വ്യാപാരയുദ്ധം മുറുക്കി അമേരിക്ക: ചൈനയിലെ റിജാവോ തുറമുഖത്തിന് ഉപരോധം; എണ്ണക്കപ്പലുകള്‍ വഴിതിരിച്ചുവിട്ടു

വ്യാപാരയുദ്ധം മുറുക്കി അമേരിക്ക: ചൈനയിലെ റിജാവോ തുറമുഖത്തിന് ഉപരോധം; എണ്ണക്കപ്പലുകള്‍ വഴിതിരിച്ചുവിട്ടു


ബീജിംഗ്:  ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം കൂടുതല്‍ കഠിനമായ നടപടികളിലേക്ക് കടക്കുന്നു. ഇറാന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ചൈനയിലെ റിജാവോ തുറമുഖത്തിന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഉപരോധം പ്രഖ്യാപിച്ചതാണ് ഏറ്റവും പുതിയ നീക്കം. റിജാവോ ഷിന്‍ഹ്വ ക്രൂഡ് ഓയില്‍ ടെര്‍മിനല്‍, ഒരു എണ്ണ റിഫൈനറി, എണ്ണക്കപ്പലുകള്‍ എന്നിവയ്ക്കും 100ലേറെ വ്യക്തികള്‍ക്കുമാണ് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്.

യുഎസിന്റെ അപ്രതീക്ഷിത നടപടിയില്‍ കുടുങ്ങിയ ചൈനയിലെ വമ്പന്‍ എണ്ണ വിതരണക്കമ്പനിയായ സിനോപെക്, റിജാവോ ടെര്‍മിനലിലേക്ക് വരികയായിരുന്ന കൂറ്റന്‍ എണ്ണക്കപ്പലിനെ വഴിതിരിച്ചുവിട്ടു. ഇതുവഴിയുള്ള നഷ്ടം നികത്താനായി ചില എണ്ണ റിഫൈനറികളോട് കമ്പനി പ്രോസസിങ് ഫീസ് വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച റിജാവോയിലേക്ക് എത്തേണ്ടിയിരുന്ന ന്യൂ വിസ്ത എന്ന സൂപ്പര്‍ ടാങ്കറിനെയാണ് മറ്റു തുറമുഖങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്.

നിന്‍ഗ്‌ബോ, ചൗഷാന്‍ തുറമുഖങ്ങളില്‍ വ്യാഴാഴ്ചയാണ് ഇനി കപ്പല്‍ എത്തുക. 20 ലക്ഷം ബാരല്‍ ഇറാന്‍ എണ്ണ കപ്പലിലുണ്ട്. ഇറാനിയന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കും നീക്കം ചെയ്യുന്ന ടാങ്കറുകള്‍ക്കും ഇതുമായി ബന്ധപ്പെട്ടവര്‍ക്കും ഉപരോധം ബാധകമാകും. സിനോപെക്കിന്റെ ചൈനയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയില്‍ അഞ്ചിലൊന്നും വന്നിരുന്നത് റിജാവോ വഴിയായിരുന്നു.

യുഎസിന്റെ ഉപരോധമുള്ള ഇറാന്റെ എണ്ണ നീക്കംചെയ്യുന്നതിന്റെ പേരിലാണ് ഉപരോധം. യുദ്ധം, ആണവായുധ നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇറാനു പണം ലഭിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് ഇറാനുമേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്.

യുഎസില്‍ എത്തുന്ന ചൈനീസ് കപ്പലുകള്‍ക്ക് ട്രംപ് ഭരണകൂടവും ചൈനയിലെത്തുന്ന യുഎസ് കപ്പലുകള്‍ക്ക് ഷി ഗവണ്‍മെന്റും തുറമുഖ ചുങ്കം കുത്തനെ കൂട്ടിയതും വ്യാപാരയുദ്ധത്തെ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. യുഎസ് 50 ഡോളറായി ഫീസ് ഉയര്‍ത്തിയപ്പോള്‍ ചൈന 56 ഡോളറായാണ് ഫീസ് കൂട്ടിയത്.

ഇതിനിടെ, ദക്ഷിണ കൊറിയയില്‍ പ്രവര്‍ത്തിക്കുന്ന 5 യുഎസ് കമ്പനികളെയും ചൈന കരിമ്പട്ടികയില്‍പ്പെടുത്തി. ഹന്‍വ ഷിപ്പിങ്, ഹന്‍വ ഫില്ലി ഷിപ്പ്!യാര്‍ഡ്, ഹന്‍വ ഓഷന്‍ യുഎസ്എ ഇന്റര്‍നാഷനല്‍, ഹന്‍വ ഷിപ്പിങ് ഹോള്‍ഡിഹ്‌സ്, എച്ച്എസ് യുഎസ്എ ഹോള്‍ഡിങ്‌സ് കോര്‍പറേഷന്‍ എന്നിവയ്‌ക്കെതിരെയാണ് ചൈനയുടെ നടപടി.

ഇതേത്തുടര്‍ന്ന് ഹന്‍വ ഓഷന്റെ ഓഹരിവില 8 ശതമാനത്തിലേറെ ഇടിയുകയും ചെയ്തു. യുഎസ് തുറമുഖ, കപ്പല്‍ നിര്‍മാണമേഖലയെ കേന്ദ്രീകരിച്ച് യുഎസ് നടത്തുന്ന ചില അന്വേഷണങ്ങളില്‍ പങ്കുവഹിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രതികരിച്ചു.