ഗയ: ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവര്‍ തന്നോടു പ്രകടിപ്പിക്കുന്ന സ്‌നേഹവും ബന്ധവും ആത്മാര്‍ത്ഥമാണോ എന്ന് അറിയാനും താന്‍ മരിക്കുമ്പോള്‍ മറ്റുള്ളവര്‍ ആ സ്‌നേഹം അതേ പടി നിലനിര്‍ത്തുമോ എന്നറിയാനും എന്താണ് മാര്‍ഗ്ഗം? മരിച്ചതുപോലെ അഭിനയിക്കുക. മരണവാര്‍ത്ത നാട്ടുകാരെ അറിയിച്ച് സംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിക്കുക. കേള്‍ക്കുമ്പോള്‍ അല്പം കടന്ന കൈ ആണെന്നു തോന്നാം. പക്ഷെ ബിഹാറിലെ ഗയ ജില്ലയില്‍ 74 കാരനായ റിട്ട. വ്യോമസേന ഉദ്യോഗസ്ഥനും പൊതു പ്രവര്‍ത്തകനുമായ മോഹന്‍ ലാലാണ് വിചിത്രമായ ഈ പരീക്ഷണം നടത്തിയത്.
മരിച്ചതായി അഭിനയിച്ച് അറിയിപ്പ് നല്‍കി മരണആനന്തര ചടങ്ങുകള്‍ക്കും ഘോഷയാത്രയ്ക്കും ശേഷം വിലാപയാത്രയായി ശ്മശാനത്തിലേക്ക് പോകുമ്പോഴാണ് താന്‍ മരിച്ചിട്ടില്ലെന്ന കാര്യം ഇയാള്‍ എല്ലാവരെയും അറിയിക്കുന്നത്.
ഗയ ജില്ലയിലെ കൊന്‍ഞ്ചി ഗ്രാമത്തില്‍ താമസിക്കുന്ന മോഹന്‍ ലാലിന്റെ മരണവാര്‍ത്ത കേട്ട് നൂറുകണക്കിനാളുകളാണ് എത്തിയത്. 'മൃതദേഹ'വുമായുള്ള വിലാപയാത്ര ശ്മശാനത്തിലെത്തിയപ്പോള്‍ പെട്ടെന്ന് തന്നെ മോഹന്‍ ലാല്‍ എഴുന്നേല്‍ക്കുകയായിരുന്നു. അത് കണ്ട് എല്ലാവരും ഞെട്ടി. താന്‍ മരിക്കുമ്പോള്‍ ആരെല്ലാമാണ് കാണാന്‍ എത്തുക എന്നറിയാന്‍ വേണ്ടിയാണ് വ്യാജ ശവസംസ്‌കാരം നടത്തിയതെന്ന് മോഹന്‍ ലാല്‍ പറഞ്ഞു.
ജീവിച്ചിരിക്കുമ്പോള്‍ ഒരാളോടുള്ള അടുപ്പവും ബഹുമാനവും മരണശേഷമുള്ള കണ്ണീരിനേക്കാള്‍ വിലപ്പെട്ടതാണെന്ന് ആളുകളെ ചിന്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'വ്യാജ ശവസംസ്‌കാരം' നടത്തിയതെന്ന് അദ്ദേഹം പറ!ഞ്ഞു. ''ഒരാള്‍ മരിച്ചാല്‍ അവരുടെ ശവസംസ്‌കാര ചടങ്ങില്‍ ആരെല്ലാം പങ്കെടുത്തു എന്ന് അറിയാന്‍ കഴിയില്ല. എനിക്ക് അത് അനുഭവിക്കണമായിരുന്നു. ആളുകള്‍ക്ക് എന്നോട് എത്രമാത്രം ബഹുമാനവും സ്‌നേഹവുമുണ്ടെന്നും എനിക്ക് മനസ്സിലാക്കണമായിരുന്നു''–മോഹന്‍ ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ ഭാര്യ 14 വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. 2 മക്കളുണ്ട്.
മരിക്കുമ്പോള്‍ ആരൊക്കെ കാണാന്‍ വരുമെന്നറിയാന്‍ മരണം അഭിനയിച്ച് സംസ്‌കാരചടങ്ങുകള്‍ നടത്തി 74 കാരന്‍
