ചകള്‍ നടത്തി. പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെന്ന് കഴിഞ്ഞ ദിവസം ഹൈബി മാധ്യമങ്ങളെ അറിയിച്ചിരുന്നു.
സ്‌കൂള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ തയ്യാറാണെന്നും വര്‍ഗീയവാദികള്‍ക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് അനസ് വ്യക്തമാക്കി. ബിജെപി ആര്‍ എസ് എസ് ശക്തികള്‍ ബോധപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും വര്‍ഗീയമായ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡന്‍ എം പി പറഞ്ഞു.
ഇതിനിയിലാണ് ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചത്. വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, വിദ്യാര്‍ത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ പരിഹരിച്ച തര്‍ക്കം വിദ്യാഭ്യാസമന്ത്രി ഇടപെട്ട് വീണ്ടും കുത്തിപ്പൊക്കാനാണ് ശ്രമിക്കുന്നതെന്ന് സീറോ മലബാര്‍ സഭ ആരോപിച്ചു. മന്ത്രിയുടെ ഇടപെടല്‍ ആശങ്കാജനകമാണെന്നാണ് സഭ വിലയിരുത്തിയത്. സ്‌കൂള്‍ വിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംഘര്‍ഷത്തിലേക്ക് കടക്കരുതെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തര്‍ക്കം പരിഹരിച്ചതിന്റെ അടിസ്ഥാനത്തില്‍ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ രണ്ടുദിവസത്തിനുശേഷം വീണ്ടും തുറന്നു. എന്നാല്‍ ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്തില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ്. സ്‌കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി തര്‍ക്കപരിഹാരത്തിന് ഇടപെട്ട ഹൈബി ഈഡന്‍ എംപി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.