വാഷിംഗ്ടൺ: ഗാസയിൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചക്ക് തുടക്കം കുറിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആദ്യഘട്ട കരാർ വ്യവസ്ഥകൾ ഹമാസ് പാലിച്ചാൽ ഗാസയിൽ ശാശ്വത സമാധാനം ഉറപ്പു വരുത്താനുള്ള നടപടികൾ സുഗമമായി നടക്കുമെന്നും വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകർക്കു മുമ്പാകെ ട്രംപ് വ്യക്തമാക്കി.
ആയുധങ്ങൾ കൈമാറാൻ ഹമാസിനോട് അമേരിക്ക നേരിട്ട് ആവശ്യപ്പെട്ടതായും ട്രംപ് വെളിപ്പെടുത്തി. ഹമാസ് ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം അക്രമാസക്തമായ നടപടികളിലൂടെ അമേരിക്ക തന്നെ ഇക്കാര്യം നടപ്പാക്കുമെന്നും ട്രംപ് താക്കീത് നൽകി. അതേസമയം, ഗാസയിൽ ക്രിമിനൽ സായുധ സംഘങ്ങളെ അമർച്ച ചെയ്യുന്ന ഹമാസ് നടപടിയെ പിന്തുണക്കാനും ട്രംപ് മറന്നില്ല.
അതിനിടെ, കൂടുതൽ ഇസ്രായേൽ ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറി. ഇന്ന് പുലർച്ചെ ഗാസയിൽ റെഡ്‌ക്രോസ് സംഘമാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. കരാർപ്രകാരം മൃതദേഹങ്ങൾ കൈമാറുന്നില്ലെങ്കിൽ ഗാസയിലേക്ക് സഹായം വിലക്കുന്നതുൾപ്പെടെ കടുത്ത നടപടി സ്വീകരിക്കമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഗാസയിലേക്ക് അയക്കുന്ന ട്രക്കുകളുടെ എണ്ണം പകുതിയാക്കിയ ഇസ്രായേൽ, റഫ അതിർത്തി അടച്ചിടാനും തീരുമാനിച്ചു. ഇതോടെ അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും ഇടപെടുകയായിരുന്നു. വെടിനിർത്തൽ ധാരണയും ലോകനേതാക്കളുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ച സമാധാന കരാറും ലംഘിച്ച് ഗാസയിൽ ഇന്നലെ ഒമ്പത് പലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തി. വീടുകളിലേക്ക് തിരികെ യാത്ര തുടങ്ങിയ പലസ്തീനികളെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിലും വെടിവെപ്പിലുമാണ് മരണമുണ്ടായത്. സൈന്യം നിശ്ചയിച്ച യെല്ലോ ലൈൻ മറികടന്ന് തങ്ങൾക്കരികിലെത്തിയപ്പോൾ വെടിവെച്ചുവെന്നാണ് സൈന്യത്തിന്റെ വാദം. ഗാസയിൽ താൽക്കാലിക ഭരണസംവിധാനത്തലേക്കുള്ള 15 പലസ്തീൻ ടെക്‌നോക്രാറ്റുകളുടെപേരുകൾ തീരുമാനിച്ചതായി മധ്യസ്ഥ രാജ്യമായ ഈജിപ്ത് അറിയിച്ചു. ഇസ്രായേലും ഹമാസും പലസ്തീൻ സംഘടനകളും പേരുകൾ അംഗീകരിച്ചതായും ഈജിപ്ത് വിദേശകാര്യ മന്ത്രി അറിയിച്ചു.
ഹമാസ് ആയുധങ്ങൾ കൈമാറണം; ഇല്ലെങ്കിൽ അക്രമാസക്ത നടപടികളിലൂടെ അമേരിക്ക തന്നെ അത് നടപ്പാക്കും-ട്രംപ്
