അമേരിക്കയില്‍ ഹൈ സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ക്കുള്ള ഗ്രീന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം വരുന്നു

അമേരിക്കയില്‍ ഹൈ സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ക്കുള്ള ഗ്രീന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം വരുന്നു


വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഉയര്‍ന്ന വൈദഗ്ദ്ധ്യം ആവശ്യമുള്ള ജോലികള്‍ (ഹൈ സ്‌കില്‍ഡ് പ്രൊഫഷണലുകള്‍) ഗ്രീന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം വരുന്നു. ഹൈ സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ അടിസ്ഥാനത്തിലുള്ള ഗ്രീന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആണ് ഒരുങ്ങുന്നത്. 2026 ജനുവരിയോടെ പ്രസിദ്ധീകരിക്കാന്‍ സാധ്യതയുള്ള ഈ പുതിയ നിയമം, അസാധാരണ കഴിവുകളുള്ള വ്യക്തികള്‍ക്കും മികച്ച പ്രൊഫസര്‍മാര്‍ക്കും ഗവേഷകര്‍ക്കും വേണ്ടിയുള്ള വിഭാഗങ്ങളെ പരിഷ്‌കരിക്കും.

ഈ പുതിയ നിയമം വഴി, തൊഴില്‍ അടിസ്ഥാനത്തിലുള്ള ഗ്രീന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നവരുടെ യോഗ്യതാ മാനദണ്ഡങ്ങളും സമര്‍പ്പിക്കേണ്ട രേഖകളുടെ നിലവാരവും മെച്ചപ്പെടുത്താനാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള ആദ്യത്തെയും രണ്ടാമത്തെയും തൊഴില്‍ മുന്‍ഗണനാ വിഭാഗങ്ങളിലെ (ഇബി1, ഇബി2) അപേക്ഷകളുടെ അവലോകനത്തില്‍ കൂടുതല്‍ സ്ഥിരത കൊണ്ടുവരാനും തെളിവുകള്‍ വ്യാഖ്യാനിക്കുന്നതിലെ അന്തരങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.

ഈ നീക്കം, വൈദഗ്ധ്യമുള്ള വിദേശ പ്രതിഭകളെ അമേരിക്കയിലേക്ക് ആകര്‍ഷിക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ മുന്‍കാല ശ്രമങ്ങളുടെ തുടര്‍ച്ചയാണ്. 2022 ജനുവരിയില്‍, പ്രത്യേക വിസ വിഭാഗങ്ങളായ ഒ1എ വിസയും നാഷണല്‍ ഇന്‍ട്രസ്റ്റ് വെയ്‌വറും (ചകണ) കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ തൊഴിലുടമകളെയും വിദഗ്ധ തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം എന്നീ മേഖലകളിലെ ലോകോത്തര പ്രതിഭകളെ ആകര്‍ഷിക്കാനും രാജ്യത്തിന്റെ നവീകരണ ശേഷി വര്‍ധിപ്പിക്കാനും ഇത് ലക്ഷ്യമിട്ടു.

ശാസ്ത്രം, വിദ്യാഭ്യാസം, ബിസിനസ്, കായികം എന്നീ മേഖലകളില്‍ അസാധാരണമായ കഴിവുകളുള്ള വ്യക്തികള്‍ക്ക് വേണ്ടിയുള്ളതാണ് എച്ച് 1 എഫ് വിസ. കല, സിനിമ, ടെലിവിഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല. നാഷണല്‍ ഇന്‍ട്രസ്റ്റ് വെയ്‌വര്‍ (ചകണ) എന്നത് എംപ്ലോയ്‌മെന്റ് ബേസ്ഡ് 2 (ഇബി2) വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചില അപേക്ഷകര്‍ക്ക് പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്‌മെന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്. സാധാരണയായി, ഒരു ജോലിക്ക് യോഗ്യരായ അമേരിക്കന്‍ തൊഴിലാളികള്‍ ലഭ്യമല്ലെന്ന് തൊഴിലുടമകള്‍ തെളിയിക്കേണ്ട ഒരു ഘട്ടമാണിത്. എന്നാല്‍ നാഷണല്‍ ഇന്‍ട്രസ്റ്റ് വെയ്‌വര്‍ വഴി, അവരുടെ ജോലി രാജ്യതാല്‍പര്യത്തിന് ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടാല്‍ അപേക്ഷകര്‍ക്ക് നേരിട്ട് ഇമിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കാം.

2022ലെ നയപരമായ മാറ്റങ്ങള്‍ക്ക് ശേഷം, ഒ1എ വിസയ്ക്കും നാഷണല്‍ ഇന്‍ട്രസ്റ്റ് വെയ്‌വറിനും ഉള്ള അപേക്ഷകളില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 7,710 ആയിരുന്ന ഒ1എ വിസ അപേക്ഷകള്‍ 2023ല്‍ 10,010 ആയി ഉയര്‍ന്നു. ഈ വിസ വിഭാഗത്തിന് വാര്‍ഷിക പരിധി ഇല്ലാത്തതിനാല്‍, യോഗ്യരായ അപേക്ഷകര്‍ക്ക് ഇത് കൂടുതല്‍ സൗകര്യപ്രദമായ ഒരു മാര്‍ഗമായി മാറിയിട്ടുണ്ട്. നാഷണല്‍ ഇന്‍ട്രസ്റ്റ് വെയ്‌വര്‍ അപേക്ഷകളാകട്ടെ ഇതിലും വലിയ വര്‍ധനവ് രേഖപ്പെടുത്തി. 2021നും 2022നും ഇടയില്‍ 51 ശതമാനം വര്‍ധനവ് ഉണ്ടായെന്നും 2023ല്‍ ഇത് വീണ്ടും 81 ശതമാനം വര്‍ധിച്ചെന്നും നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ കാലയളവില്‍ അപേക്ഷകളുടെ അപ്രൂവല്‍ റേറ്റ് കുറഞ്ഞിട്ടുണ്ട്.

പുതിയ നിയമത്തിന്റെ കരട് ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത് സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവരുടെ തെളിവ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനും കൂടുതല്‍ സൂക്ഷ്മപരിശോധന നടത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ നിയമം തീരുമാനമെടുക്കുന്നതില്‍ കൂടുതല്‍ സ്ഥിരത കൊണ്ടുവരുമെങ്കിലും, അസാധാരണമായ കഴിവുകളോ ദേശീയ പ്രാധാന്യമോ തെളിയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉയര്‍ന്നേക്കാം.
മാനദണ്ഡങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുകയാണെങ്കില്‍, അപേക്ഷകര്‍ക്ക് വ്യാഖ്യാനിക്കാന്‍ കുറഞ്ഞ ഇടം ലഭിക്കുമെങ്കിലും രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാമെന്ന് ഒരു കുടിയേറ്റ അഭിഭാഷകന്‍ ബിസിനസ് സ്റ്റാന്‍ഡേഡിനോട് പറഞ്ഞു. ഈ നിയമം നിലവില്‍ കരട് ഘട്ടത്തിലാണ്. 2026 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ശേഷം പൊതുജനാഭിപ്രായം തേടാനായി തുറന്നുകൊടുക്കും. തൊഴിലുടമകള്‍, സര്‍വ്വകലാശാലകള്‍, വിവിധ സംഘടനകള്‍ എന്നിവ ഈ കൂടിയാലോചന കാലയളവില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.