ആഗോള റാങ്കിംഗില്‍ യു എസ് പാസ്‌പോര്‍ട്ടിന്റെ 'ശക്തി' ഇടിഞ്ഞു

ആഗോള റാങ്കിംഗില്‍ യു എസ് പാസ്‌പോര്‍ട്ടിന്റെ 'ശക്തി' ഇടിഞ്ഞു


ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും സ്വാധീനമുള്ള പാസ്്‌പോര്‍ട്ടുകളുടെ ഹെന്‍ലി സൂചിക പ്രകാരം യു എസ് പാസ്‌പോര്‍ട്ടിന് ഇടിവ്. പന്ത്രണ്ടാം സ്ഥാനത്താണ് യു എസ് പാസ്‌പോര്‍ട്ട്. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ സ്ഥാനത്തെത്തിയത്. 

20 വര്‍ഷത്തിനിടെ ആദ്യമായാണ് യു എസ് പാസ്പോര്‍ട്ട് ഏറ്റവും സ്വാധീനമുള്ള ആദ്യ 10 സ്ഥാനങ്ങളില്‍ നിന്നും പുറത്തായത്. 2014ല്‍ ഒന്നാം സ്ഥാനത്തായിരുന്നു. പുതിയ റാങ്കിംഗില്‍ മലേഷ്യയ്ക്കൊപ്പമാണ് യു എസ് 12-ാം സ്ഥാനം നേടിയത്. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് 227 രാജ്യങ്ങളില്‍ 180 എണ്ണത്തിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കും. 

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനുമായി (അയാട്ട) സഹകരിച്ചാണ് ലണ്ടന്‍ ആസ്ഥാനമായ ഹെന്‍ലി ആന്റ് പാര്‍ട്ണേഴ്സ് പാസ്‌പോര്‍ട്ട് സൂചികയിലേക്കുള്ള വിവരങ്ങള്‍ സമാഹരിച്ചത്. വിസ ആവശ്യമില്ലാതെ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് പാസ്പോര്‍ട്ടുകളെ റാങ്ക് ചെയ്യുന്നത്. വിസ രഹിത ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം കൂടുന്തോറും പാസ്പോര്‍ട്ട് 'ശക്തമാകും'.

സിംഗപ്പൂരാണ് റാങ്കിംഗില്‍ ഒന്നാമത്. 2025ല്‍ പട്ടികയില്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നത്. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് 193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. 190 രാജ്യങ്ങളുമായി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും 189 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര വാഗ്ദാനം ചെയ്യുന്ന ജപ്പാന്‍ മൂന്നാം സ്ഥാനവും നിലനിര്‍ത്തി. യു എസ്, യു കെ തുടങ്ങിയ പരമ്പരാഗത പാശ്ചാത്യ ശക്തികളുടെ ആധിപത്യം നഷ്ടപ്പെടുന്നതാണ് പുതിയ പട്ടിക തെളിയിക്കുന്നത്. ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും താഴെയാണ് യു എസ് പാസ്പോര്‍ട്ടിന്റെ സ്ഥാനം. 

കഴിഞ്ഞ വര്‍ഷത്തെ 80-ാം സ്ഥാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2025-ല്‍ ഇന്ത്യയുടെ പാസ്പോര്‍ട്ട് 85-ാം സ്ഥാനത്തേക്കാണ് താഴ്ന്നത്. ശ്രീലങ്ക, ഫിലിപ്പീന്‍സ്, നിരവധി ആഫ്രിക്കന്‍, കരീബിയന്‍ രാജ്യങ്ങള്‍ തുടങ്ങി സമീപകാലത്ത് നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാനാവുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചിരുന്നു.

ചൈനയുടെ പാസ്പോര്‍ട്ടും ഗണ്യമായ പുരോഗതി കൈവരിച്ചു. 2015-ല്‍ 94-ാം സ്ഥാനത്തുണ്ടായിരുന്ന ചൈന 2025-ല്‍ 64-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തെക്കേ അമേരിക്ക, ഗള്‍ഫ് മേഖല, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളുമായുള്ള പുതിയ വിസ രഹിത കരാറുകളാണ് ചൈന ഇക്കാലത്തുണ്ടാക്കിയത്. 

വിവിധ അന്താരാഷ്ട്ര വിസ മാറ്റങ്ങള്‍ മൂലമാണ് യു എസ് പാസ്പോര്‍ട്ടിന് റാങ്കിംഗില്‍ ഇടിവുണ്ടായത്. 2025 ഏപ്രിലില്‍ യു എസ് പൗരന്മാര്‍ക്കുള്ള വിസ രഹിത പ്രവേശനം അവസാനിപ്പിക്കാനുള്ള ബ്രസീല്‍ തീരുമാനവും ചൈനയുടെയും വിയറ്റ്‌നാമിന്റെയും പട്ടികയില്‍ നിന്ന് യു എസിനെ ഒഴിവാക്കിയതും ഇടിവിന് കാരണമായി. 

സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി, ലക്‌സംബര്‍ഗ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, 

ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, ഗ്രീസ്, ഹംഗറി, ന്യൂസിലാന്‍ഡ്, നോര്‍വേ, പോര്‍ച്ചുഗല്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, ചെക്ക് റിപ്പബ്ലിക്, മാള്‍ട്ട, പോളണ്ട്, ക്രൊയേഷ്യ, എസ്റ്റോണിയ, സ്ലൊവാക്യ, സ്ലൊവേനിയ, യു എ ഇ, യു കെ, കാനഡ, ലാത്വിയ, ലിച്ചെന്‍സ്‌റ്റൈന്‍, ഐസ്ലാന്‍ഡ്, ലിത്വാനിയ, യു എസ് എ, മലേഷ്യ എന്നിവയാണ് ആദ്യ പത്ത് റാങ്കിലുള്ള രാജ്യങ്ങള്‍.