കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് നോട്ടീസ്. ഹര്‍ജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് കേസ്. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ സെഷന്‍സ് കോടതി വിധിയില്‍ പിഴവുണ്ടെന്നും നിയമ വിരുദ്ധമാണ് എന്നുമാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം. പൊലീസ് നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്.
പ്രതി നല്‍കിയ സാക്ഷിമൊഴി മാത്രം പരിഗണിച്ചാണ് കോടതിയുടെ നടപടി. തെളിവായി സ്വീകരിക്കാന്‍ കഴിയാത്ത രേഖകള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതിയുടെ നടപടി. എസ് സി എസ് ടി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്നെല്ലാമാണ് സര്‍ക്കാരിന്റെ വാദം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്യക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കോഴ നല്‍കിയെന്നാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ആറ് നേതാക്കള്‍ക്കെതിരായ ആരോപണം.